കാസ്പറോവ്, ചതുരംഗക്കളത്തിലെ കാര്‍ക്കശ്യക്കാരന്‍! തന്ത്രങ്ങള്‍ മിനുക്കി രാഷ്ട്രീയത്തിലും അതേ കൂര്‍മതയോടെ

By P R Vandana  |  First Published Nov 9, 2022, 6:59 PM IST

99ല്‍ കാസ്പറോവ് സ്വന്തം പേരില്‍ കുറിച്ച 2851 എന്ന കൂറ്റന്‍ പോയിന്റ് നില ഏറ്റവും വലുതായി 2013വരെ നിലനിന്നു. (2013ല്‍ അത് മറികടന്നത് കാള്‍സെന്‍ ആണ്). 2000ല്‍ ക്രാംനിക്കിനോട് അടിയറവ് പറയുംവരെ കാസ്പറോവ് ആയിരുന്നു ക്ലാസിക്കല്‍ വേള്‍ഡ് ചെസ് ചാംപ്യന്‍ഷിപ്പിന്റെ അവകാശി.


37 വര്‍ഷം മുമ്പൊരു നവംബര്‍ ഒമ്പതിന് കായിക ലോകത്തിന് അഭിമാനവും തിലകക്കുറിയുമായി ചതുരംഗക്കളം വാണരുളാന്‍ ഏറ്റവും പ്രായം കുറഞ്ഞ ഒരു താരമെത്തി. അതുവരെ കറുപ്പും വെളുപ്പും കളങ്ങളുടെ മനസ്സറിഞ്ഞു വാണ അനറ്റോളി കാര്‍പറോവിനെ ഇരുപത്തി രണ്ടാം വയസ്സില്‍ അടിയറവ് പറയിച്ചത് ഗാരി കാസ്പറോവ്. 2005ല്‍ പ്രൊഫഷണല്‍ ചെസ് ലോകത്തില്‍ നിന്ന് വിരമിക്കും വരെ കാസ്പറോവ് നിറങ്ങള്‍ മാറി നില്‍ക്കുന്ന കളങ്ങളില്‍ നിന്ന് നേടിയത് നേട്ടങ്ങളുടെ നീണ്ട പട്ടിക. ലോകത്തെ ഒന്നാം നമ്പര്‍ താരമെന്ന സ്ഥാനത്ത് 255 മാസം, ഏറ്റവും കൂടുതല്‍ തുടര്‍ച്ചയായ വിജയങ്ങള്‍, ഏറ്റവും കൂടുതല്‍ ചെസ് ഓസ്‌കറുകള്‍ അങ്ങനെ അങ്ങനെ നീളുന്നു ആ പട്ടിക. 

99ല്‍ കാസ്പറോവ് സ്വന്തം പേരില്‍ കുറിച്ച 2851 എന്ന കൂറ്റന്‍ പോയിന്റ് നില ഏറ്റവും വലുതായി 2013വരെ നിലനിന്നു. (2013ല്‍ അത് മറികടന്നത് കാള്‍സെന്‍ ആണ്). 2000ല്‍ ക്രാംനിക്കിനോട് അടിയറവ് പറയുംവരെ കാസ്പറോവ് ആയിരുന്നു ക്ലാസിക്കല്‍ വേള്‍ഡ് ചെസ് ചാംപ്യന്‍ഷിപ്പിന്റെ അവകാശി. പ്രസിദ്ധമായ ലിനാറെസ് ടൂര്‍ണമെന്റില്‍ ഒമ്പതാം വട്ടവും വിജയിച്ച ശേഷമാണ് 2005 മാര്‍ച്ചില്‍ മത്സര ചെസ്സില്‍ നിന്ന് പിന്‍മാറുന്ന കാര്യം കാസ്പറോവ് പ്രഖ്യാപിച്ചത്. കളിക്കളത്തിലെ കാര്‍ക്കശ്യവും കൂര്‍മതയും എല്ലാക്കാര്യത്തിലും കാസ്പറോവിന് ഉണ്ടായിരുന്നു. അന്താരാഷ്ട്ര ചെസ് ഫെഡറേഷനുമായി തെറ്റിപ്പിരിഞ്ഞ് പ്രൊഫഷണല്‍ ചെസ് അസോസിയേഷന്‍ ഉണ്ടാക്കിയത് തന്നെ ഒരു തെളിവ്. 

Latest Videos

undefined

അവരോടാണ് കടപ്പെട്ടിരിക്കുന്നത്! കിവീസിനെതിരായ മത്സരശേഷം കാണികളോട് നന്ദി പറഞ്ഞ് ബാബര്‍ അസം

വരുംതലമുറക്കായി തന്റെ അറിവും വിദ്യയും പകര്‍ന്നു നല്‍കാനും കാസ്പറോവ് മടി കാണിച്ചില്ല. മാഗ്‌നസ് കാള്‍സനെ പരിശീലിപ്പിച്ചത് തന്നെ നല്ല ഉദാഹരണം. കാസ്പറോവിന്റെ ശിക്ഷണത്തില്‍ കീഴിലാണ് കാള്‍സെന്‍ (2009 ഒക്ടോബറില്‍) ഫിഡെയുടെ 2800 പോയിന്റ് മറികടനക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാകുന്നത്, ലോക ഒന്നാം നമ്പര്‍ താരമായി ഉയരുന്നത്. രാജാവും രാജ്ഞിയും കാലാളും കുതിരയും രഥവും എല്ലാം നിറഞ്ഞ ചെസ്സിലെ പോരാട്ടത്തിന്റെ  ഭരണ രാഷ്ട്രീയ വേദിയാണ് പിന്നെ കാസ്പറോവ് തെരഞ്ഞെടുത്തത്. ജനാധിപത്യം എന്ന ആശയവുമായി യുണൈറ്റഡ് സിവില്‍ ഫ്രണ്ട് എന്ന പാര്‍ട്ടിയുമായി കാസ്പറോവ് ഗോദയിലേക്ക് ഇറങ്ങി. 

