കൊവിഡ്: മില്‍ഖാ സിംഗ് ചികില്‍സയോട് നന്നായി പ്രതികരിക്കുന്നതായി മകന്‍

By Web Team  |  First Published May 25, 2021, 11:56 AM IST

കഴിഞ്ഞ ആഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേനിലായിരുന്ന മില്‍ഖായെ ഓക്‌സിജന്‍ ലെവലില്‍ കുറവ് വന്നതോടെയാണ് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 


മൊഹാലി: കൊവിഡ് ബാധിതനായ ഇതിഹാസ ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാ സിംഗിന്‍റെ ആരോഗ്യനില തൃപ്തി‌കരമെന്നും ചികില്‍സയോട് നന്നായി പ്രതികരിക്കുന്നതായും മകന്‍ ജീവ് മില്‍ഖാ സിംഗ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്. 

കഴിഞ്ഞ ആഴ്‌ച കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്ന മില്‍ഖായെ ഓക്‌സിജന്‍ ലെവലില്‍ കുറവ് വന്നതോടെയാണ് മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫോര്‍ട്ടിസ് ആശുപത്രിയിലെ മുതിര്‍ന്ന ഡോക്‌ടര്‍മാരാണ് 90കാരനായ മില്‍ഖായെ ചികില്‍സിക്കുന്നത്. 

Latest Videos

വീട്ടിലെ സഹായികളില്‍ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതോടെ നടത്തിയ പരിശോധനയില്‍ മില്‍ഖാ സിംഗിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. 

'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്. രാജ്യം 1958ല്‍ പദ്‌മശ്രീ നല്‍കി ആദരിച്ചു. 

ഒളിംപ്യന്‍ മില്‍ഖാ സിംഗിന് കൊവിഡ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!