'ഞങ്ങള്‍ പ്രചോദനമാവട്ടെ'; ട്രിപ്പിള്‍ ജംപിലെ ചരിത്ര മെഡലിന് ശേഷം എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും- വീഡിയോ

By Web Team  |  First Published Aug 7, 2022, 7:48 PM IST

ലോക അത്‌ലറ്റിക്‌സ് ചംപ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസിന്റെ ചരിത്രനേട്ടം.


ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ട്രിപ്പിള്‍ ജംപില്‍ ചരിത്ര സ്വര്‍ണം നേടാന്‍ സാധിച്ചതില്‍ സന്തോഷമെന്ന് മലയാളി താരങ്ങളായ എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. ലോക അത്‌ലറ്റിക്‌സ് ചംപ്യന്‍ഷിപ്പിലെ ട്രിപ്പിള്‍ ജംപില്‍ ഫൈനലില്‍ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് തൊട്ടുപിന്നാലെയാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എല്‍ദോസിന്റെ ചരിത്രനേട്ടം. 17.03 മീറ്റര്‍ ദൂരത്തോടെ എല്‍ദോസ് പോള്‍ ഒന്നാമത്. മൂന്നാം ഊഴത്തിലാണ് എല്‍ദോസ് സ്വര്‍ണം കണ്ടെത്തിയത്. 17.02 മീറ്ററില്‍ അബ്ദുള്ള അബൂബക്കര്‍ തൊട്ടുപിന്നിലെത്തി.

മത്സരശേഷം ഇരുവരും ഏഷ്യനെറ്റ് ന്യൂസിനോട് സംസാരിച്ചു. ''വളരെയധികം സന്തോഷം രാജ്യത്തിന് വേണ്ടി മെഡല്‍ നേടാന്‍ സാധിച്ചതില്‍. ഇത്തരത്തില്‍ സ്വര്‍ണവും വെള്ളിയും നേടാന്‍ സാധിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. ഒളിംപിക്‌സ്, ലോക ചാംപ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാംപ്യന്‍ഷിപ്പ് തുടങ്ങിയ വലിയ ഇവന്റുകളില്‍ മെഡല്‍ നേടാന്‍ ഞങ്ങളൊരു പ്രചോദനമാവട്ടെ.'' ഇരുവരും പറഞ്ഞു. ഗവണ്‍മെന്റിന്റെ പിന്തുണ വലുതായിരുന്നുവെന്ന് ഇന്ത്യന്‍ ടീം മാനേജരും ഇരുവരുടേയും പരിശീലന കളരിയായിരുന്ന കോതമംഗലം എം എ കോളേജിലെ കായികാധ്യപകന്‍ കൂടിയായിരുന്ന ബാബു പി ഐ പറഞ്ഞു.

Latest Videos

undefined

അഭിനന്ദന പ്രവാഹമാണ് ഇരുവര്‍ക്കും. എക്കാലവും നിലനില്‍ക്കുന്ന അഭിമാനനേട്ടമാണ് ഇരുവരും നേടിയതെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു. എല്‍ദോസ് പോളിന്റെ സമര്‍പ്പണം പ്രശംസനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. ട്രിപ്പിള്‍ ജംപ് മത്സരം ചരിത്രപരം, ഇന്ത്യയുടെ താരങ്ങള്‍ കാഴ്ചവെച്ചത് മികച്ച പ്രകടനമാണ്. കഠിനാധ്വാനത്തിന്റേയും പ്രതിബദ്ധതയുടെയും ഫലമാണ് അബ്ദുള്ള അബൂബക്കറിന്റെ വെള്ളി മെഡലെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ മാത്രമല്ല, പാകിസ്ഥാനിലുമുണ്ട് സഞ്ജുവിന് ആരാധകര്‍; പുകഴ്ത്തി മുന്‍ പാകിസ്ഥാന്‍ താരം

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഹര്‍ദീപ് സിങ് പുരി, കിരണ്‍ റിജിജു എന്നിവരും എല്‍ദോസിനെയും അബ്ദുള്ളയേയും അഭിനന്ദിച്ചു. അത്‌ലറ്റിക്‌സിന് ചരിത്ര നിമിഷമെന്നായിരുന്നു അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രതികരണം. രാജ്യത്തിന് അഭിമാന നിമിഷമെന്ന് എല്‍ദോസിന്റെയും അബ്ദുള്ളയുടെയും പ്രകടനത്തെ അഭിനന്ദിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ട്വീറ്റ് ചെയ്തു. എല്‍ദോസിന്റേയെും അബ്ദുള്ളയുടെയും പ്രകടനം ഇന്ത്യക്ക് അഭിമാനകരമെന്നാണ് മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്.

ഈ ആവേശം മറക്കാന്‍ പറ്റുവോ; ഫ്ലോറിഡയില്‍ ആരാധകരെ നേരില്‍ക്കണ്ട് നന്ദിയറിയിച്ച് രോഹിത് ശര്‍മ്മ

click me!