ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറായ്ക്ക്. 21.53 സെക്കന്‍ഡിലാണ് എലെയ്ൻ 200 മീറ്റർ ഓടിയെത്തിയത്.
ടോക്യോ: ടോക്യോ ഒളിംപിക്സിൽ 200 മീറ്ററിലും സ്വർണം നേടി ജമൈക്കയുടെ എലെയ്ന്‍ തോംസൺ ഹെറ. 200 മീറ്ററിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സമയം കുറിച്ച് 21.53 സെക്കന്‍ഡിലാണ് എലെയ്ൻ ഫിനിഷ് ചെയ്തത്. നേരത്തെ 100 മീറ്ററിലും സ്വര്‍ണം നേടിയിരുന്ന എലെയ്ന്‍ 2016ലെ റിയോ ഒളിംപിക്സിലും 200 മീറ്റര്‍ സ്വര്‍ണം നേടിയിരുന്നു.
2004, 2008 ഒളിമ്പിക്സുകളിൽ ജമൈക്കയുടെ വെറോണിക്ക കാംപ്ബെല്‍ ബ്രൌണ്‍ ഈ നേട്ടം സ്വന്തമാക്കിയതിന് ശേഷം ആദ്യമായാണ് ഒരു താരം 100 മീറ്ററിലും 200 മീറ്ററിലും ജയിച്ച് ഇരട്ട സ്വർണ്ണം നേടുന്നത്. 21.81 സെക്കന്റിൽ ഓടിയെത്തി നമീബിയയുടെ ക്രിസ്റ്റ്യൻ എംബോമ വെള്ളി മെഡല്‍ സ്വന്തമാക്കിയപ്പോള്‍ 21.87 സെക്കൻഡിൽ ഓടിയെത്തിയ അമേരിക്കയുടെ ഗബ്രിയേല തോമസിനാണ് വെങ്കലം. എലെയ്്‍റെ നാട്ടുകാരിയും സൂപ്പര്‍താരവുമായ ഷെല്ലി ആന്‍ ഫ്രേസര്‍ നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെട്ടു.
വനിതകളുടെ 100 മീറ്റര്‍ ഫൈനലില്‍ 10.61 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തായിരുന്നു ഒളിംപിക് റെക്കോര്‍ഡോടെ എലെൻ സ്വര്‍ണം നേടിയത്. 100 മീറ്ററില്‍ 1988ലെ സോള്‍ ഒളിംപിക്സില്‍ അമേരിക്കയുടെ ഫ്ലോറന്‍സ് ഗ്രിഫിത്ത് ജോയ്നര്‍ സ്ഥാപിച്ച 33 വര്‍ഷം പഴക്കമുള്ള ഒളിംപിക് റെക്കോര്‍ഡാണ് എലെയ്നിന്‍റെ വേഗത്തിന് മുന്നില്‍ തകര്‍ന്നത്. വനിതകളുടെ 100 മീറ്ററില്‍ ആദ്യ മൂന്ന് മെഡലും ജമൈക്ക സ്വന്തമാക്കിയിരുന്നു.
ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ഒളിംപിക് ചാമ്പ്യനുമായിട്ടുള്ള ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍(10.74) വെള്ളിയും ഷെറീക്ക ജാക്സണ്‍(10.76) വെങ്കലവും നേടിയിരുന്നു. ഷെറീക്കയുടെ ഏറ്റവും മികച്ച സമയമാണിത്.