‌'ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന ജീവിതം'; ശ്രീജേഷിനെ പ്രശംസിച്ച് മുഖ്യമന്ത്രി, 2 കോടി കൈമാറി

By Web Team  |  First Published Oct 31, 2024, 1:41 AM IST

ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും  ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു


തിരുവനന്തപുരം: അർപ്പണ മനോഭാവവും കഠിനാദ്ധ്വാനവും ലക്ഷ്യബോധവുമാണ് ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കല മെഡൽ നേട്ടം കൈവരിക്കാൻ പി ആർ ശ്രീജേഷിന് പിൻബലമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അക്കാര്യത്തിൽ ഏതൊരു കായികതാരത്തിനും മാതൃകയാക്കാവുന്ന കായികജീവിതമാണ് ശ്രീജേഷിന്റേത്. പാരീസ് ഒളിമ്പിക്സിലെ പ്രകടനത്തിലൂടെയും മെഡൽ നേട്ടത്തിലൂടെയും കേരളത്തിന്റെ യശസ്സ് വാനോളം ഉയർത്താനായതായും മുഖ്യമന്ത്രി പറഞ്ഞു. ശ്രീജേഷിനെ അനുമോദിക്കാൻ സംസ്ഥാന സർക്കാർ വെള്ളയമ്പലം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ചടങ്ങ്  ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികമായി പ്രഖ്യാപിച്ച 2 കോടി രൂപയുടെ ചെക്കും  ഉപഹാരവും മുഖ്യമന്ത്രി സമ്മാനിച്ചു.

ഇന്ത്യൻ ഹോക്കി ടീം പ്രതിസന്ധിയിലായ അവസരങ്ങളിൽ ഗംഭീര പ്രകടനത്തിലൂടെ ടീമിനെ വിജയിപ്പിക്കാനും സഹതാരങ്ങൾക്ക് വലിയ പ്രചോദനമാകാനും ശ്രീജേഷിനു കഴിഞ്ഞു. ഈ മികവു കൊണ്ടു തന്നെയാണ് 18 വർഷം ഇന്ത്യൻ ദേശീയ ടീമിലെ പ്രധാന കളിക്കാരനായി നിലനിൽക്കാൻ അദ്ദേഹത്തിനു സാധിച്ചത്. ഇന്ത്യൻ ഹോക്കിയിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പറാണ് ശ്രീജേഷ് എന്നത് അദ്ദേഹത്തിന്റെ മഹത്വത്തെ സൂചിപ്പിക്കുന്നു. ദേശീയ ജൂനിയർ ടീമിന്റെ പരിശീലകനായി തുടർന്നും  അദ്ദേഹത്തിന്റെ സേവനം രാജ്യത്തിന്റെ ഹോക്കി മേഖലയ്ക്ക് ഉണ്ടാകുമെന്നത് സന്തോഷകരമാണ്.

Latest Videos

undefined

കേരളത്തിലെ ആദ്യ കായിക വിദ്യാലയമായ ജി വി രാജ സ്പോർട്സ് സ്‌കൂളാണ് ശ്രീജേഷ് എന്ന ഹോക്കി പ്രതിഭയെ കണ്ടെത്തിയത് എന്നത് നമുക്ക് ഏറ്റവും അഭിമാനം നൽകുന്ന കാര്യമാണ്. ചെറിയ പ്രായത്തിൽ ജി വി രാജ സ്കൂളിൽ എത്തിയ ശ്രീജേഷ് അത്ലറ്റിക്സിലാണ് താൽപ്പര്യം കാണിച്ചത്. എന്നാൽ, അവിടെയുള്ള ഹോക്കി പരിശീലകരാണ് ശ്രീജേഷിന് ഹോക്കിയിൽ കൂടുതൽ തിളങ്ങാൻ കഴിയുമെന്നു കണ്ടെത്തിയതും അതിലേക്കു നയിച്ചതും. അതൊരു നിർണായക വഴിത്തിരിവായി. അതിലൂടെ രാജ്യത്തിനൊരു ഒന്നാംകിട ഹോക്കി താരത്തെയാണ് ലഭിച്ചത്. ജി വി രാജ സ്കൂളിലെ കായികാദ്ധ്യാപകർ നയിച്ച വഴിയിലൂടെ മനസ്സുറപ്പോടെ മുന്നോട്ടുപോകാൻ കഴിഞ്ഞതാണ് ശ്രീജേഷിന്റെ സവിശേഷത. ആ ലക്ഷ്യബോധവും സമർപ്പണവുമാണ് കായികരംഗത്തേക്കു കടന്നുവരുന്നവർ മാതൃകയാക്കേണ്ടത്. കേരളത്തിലെ ഹോക്കിയുടെ വളർച്ചയ്ക്ക് ആവശ്യമായ പിന്തുണ നൽകാൻ ശ്രീജേഷിനു കഴിയും.

