ടോക്കിയോയിലെ ചരിത്ര സ്വര്‍ണം മെഡല്‍, ഏഷ്യാനെറ്റ് ന്യൂസിലൂടെ രാജ്യത്തിന് നന്ദി പറഞ്ഞ് നീരജ് ചോപ്ര. രണ്ടാം ത്രോ മികച്ചതാണ് എന്ന് തോന്നിയപ്പോഴാണ് ആഘോഷിച്ചതെന്നും ഇന്ത്യയുടെ അഭിമാന താരം.
ടോക്കിയോ: ടോക്കിയോ ഒളിംപിക‌്‌സ് ജാവലിനിലെ സ്വര്‍ണ നേട്ടത്തില്‍ അഭിമാനമെന്ന് രാജ്യത്തിന്‍റെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. ടോക്കിയോയിലെ സ്വര്‍ണ നേട്ടത്തിന് ശേഷം നല്‍കിയ ആദ്യ അഭിമുഖത്തിന്‍ ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു നീരജ് ചോപ്രയുടെ പ്രതികരണം.
'എല്ലാം സ്വപ്‌നം പോലെ. ദിവസവുമുള്ള കഠിന പരിശീലനമാണ് വിജയമന്ത്രം. പ്രധാനമന്ത്രിയും സൈനിക മേധാവിയും വിളിച്ച് അഭിനന്ദിച്ചു. ലോക ചാമ്പ്യന്‍ഷിപ്പിലെ മെഡലാണ് അടുത്ത ലക്ഷ്യം. രാജ്യത്തിന്‍റെ സ്‌നേഹത്തിന് നന്ദി. മെഡല്‍ നേട്ടത്തിനായി നന്നായി പ്രയത്‌നിച്ചു. കഷ്‌ടപ്പാടിനെല്ലാം ഫലമുണ്ടായി. പരിശീലകര്‍ക്കും കുടംബത്തിനും നന്ദി. രണ്ടാം ത്രോ മികച്ചതാണ് എന്ന് തോന്നിയപ്പോഴാണ് ആഘോഷിച്ചത്' എന്നും ചോപ്ര പറഞ്ഞു.
നീരജ് ചോപ്രയുമായുള്ള അഭിമുഖം കാണാം
ഗോള്‍ഡന്‍ ചോപ്ര
ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡിലെ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്രയുടെ സ്വര്‍ണത്തിലൂടെ ഇന്ത്യ നേടിയത്. 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണം നേട്ടം. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona