കോമണ്‍വെല്‍ത്ത് ഗെയിംസ്: നാലാം സ്ഥാനക്കാര്‍ക്ക് 15 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

By Web Team  |  First Published Aug 10, 2022, 11:08 PM IST

ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ കോടികളും ലക്ഷങ്ങളും പാരിതോഷികം പ്രഖ്യാപിച്ചപ്പോഴും ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് കേരളം ഇതുവരെ പാരിതോഷികം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.


ദില്ലി: കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് നടത്തിയ ഇന്ത്യൻ താരങ്ങൾക്ക് വിവിധ സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചു. ഹരിയാന സര്‍ക്കാരാണ് മെഡല്‍ ജേതാക്കള്‍ക്ക് ഏറ്റവുമധികം തുക സമ്മാനം നൽകുന്നത്. 43 താരങ്ങളാണ് ഹരിയാനയില്‍ നിന്ന് കോമൺവെൽത്ത് ഗെയിംസിന് യോഗ്യത നേടിയത്. സ്വർണം നേടിയവർക്ക് 1.5 കോടിയും വെള്ളി നേടിയ താരങ്ങൾക്ക് 75 ലക്ഷവും വെങ്കലം നേടിയവർക്ക് 50 ലക്ഷവുമാണ് ഹരിയാന സർക്കാർ നൽകുക.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 20 താരങ്ങളാണ് ഹരിയാനയില്‍ നിന്ന് മെഡല്‍ നേടിയത്. ഗെയിംസില്‍ ഇന്ത്യ നേടിയ ആകെ മെഡലുകളുടെ 40 ശതമാനവും ഹരിയാനയില്‍ നിന്നുള്ള താരങ്ങങ്ങളിലൂടെയായിരുന്നു. ഇന്ത്യ നേടിയ 22 സ്വര്‍ണ മെഡലുകളില്‍ ഒമ്പതെണ്ണവും ഹരിയാന താരങ്ങളുടേതായിരുന്നു. ഇതിന് പുറമെ ഗെയിംസില്‍ നാലാം സ്ഥാനത്ത് എത്തിയ താരങ്ങള്‍ക്കുപോലും ഹരിയാന സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. 15 ലക്ഷം രൂപയാണ് നാലാം സ്ഥാനക്കാര്‍ക്ക് ഹരിയാന സര്‍ക്കാര്‍ പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Videos

undefined

എൽദോസിന്‍റെ സ്വർണ തിളക്കത്തിൽ പാലയ്ക്കാമറ്റം

മെഡല്‍ നേടിയവരോളം കഠിനാധ്വാനം നാലാം സഥാനക്കാരും നടത്തിയിട്ടുണ്ടെന്നും അതിനാലാണ് പാരിതോഷികം നല്‍കുന്നതെന്നും ഹിരയാന കായിക വകുപ്പ് മന്ത്രി സന്ദീപ് സിംഗ് നിയമസഭയില്‍ പറഞ്ഞു. ഗെയിംസില്‍ മെഡല്‍ നേടിയ ഉത്തർപ്രദേശില്‍ നിന്നുള്ള എട്ട് താരങ്ങള്‍ക്കായി 5.25 കോടി രൂപയാണ് സര്‍ക്കാര്‍ സമ്മാനമായി നൽകുന്നത്. വെള്ളി നേടിയ താരങ്ങൾക്ക് 75 ലക്ഷം രൂപയും വെങ്കലം നേടിയവർക്ക് 50 ലക്ഷം രൂപയും ഗെയിംസില്‍ പങ്കെടുത്ത താരങ്ങൾക്ക് 5 ലക്ഷം രൂപയുമാണ് യുപി സര്‍ക്കാര്‍ നൽകുന്നത്. സംസ്ഥാനത്തിന്‍റെ കായിക നയം അനുസരിച്ചാണ് പാരിതോഷികം. ദേശീയ കായികദിനമായ ഓഗസ്റ്റ് 29ന് താരങ്ങൾക്ക് പാരിതോഷികം നൽകാനാണ് ആലോചന. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 22 സ്വര്‍ണം ഉള്‍പ്പെടെ 61 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

പരിക്കുകള്‍ വലച്ചു, പഠനം മുടങ്ങി! ഒമ്പതാം വയസില്‍ 'ഒളിംപ്യനായ' ശ്രീശങ്കറിന്റെ യാത്ര ത്രില്ലര്‍ സിനിമയെ വെല്ലും

ഏഴ് മലയാളി താരങ്ങളാണ് ഗെയിംസില്‍ മെഡല്‍ നേടി തിളങ്ങിയത്. ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോള്‍ സ്വര്‍ണം നേടിയപ്പോള്‍ അബ്ദുള്ള അബൂബക്കര്‍ വെള്ളി നേടി. ലോംഗ് ജംപില്‍ മലയാളി താരം ശ്രീശങ്കറും ബാഡ്മിന്‍റണ്‍ ടീം ഇംനത്തില്‍ ട്രീസാ ജോളിയും വെള്ളി നേടി. ബാഡ്മിന്‍റണ്‍ വനിതാ ഡബിള്‍സില്‍ ട്രീസാ ജോളി വെങ്കലും പുരുഷ ഹോക്കിയില്‍ പി ആര്‍ ശ്രീജേഷ് വെള്ളിയും, സ്വാഷ് മിക്സഡ് ഡബിള്‍സില്‍ ദിപിക പള്ളിക്കല്‍ വെങ്കലം നേടി. ഗെയിംസില്‍ ഇന്ത്യയുടെ അഭിമാനമായ താരങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ കോടികളും ലക്ഷങ്ങളും പാരിതോഷികം പ്രഖ്യാപിച്ചപ്പോഴും ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്ക് കേരളം ഇതുവരെ പാരിതോഷികം ഒന്നും പ്രഖ്യാപിച്ചിട്ടില്ല.

click me!