കായികരംഗത്തെ ശ്രീജേഷിന്റെ മികവ് കണക്കിലെടുത്താണ് വിദ്യാഭ്യാസ വകുപ്പിലെ ജോയിന്റ് ഡയറക്ടർ തസ്തികയിലേക്ക് അദ്ദേഹത്തെ നിയമിച്ചത്. ആ പദവിയിൽ ഇരുന്നുകൊണ്ട് സ്‌കൂൾതലം മുതൽക്കുള്ള കായികവികസനത്തിന് വലിയ സംഭാവനകൾ നൽകാൻ ശ്രീജേഷിനു കഴിയും. ശ്രീജേഷിന്റെ സേവനം ഏറ്റവും മികച്ച വിധത്തിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്ന മാർഗ്ഗങ്ങൾ എന്തെല്ലാമാണെന്ന് സർക്കാർ പരിശോധിച്ചു വരികയാണ്. ശ്രീജേഷിനെ പോലുള്ള താരങ്ങൾ എല്ലാ കായിക ഇനങ്ങളിലും സൃഷ്ടിക്കപ്പെടണം. അവരിലൂടെ ഒളിമ്പിക്സ് മെഡൽ ഉൾപ്പെടെയുള്ള ഉയർന്ന ബഹുമതികൾ കൂടുതലായി സ്വന്തമാക്കാൻ കേരളത്തിന് കഴിയണം. ഒപ്പം ഉന്നത നിലവാരമുള്ള കായിക സംസ്‌കാരം സംസ്ഥാനത്ത് സൃഷ്ടിക്കപ്പെടുകയും വേണം. മുൻകാല കായികതാരങ്ങൾ ഈ ദൗത്യത്തിന്റെ മുൻപന്തിയിൽ നിൽക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായികതാരങ്ങൾക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നതിന്റെ തെളിവാണ് തനിക്ക് സർക്കാർ നൽകിയ സ്വീകരണത്തിലൂടെ വ്യക്തമാകുന്നതെന്ന് മറുപടി പ്രസംഗത്തിൽ ശ്രീജേഷ് പറഞ്ഞു. നിർണായക നേട്ടം കൈവരിക്കുന്നതിന് വിദ്യാഭ്യാസ  വകുപ്പ് തുണച്ചു.  ഗ്രേസ് മാർക്കായ അറുപത് മാർക്ക് മാത്രം ലക്ഷമിട്ട് ജി വി രാജ സ്പോർട്സ് സ്‌കൂളിൽ എത്തിയ തനിക്ക് ഒളിമ്പിക്സിൽ  മെഡൽ നേടാനായി എങ്കിൽ തന്റെ മുന്നിലിരിക്കുന്ന കായിക വിദ്യാർത്ഥികൾക്ക് ചെറുപ്രായം മുതൽ സ്വപ്നം കണ്ട് കഠിനാധ്വാനം ചെയ്ത് മുന്നേറിയാൽ പത്തുവർഷത്തിനുള്ളിൽ തന്നെ ഒളിമ്പിക്സിൽ വിജയം നേടാനാകും. കീറിയ ഷൂസും ജേഴ്സിയുമായി മത്സരങ്ങളിൽ പങ്കെടുത്ത തനിക്ക് ജി വി രാജ സ്പോർട്സ് സ്‌കൂളാണ് വഴികാട്ടിയതെന്നും ശ്രീജേഷ് കൂട്ടിചേർത്തു.

ഒളിമ്പിക്സിൽ പങ്കെടുത്ത കേരള താരങ്ങൾക്കും ഇന്ത്യൻ പരിശീലകനും അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി. ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കളായ കുഞ്ഞു മുഹമ്മദ്, വിസ്മയ, നീന, മുഹമ്മദ് അനസ്,  പി യു ചിത്ര  എന്നിവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് സ്പോർട്സ് ഓർഗനൈസർമാരായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വിതരണം ചെയ്തു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. ഐ എം വിജയൻ, കായിക വകുപ്പ് മുൻ മന്ത്രി എം വിജയകുമാർ, ആന്റണി രാജു എംഎൽഎ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, കായിക- യുവജനകാര്യ ഡയറക്ടർ  വിഷ്ണുരാജ്, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു. ഷറഫലി, തുടങ്ങിയവർ സംബന്ധിച്ചു. അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും  കായിക അസോസിയേഷൻ പ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി. മാനവീയം വീഥിയുടെ പരിസരത്തു നിന്ന് ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പിലാണ്  സ്റ്റേഡിയത്തിലേക്ക് ആനയിച്ചത്. സ്‌കൂൾ ബാന്റ് സംഘങ്ങളും ജി.വി.രാജ സ്പോർട്സ് സ്‌കൂൾ, സ്പോർട്സ് കൗൺസിൽ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ കുട്ടികളും അകമ്പടിയേകി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!