പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ ശ്രീകാന്ത് വെങ്കലം നേടിയതും ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ നിന്നുള്ള സന്തോഷ വാര്‍ത്തയാണ്
ബര്‍മിംഗ്‌ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ്(Commonwealth Games 2022) ബാഡ്‌മിന്‍റണ്‍ വനിതാ ഡബിൾസിൽ മലയാളി താരം ട്രീസ ജോളി ഉൾപ്പെട്ട ടീമിന് വെങ്കലം. ട്രീസ ജോളി-ഗായത്രി(Treesa Jolly, Gayatri Gopichand) സഖ്യം ഓസ്ട്രേലിയൻ ജോഡിയയാണ് തോൽപ്പിച്ചത്. സ്കോര്‍ 21-15 21-18. ട്രീസ ജോളിയുടെ രണ്ടാം മെഡലാണിത്. നേരത്തെ ട്രീസ ഉൾപ്പെട്ട മിക്സ്ഡ് ടീം വെള്ളി നേടിയിരുന്നു. പുരുഷ സിംഗിൾസിൽ ഇന്ത്യയുടെ കെ ശ്രീകാന്ത് വെങ്കലം നേടിയതും ബാഡ്‌മിന്‍റണ്‍ കോര്‍ട്ടില്‍ നിന്നുള്ള സന്തോഷ വാര്‍ത്തയാണ്. സിംഗപ്പൂര്‍ താരത്തെ തോൽപ്പിച്ച് ശ്രീകാന്തിന്‍റെ വെങ്കലനേട്ടം. സ്കോര്‍ 21-15,21-18.
ഇന്ത്യക്ക് പതിനെട്ടാം സ്വര്‍ണം
undefined
അതേസമയം ബര്‍മിംഗ്‌ഹാമില്‍ ഇന്ത്യ പതിനെട്ടാം സ്വർണം സ്വന്തമാക്കി. ടേബിൾ ടെന്നിസ് മിക്സ്ഡ് ഡബിൾസിൽ അജന്ത ശരത് കമൽ-ശ്രീജ അകൂല സഖ്യമാണ് സ്വര്‍ണം അണിഞ്ഞത്. ഫൈനലിൽ മലേഷ്യൻ ജോഡിയെ 3-1ന് തോൽപിച്ചു. പക്ഷേ പുരുഷ ഡബിൾസ് വിഭാഗത്തിൽ ഇന്ത്യൻ സഖ്യത്തിന് ഫൈനലിൽ തോൽവി പിണഞ്ഞു. ശരത് കമാൽ-സത്യൻ ജ്ഞാനശേഖരൻ സഖ്യം ഇംഗ്ലീഷ് ജോഡിയോട് തോറ്റു. കടുത്ത പോരാട്ടത്തിനൊടുവിലാണ് ഇന്ത്യൻ സഖ്യത്തിന് വെള്ളി മെഡൽ കൊണ്ട് തൃപ്‌തിപ്പെടേണ്ടിവന്നത്.
ക്രിക്കറ്റില്‍ വെള്ളി
കോമൺവെൽത്ത് ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വെള്ളി. ഫൈനലിൽ ഓസ്ട്രേലിയ ഒൻപത് റൺസിന് ഇന്ത്യയെ തോൽപിച്ചു. ഓസീസിന്‍റെ 161 റൺസ് പിന്തുടർന്ന ഇന്ത്യ 152 റൺസിന് പുറത്തായി. 65 റൺസെടുത്ത ക്യാപ്റ്റൻ ഹർമൻപ്രീത് കൗറാണ് ടോപ് സ്കോറർ. രണ്ടിന് 118 റൺസ് എന്ന നിലയിൽ നിന്ന് ഇന്ത്യ അപ്രതീക്ഷിതമായി തകരുകയായിരുന്നു. ഷെഫാലി വർമ്മ 11ഉം സ്മൃതി മന്ദാന ആറും ജമീമ റോഡ്രിഗസ് 33ഉം റൺസിന് പുറത്തായി. 61റൺസെടുത്ത ബേത്ത് മൂണിയാണ് ഓസ്ട്രേലിയയുടെ ടോപ് സ്കോറർ. ഗ്രൂപ്പ് ഘട്ടത്തിലും ഓസ്ട്രേലിയ ഇന്ത്യയെ തോൽപിച്ചിരുന്നു.