നാലാം ഒളിംപിക്‌സിനിറങ്ങുന്ന പി ആര്‍ ശ്രീജേഷ്, മന്‍പ്രീത് സിംഗ് എന്നിവരാണ് സീനിയേഴ്‌സ്.
പാരീസ്: ഒളിംപിക്‌സ് ടീമിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ പുരുഷ ഹോക്കിയിലാണ്; എന്നാല്‍ ടോക്കിയോയില്‍ വെങ്കലം നേടിയ ടീമിന് ഇക്കുറി നേരിടാനുള്ളത് കടുത്ത വെല്ലുവിളി ദേശീയ കായികയിനമായ ഹോക്കിയില്‍ ഒരു ഒളിംപിക് മെഡലിനായി 41 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു നമുക്ക്. ടോക്കിയോയിലെ ചരിത്രനേട്ടത്തിന്റെ മൂന്നാം വര്‍ഷം ഇന്ത്യന്‍ പുരുഷ താരങ്ങള്‍ പാരീസിലെത്തുമ്പോള്‍, വെങ്കലമെഡല്‍ വീട്ടിലുള്ള 11 പേരുണ്ട് സംഘത്തില്‍. അഞ്ച് പേര്‍ പുതുമുഖങ്ങള്‍.
നാലാം ഒളിംപിക്‌സിനിറങ്ങുന്ന പി ആര്‍ ശ്രീജേഷ്, മന്‍പ്രീത് സിംഗ് എന്നിവരാണ് സീനിയേഴ്‌സ്. 16 അംഗടീമിലെ ഏക ഗോളിയായ ശ്രീജേഷിന്റെ ഫോം തന്നെ ഇന്ത്യയുടെ കരുത്ത്. ലോകഹോക്കിയിലെ ഏറ്റവും മികച്ച ഡ്രാഗ് ഫ്‌ളിക്കേഴ്‌സില്‍ ഒരാളായ ഹര്‍മന്‍പ്രീത് സിംഗ് ഇന്ത്യന്‍ നായകന്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡ്, അര്‍ജന്റീന, അയര്‍ലന്‍ഡ് എന്നിവയാണ് ഇന്ത്യയുടെ ആദ്യ 3 എതിരാളികള്‍. ശക്തരായ ബെല്‍ജിയവും ഓസ്‌ട്രേലിയയും ഇന്ത്യയുടെ ഗ്രൂപ്പില്‍. ആദ്യ 4 സ്ഥാനക്കാര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറും.
undefined
നെതര്‍ലന്‍ഡ്‌സിനെ പോലുള്ള ശക്തരായ ടീമുകളെ ക്വാര്‍ട്ടറില്‍ ഒഴിവാക്കണമെങ്കില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തേണ്ടിവരും. നോക്കൗട്ടില്‍ നമ്മുടെ ദിവസമെങ്കില്‍ എന്തും സംഭവിക്കാം ഒളിംപിക്‌സിലേക്കെത്തുമ്പോള്‍ ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. അടുത്തിടെ നടന്ന പല മത്സരങ്ങളിലും തിരിച്ചടി നേരിട്ടു.
എങ്കിലും പരിചയസമ്പത്തും യുവത്വവും നിറഞ്ഞ ഇന്ത്യന്‍ ടീമില്‍ പ്രതീക്ഷ വെക്കാം. 1980ന് ശേഷം ആദ്യമായി ഒളിംപിക് ഫൈനലിലെത്തി ചരിത്രം കുറിക്കാനുള്ള പ്രതിഭയും മനോധൈര്യവും ടീമിനുണ്ട്. ടോക്യോ ഒളിംപിക്‌സില്‍ ജര്‍മനിയെ 5-4ന് തോല്‍പ്പിച്ചാണ് ഇന്ത്യ വെങ്കലം നേടുന്നത്. സെമിയില്‍ ഇന്ത്യ ബെല്‍ജിയത്തിന് മുന്നില്‍ 5-2ന്റെ തോല്‍വി വഴങ്ങിയിരുന്നു.