വിഭജനത്തിന്‍റെ മുറിവുകള്‍, പലായനം, അഭയാര്‍ഥിക്യാമ്പ്...കനൽവഴികള്‍ താണ്ടി നേട്ടങ്ങളിലേക്ക് കുതിച്ച മിൽഖാ

By Web Team  |  First Published Jun 19, 2021, 8:48 AM IST

റോം ഒളിംപിക്‌സില്‍ സ്വർണത്തോളം തിളക്കമുള്ള നാലാം സ്ഥാനം അടക്കം ജ്വലിപ്പിക്കുന്ന ഒട്ടേറെ ഓർമകൾ ബാക്കിയാക്കിയാണ് മിൽഖാ വിടവാങ്ങുന്നത്.


ദില്ലി: ലോക അത്‍ലറ്റിക്‌സ് ഭൂപടത്തിൽ ഇന്ത്യയ്‌ക്ക് മേൽവിലാസം ഉണ്ടാക്കിത്തന്ന താരമാണ് മിൽഖാ സിംഗ്. 'പറക്കും സിംഗ്' എന്ന് വിശേഷിപ്പിച്ച പാക് പ്രധാനമന്ത്രിയടക്കം രാജ്യാതിർത്തി മറികടക്കുന്നതാണ് ലോകത്തിന് മിൽഖായോടുള്ള ആദരം. റോം ഒളിംപിക്‌സില്‍ സ്വർണത്തോളം തിളക്കമുള്ള നാലാം സ്ഥാനം അടക്കം ജ്വലിപ്പിക്കുന്ന ഒട്ടേറെ ഓർമകൾ ബാക്കിയാക്കിയാണ് മിൽഖാ വിടവാങ്ങുന്നത്. ജീവിതത്തില്‍ കനല്‍വഴികള്‍ ഏറെത്താണ്ടിയാണ് മില്‍ഖാ രാജ്യത്തിന്‍റെ അഭിമാനമായി ട്രാക്ക് കീഴടക്കിയത്. 

റോം ഒരു വേദനയും സന്തോഷവും

Latest Videos

പോരാട്ടങ്ങളുടെ തീഷ്‌ണതമൂലം ചില പരാജയങ്ങൾ വിജയത്തേക്കാൾ തിളക്കമുള്ളതാകാറുണ്ട്. 1960ലെ റോം ഒളിംപിക്‌സ് 400 മീറ്ററിൽ ആദ്യപാതിയിൽ മിൽഖാ തന്നെയായിരുന്നു മുന്നിൽ. അവസാന നിമിഷം കുതിക്കാനായി വേഗം ഒരൽപം കുറയ്ക്കാനെടുത്ത തീരുമാനം പിഴച്ച് പോയി. ഒരു സെക്കണ്ട് പോലുമുണ്ടായില്ല വ്യത്യാസം. മിൽഖാ നാലാം സ്ഥാനത്തേക്ക് വീണു. പക്ഷെ അന്ന് മിൽഖാ കുറിച്ച വേഗം ഒരു ഇന്ത്യക്കാരന് മറികടക്കാൻ പിന്നെയും 38 വർഷം എടുത്തു. 

അന്ന് ഒളിംപിക്‌സിൽ മിൽഖായെ നാലാം സ്ഥാനത്തേക്ക് പിന്തള്ളിയ ദക്ഷിണാഫ്രിക്കൻ ഇതിഹാസം മാൽകം സ്‌പെൻസ് മുൻപ് മിൽഖായോട് മുട്ടി തോറ്റ് പോയതാണ്. ഒളിംപിക്‌സിലെ തിരിച്ചടിക്ക് രണ്ട് വർഷം മുൻപാണത്. സ്‌പെൻസുമായുള്ള ക്ലാസിക് പോരാട്ടത്തിനൊടുവിലാണ് കോമൺവെൽത്ത് ഗെയിംസിൽ ഒരു ഇന്ത്യൻ താരത്തിന്‍റെ വ്യക്തിഗത സ്വർണവുമായി വെയ്‌‌ൽസിൽ നിന്ന് മിൽഖാ മടങ്ങിയത്. ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമടക്കം കരിയറിൽ തിളക്കമുള്ള ഒട്ടേറെ ഏടുകൾ മില്‍ഖായ്‌ക്കുണ്ട്. 

കരസേന വഴിതെളിച്ചു...ബാക്കിയെല്ലാം ചരിത്രം

ഇന്ത്യാ-പാക് വിഭജനം വരുത്തിയ മുറിവുകളുമായി ദില്ലിയിലേക്ക് പലായനം ചെയ്യേണ്ടിവന്നു മില്‍ഖായ്‌ക്ക് ബാല്യത്തില്‍. പാക് മണ്ണിൽ അച്ഛനടക്കമുള്ള ബന്ധുക്കൾ കൊലചെയ്യപ്പെട്ടിരുന്നു. ദില്ലിയിലെ അഭയാർഥിക്യാമ്പിൽ കുറച്ച് കാലം ചിലവഴിച്ചു. പെറ്റികേസിന് ജയിലിലായ സഹോദരനെ കമ്മൽ വിറ്റ പണം കെട്ടി പുറത്തിറക്കി മിൽഖായുടെ പെങ്ങൾ. അങ്ങനെയങ്ങനെ വെല്ലുവിളികളുടെ കനൽവഴിതാണ്ടി മിൽഖാ കുതിച്ചു. കരസേനയിലേക്കുള്ള വരവാണ് ട്രാക്കിലേക്കുള്ള വഴിതെളിച്ചത്. പിന്നെയെല്ലാം ചരിത്രം.

1960ലെ ഇന്തോ-പാക് പോരാട്ടത്തിലെ കുതിപ്പ് കണ്ടാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ജനറൽ അയൂബ് ഖാൻ മിൽഖായെ 'പറക്കും സിംഗ്' എന്ന് ആദ്യമായി വിളിച്ചത്. ബാഗ് മിൽഖാ ബാഗ് എന്ന പേരിൽ 2013ൽ സിനിമ പുറത്തിറങ്ങി. നാല് ദിവസം മുൻപാണ് ഭാര്യ നിർമ്മൽ കൗർ കൊവിഡ് ബാധിച്ച് മരിച്ചത്. ഇന്ത്യൻ വനിതാ വോളിബോൾ ക്യാപ്റ്റനായിരുന്നു നിർമ്മൽ കൗർ. നേട്ടങ്ങളേറെയുണ്ടെങ്കിലും അർജുന അവാർഡ് നൽകാൻ രാജ്യം 2001വരെ കാത്തിരുന്നു. അത് വേണ്ടെന്ന് വച്ചു എന്നും ട്രാക്കില്‍ തലയുയര്‍ത്തിപ്പിടിച്ച മിൽഖാ സിംഗ്. 

ഇതിഹാസ സ്പ്രിന്റര്‍ മില്‍ഖാ സിംഗ് അന്തരിച്ചു

പറക്കും സിങ്; വിടവാങ്ങിയത് ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!