പുരുഷ ഹോക്കി ലോകകപ്പ്: ഇന്ത്യ-ഇംഗ്ലണ്ട് സൂപ്പര്‍ പോരാട്ടം ഇന്ന്

By Web Team  |  First Published Jan 15, 2023, 9:41 AM IST

ലോകകപ്പ് ഹോക്കിയില്‍ ആദ്യ മത്സരത്തില്‍ സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ തുടങ്ങിയിരുന്നു


റൂർക്കല: ഒഡിഷയില്‍ പുരോഗമിക്കുന്ന പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് രണ്ടാം മത്സരം. ഇംഗ്ലണ്ടാണ് എതിരാളികൾ. വൈകിട്ട് ഏഴിന് റൂർക്കലയിലാണ് കളി തുടങ്ങുക. ഇന്ത്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളിന് സ്പെയ്നെ തോൽപിച്ചിരുന്നു. പൂള്‍ ഡിയിലെ മറ്റൊരു മത്സരത്തില്‍ ഇംഗ്ലണ്ട് വെയില്‍സിനെ എതിരില്ലാത്ത അഞ്ച് ഗോളിന് തകര്‍ത്തിരുന്നു. ഇതോടെ ഗോള്‍ ശരാശരിയില്‍ ഇന്ത്യക്ക് മുന്നിലെത്തിയ ടീമാണ് കരുത്തരായ ഇംഗ്ലണ്ട്. പൂളില്‍ നിന്ന് ഒരു ടീം മാത്രമാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് മുന്നേറുക.

ലോകകപ്പ് ഹോക്കിയില്‍ ആദ്യ മത്സരത്തില്‍ സ്പെയിനിനെ തകര്‍ത്ത് ഇന്ത്യ ജയത്തോടെ തുടങ്ങിയിരുന്നു. ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹാര്‍ദ്ദിക് സിംഗും അമിത് രോഹിദാസുമായിരുന്നു ഇന്ത്യയുടെ സ്കോറര്‍മാര്‍. ആദ്യ ക്വാര്‍ട്ടറിലെ പന്ത്രണ്ടാം മിനിറ്റില്‍ രോഹിദാസിലൂടെ ഇന്ത്യ മുന്നിലെത്തി. രണ്ടാം ക്വാര്‍ട്ടറില്‍ 26-ാം മിനിറ്റില്‍ ഹാര്‍ദ്ദിക് സിംഗ് ഇന്ത്യയുടെ ലീഡുയര്‍ത്തി. മത്സരത്തില്‍ 75 ശതമാനം പന്തടക്കം ഇന്ത്യക്കായിരുന്നു. 32-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിംഗ് പെനല്‍റ്റി സ്ട്രോക്ക് പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തില്‍ ജയിക്കാന്‍ അവസരമുണ്ടായിരുന്നു.

Latest Videos

undefined

അവസാന ക്വാര്‍ട്ടറില്‍ മഞ്ഞക്കാര്‍ഡ് കണ്ട ഡി അഭിഷേക് 10 മിനിറ്റ് പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും ഇന്ത്യ ഗോള്‍ വഴങ്ങാതെ പിടിച്ചു നിന്നു. അവസാന മിനിറ്റുകളില്‍ തുടര്‍ പെനല്‍റ്റി കോര്‍ണറുകളുമായി സ്പെയിന്‍ സമ്മര്‍ദ്ദമുയര്‍ത്തിയപ്പോള്‍ ഗോള്‍ കീപ്പര്‍ കൃഷന്‍ ബഹാദൂര്‍ പഥക്കിന്‍റെ നിര്‍ണായക സേവുകള്‍ ഇന്ത്യയുടെ രക്ഷക്കെത്തി. മലയാളി താരം പി ആര്‍ ശ്രീജേഷിന് പകരമാണ് പഥക് അന്ന് ഗോള്‍വല കാക്കാനിറങ്ങിയത്. ഇന്ന് ഇംഗ്ലണ്ടിനെതിരെ ശ്രീജേഷ് കളിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഹോക്കി ലോകകപ്പ്: സ്പെയിനിനെതിരെ ജയത്തോടെ ഇന്ത്യ തുടങ്ങി
 

click me!