ഹോക്കി ലോകകപ്പ്: ഇന്ത്യയുടെ ആദ്യ പോരാട്ടം ഇന്ന്; എതിരാളികള്‍ സ്‌പെയിന്‍

By Web Team  |  First Published Jan 13, 2023, 8:02 AM IST

ഹോക്കിയെ സ്നേഹിക്കുന്ന ഒഡിഷയുടെ മണ്ണിൽ വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുകയായി


റൂര്‍ക്കല: ഹോക്കി ലോകകപ്പ് മത്സരങ്ങൾക്ക് ഒഡിഷയിൽ ഇന്ന് തുടക്കം. ആദ്യ ദിനം സ്പെയിനിനെ ഇന്ത്യ നേരിടും. അ‍ർജന്‍റീന-സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ-ഫ്രാൻസ്, ഇംഗ്ലണ്ട്-വെയിൽസ് പോരാട്ടങ്ങളും ഇന്നുണ്ട്. ആകെ 16 ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 44 മത്സരങ്ങളാണുള്ളത്. 17 ദിവസം ലോകകപ്പ് ഹോക്കി ചാമ്പ്യന്‍ഷിപ്പ് നീണ്ടുനില്‍ക്കും. 

ഹോക്കിയെ സ്നേഹിക്കുന്ന ഒഡിഷയുടെ മണ്ണിൽ വീണ്ടുമൊരിക്കൽ കൂടി ലോകകപ്പ് പോരാട്ടങ്ങൾ തുടങ്ങുകയായി. കരുത്തർ കളത്തിലിറങ്ങുന്ന ആദ്യ ദിനം ടീം ഇന്ത്യയ്ക്ക് എതിരാളി സ്പെയിനാണ്. ഒന്നും എളുപ്പമല്ലെങ്കിലും നീണ്ട കാത്തിരിപ്പ് അവസാനിച്ച് ഒളിപിംക്‌സ് വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ഇത്തവണ കിരീടം സ്വപ്നം കാണുന്നുണ്ട്. സ്പെയി‌നിനെതിരെ നേർക്കുനേർ കണക്കിൽ ഇന്ത്യയാണ് മുന്നിൽ. 13 മത്സരങ്ങളിൽ ഇന്ത്യ ജയിച്ചപ്പോൾ 11ൽ സ്പെയിൻ ജയിച്ചു. പക്ഷെ ഒടുവിൽ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്ന് സമനിലയിലായപ്പോൾ ഒന്നിൽ സ്പെയിൻ ജയിച്ചു. അതായത് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് പുറകിലാണെങ്കിലും കനത്ത വെല്ലുവിളി സ്പെയിനിൽ നിന്ന് ഉറപ്പ്. 

Latest Videos

undefined

നല്ല രീതിയിൽ തുടങ്ങിയ ശേഷം അലക്ഷ്യമായി വിജയം ഇന്ത്യ കൈവിട്ടെന്ന് ഒടുവിലെ രണ്ട് മത്സരങ്ങളെയും വിലയിരുത്താം. അനാവശ്യമായി മഞ്ഞകാർഡുകൾ വാങ്ങിക്കുന്നതും പെനാൽറ്റി കോർണറുകൾ വഴങ്ങുന്നതും ഇനി ആവർത്തിക്കരുത്. ലോകത്തെ ഏറ്റവും മികച്ച ഗോൾ സ്കോറ‌ർമാറൊന്നും സ്പെയിൻ നിരയിലില്ല. പക്ഷെ ഉണർന്ന് കളിക്കാൻ കഴിവുള്ള യുവനിരയുണ്ട്. അവരെ ഇന്ത്യ കരുതണം. ഗോൾവല കാക്കാൻ ഈ ലോകകപ്പിലും പി ആർ ശ്രേജേഷുണ്ട്. പരിക്കിൽ നിന്ന് മുക്തനായ വിവേക് സാഗർ പ്രസാദ് മധ്യനിരയിൽ മടങ്ങി വരുന്നതും മുതൽകൂട്ടാണ്. പുതുതായി ന‍ിർമ്മിച്ച ബിർസാമുണ്ട സ്റ്റേഡിയത്തിലാണ് പോരാട്ടം.

നാലാം തവണയാണ് ഇന്ത്യ ഹോക്കി ലോകകപ്പിന് വേദിയാവുന്നത്. 2018ല്‍ ഒഡിഷ തന്നെ ചാമ്പ്യന്‍ഷിപ്പിന് വേദിയായിരുന്നു. അതിന് മുമ്പ് 1982ന് മുംബൈയിലും 2010ല്‍ ദില്ലിയിലും ലോക ഹോക്കി ചാമ്പ്യന്‍ഷിപ്പ് നടന്നു. ലോകോത്തര നിലവാരമുള്ള സൗകര്യങ്ങളാണ് തുടര്‍ച്ചയായി രണ്ടാംവട്ടവും ഒഡിഷ ടൂര്‍ണമെന്‍റിന് വേദിയാവാന്‍ കാരണം. 

'ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫേവറിറ്റ്,ഒളിമ്പിക്സിലെ മെഡൽ നേട്ടം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു'എംഎം സോമയ്യ

click me!