കൂടുതല്‍ സജീവമായതും സക്രിയമായതും ചെസ്സില്‍ നിന്ന് വിരമിച്ചിട്ടായിരുന്നുവെങ്കിലും രാഷ്ട്രീയം അതുവരെ കാസ്പറോവിന് അന്യമായി നിന്ന ലോകമായിരുന്നില്ല. മാതൃരാജ്യമായ സോവിയറ്റ് യൂണിയന്റെ രാഷ്ട്രീയനിലപാടുകളുടെ ഭാവിയെ പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി തന്നെയാണ് കാസ്പറോവ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. 87ല്‍ കേന്ദ്രകമ്മിറ്റി അംഗം വരെയായി ഉയര്‍ന്ന അദ്ദേഹം പക്ഷേ 90ല്‍ പാര്‍ട്ടി വിട്ടു. അതേ വര്‍ഷം മേയ് മാസം കമ്മ്യൂണിസ്റ്റ് വിരുദ്ധവും ലിബറല്‍ സ്വഭാവവും ഉള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് റഷ്യയുടെ രൂപീകരണത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 

അങ്ങനെയൊരു പാര്‍ട്ടി ആ നാട്ടില്‍ നടാടെ ആയിരുന്നു. ആദ്യ പ്രധാന സമ്മേളനത്തിന് ശേഷം 91ല്‍ തന്നെ കാസ്പറോപ് പാര്‍ട്ടി വിട്ടു. 93ല്‍ ചോയ്‌സ് ഓഫ് റഷ്യ എന്ന പേരില്‍ പാര്‍ട്ടികളുടെ സഖ്യനീക്കത്തിന് പിന്തുണ നല്‍കി. 96ല്‍ ബോറിസ് യെല്‍സിന്റെ പ്രചാരണത്തില്‍ പങ്കുചേര്‍ന്നു. പിന്നെ 2005ല്‍ യുണൈറ്റഡ് സിവില്‍ ഫ്രണ്ടുമായി രാഷ്ട്രീയരംഗത്തെ സജീവമായ കടന്നുവരവ്. വ്‌ലാദിമീര്‍ പുട്ടിന്റെ രാഷ്ട്രീയത്തോടും നിലപാടുകളോടും ഭരണത്തോടും എല്ലാം എതിര്‍പ്പുള്ള ദ അദര്‍ റഷ്യ എന്ന കൂട്ടായ്മയില്‍ യുണൈറ്റഡ് സിവില്‍ ഫ്രണ്ട് അണിചേര്‍ന്നു. 2008ല്‍ പുട്ടിന് എതിരെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പ്രചാരണ രംഗത്തെ ബുദ്ധിമുട്ടുകളും പ്രശ്‌നങ്ങലും മുന്‍നിര്‍ത്തി പിന്‍വാങ്ങി. 

2011 കാലത്ത് റഷ്യയില്‍ ഉയര്‍ന്നു കേട്ട വ്യാപക പ്രതിഷേധ സ്വരങ്ങള്‍ക്ക് പിന്നാലെ കാസ്പറോവ് റഷ്യ വിട്ടു. തന്നെ  ഭരണകൂടം വേട്ടയാടുമെന്നും ജയിലില്‍ ആക്കുമെന്നും ഭയന്നാണ് അമേരിക്കയിലേക്ക് പോയതെന്ന് കാസ്പറോവ് വിശദീകരിച്ചു. ന്യൂയോര്‍ക്ക് സിറ്റി പുതിയ മേല്‍വിലാസമാക്കിയ കാസ്പറോവിന് 2014ല്‍ ക്രൊയേഷ്യ പൗരത്വവും കിട്ടി. അമേരിക്കയിലും രാഷ്ട്രീയ പ്രവര്‍ത്തനം തുടര്‍ന്നു. പുട്ടിന്‍ വിരുദ്ധനിലപാടില്‍ ഒരു തുള്ളി വെള്ളം ചേര്‍ത്തില്ല. സ്വതന്ത്ര രാഷ്ട്രീയ ജനാധിപത്യ സമൂഹത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് കാസ്പറോവ് ആവര്‍ത്തിച്ച് പറയുന്നു. മനുഷ്യാവകാശ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്ന നിലയിലും സജീവമായി സാമൂഹിക ജീവിതത്തില്‍ കാസ്പറോവ് ഇടപെടുന്നു. ഷഷ്ടിപൂര്‍ത്തി അടുത്തിരിക്കുന്ന വേളയിലും തന്റെ മുന്നിലുള്ള രാഷ്ട്രീയ ജീവിത കളങ്ങളില്‍ കാസ്പറോപ് കണ്ണുനട്ടിരിക്കുന്നത് 37വര്‍ഷം മുമ്പുള്ള അതേ കൂര്‍മതയോടെ. ശ്രദ്ധയോടെ. താത്പര്യത്തോടെ.
 

click me!