വിദ്യാര്‍ഥികള്‍ക്ക് യോ-യോ ടെസ്റ്റ് വരെ, നടത്താനായി ഫിറ്റ്‌നസ് ബസുകള്‍! ക്യാംപെയ്‌ന് നാളെ തുടക്കം

By Web Team  |  First Published Feb 22, 2023, 6:51 PM IST

വിദ്യാര്‍ഥികളുടെ കരുത്തും, ഫ്‌ളക്‌സിബിലിറ്റിയും വേഗതയുമെല്ലാം നിര്‍ണയിക്കുന്ന 13ഓളം പരിശോധനകളാണ് ഫിറ്റനസ് ബസുകളില്‍ നടക്കുക 


തിരുവനന്തപുരം: ആദ്യ ഘട്ടത്തില്‍ പതിനായിരം സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് സംസ്ഥാന കായിക-യുവജന കാര്യാലയവും സ്പോര്‍ട്‌സ് കേരള ഫൗണ്ടേഷനും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഫിറ്റ്നസ് ആന്‍ഡ് ആന്‍ഡി ഡ്രഗ് അവയര്‍നെസ് ക്യാംപെയ്‌ന് നാളെ തുടക്കമാകും. വിദ്യാര്‍ഥികളുടെ ആരോഗ്യവും കായികക്ഷമതയും പരിശോധിക്കുക, ലഹരി വിരുദ്ധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ക്യാംപെയ്ന്‍ ആരംഭിക്കുന്നത്. ആറ് മുതല്‍ 12 വരെയുള്ള ക്ലാസുകളില്‍ നിന്നായി 12നും 17നും ഇടയില്‍ പ്രായമുള്ള 10000 കുട്ടികളായിരിക്കും പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. 

ആകര്‍ഷണം ഫിറ്റ്‌നസ് ബസുകള്‍

Latest Videos

undefined

കായിക-യുവജന കാര്യാലയത്തിനും പൊതു വിദ്യാഭ്യാസ വകുപ്പിനും ഫിഷറീസ് വകുപ്പിനും പട്ടികജാതി-പട്ടിക വര്‍ഗ്ഗ വികസന വകുപ്പുകള്‍ക്കും കീഴില്‍ വരുന്ന തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിലാണ് ക്യാംപെയ്ന്‍ നടപ്പാക്കുന്നത്. വിദ്യാര്‍ഥികളുടെ ശാരീരികക്ഷമത പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള അഞ്ച് ഫിറ്റ്‌നസ് ബസുകള്‍ സംസ്ഥാനത്തെ 14 ജില്ലകളിലും പര്യടനം നടത്തും. ക്യാംപെയ്‌ന്‍റെ സംസ്ഥാനതല ഉദ്ഘാടനവും ഫിറ്റ്‌നസ് ബസുകളുടെ ഫ്‌ളാഗ് ഓഫും നാളെ പകല്‍ 12ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ അധ്യക്ഷനാകും. 

ആകര്‍ഷണം യോ-യോ ടെസ്റ്റ്

വിദ്യാര്‍ഥികളുടെ കരുത്തും, ഫ്‌ളക്‌സിബിലിറ്റിയും വേഗതയുമെല്ലാം നിര്‍ണയിക്കുന്ന 13ഓളം പരിശോധനകളാണ് ഫിറ്റനസ് ബസുകളില്‍ നടക്കുക. ശാരീരിക ശേഷി പരിശോധിക്കുന്നതിനുള്ള യോ-യോ ടെസ്റ്റ്, പ്ലാങ്ക്, സ്‌കൗട്ട്, മെഡിസിന്‍ ബോള്‍ ത്രോ, പുഷ് അപ്‌സ്, മെയ്‌വഴക്കം പരിശോധിക്കാനുള്ള സിറ്റ് ആന്‍ഡ് റീച്ച്, ശരീര തുലനാവസ്ഥ അളക്കാനുള്ള ടെസ്റ്റുകള്‍ തുടങ്ങിയ പരിശോധനകളാണ് നടത്തുക. പ്രതിഭയുള്ള കുട്ടികളെ കണ്ടെത്താനും അവരെ ഏറ്റവും അനുയോജ്യമായ കായിക ഇനങ്ങളിലേക്ക് തിരിച്ചുവിടാനും പരിശോധനകളിലൂടെ സാധിക്കും. ഒപ്പം ഓരോ കുട്ടിക്കും അനുയോജ്യമായ രീതിയില്‍ പരിശീലനവും വ്യായാമവും ഭക്ഷണവും ക്രമീകരിക്കാനും സാധിക്കും. 

പ്രതിദിനം 200 കുട്ടികള്‍ക്ക് ഫിറ്റ്‌നസ് പരീക്ഷ

ഓരോ ബസിലും പ്രതിദിനം 200 കുട്ടികളെ വീതം പരിശോധിക്കും. പരിശോധനയിലൂടെ ഫിറ്റ്നസ് ലെവല്‍ തിരിച്ചറിയാനും അതുവഴി കായിക മികവുള്ള കുട്ടികളെ കണ്ടെത്താനും ഇതിന്‍റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ പരിശീലന പ്രോട്ടോക്കോള്‍ രൂപകല്‍പന ചെയ്യാനും സാധിക്കും. നാളെയാരംഭിക്കുന്ന ഫിറ്റനസ് ബസുകളുടെ പര്യടനം മാര്‍ച്ച് 9 വരെ നീണ്ടുനില്‍ക്കും. 

ഫിറ്റനസ് ബസുകളിലെ ഫിറ്റനസ് പരിശോധനയുടെ ഉദ്ഘാടനം ക്യാംപെയ്‌ന്‍റെ ഉദ്ഘാടന ചടങ്ങില്‍ വച്ച് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. മന്ത്രിമാരായ ആന്‍റണി രാജു, കെ.രാധാകൃഷ്ണന്‍, സജി ചെറിയാന്‍, എം.ബി.രാജേഷ്, തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡി.സുരേഷ്‌കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് യു.ഷറഫലി, കായിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രണബ് ജ്യോതിനാഥ്, കായിക-യുവജന കാര്യാലയം ഡയറക്ടര്‍ പ്രേം കൃഷ്ണന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഫിഷറീസ് വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്.ശ്രീനിവാസ്, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് സെക്രട്ടറി പ്രശാന്ത്.എന്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന്‍ ബാബു.കെ, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോ അദീല അബ്ദുള്ള, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ അഞ്ചു.കെ.എസ്, കായിക യുവജനകാര്യാലയം അഡീഷണല്‍ ഡയറക്ടര്‍ സീന.എ.എന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

'പണി പാളുമോ'; ഓസീസ് ബാറ്റർമാരെ സഹായിക്കാൻ ഏത് സമയവും സജ്ജമെന്ന് മുന്‍ താരം

click me!