ഗോള്‍ഡന്‍ ബോയിയായി ജെറെമി ലാൽറിന്നുംഗ; ഭാരോദ്വഹനത്തിൽ റെക്കോര്‍ഡോടെ സ്വര്‍ണം

By Jomit Jose  |  First Published Jul 31, 2022, 3:56 PM IST

ഭാരോദ്വഹനത്തിൽ പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ ജെറെമി ലാൽറിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി


ബ‍ർമിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍(Commonwealth Games 2022) പത്തൊമ്പത് വയസുകാരന്‍ ജെറെമി ലാൽറിന്നുംഗയുടെ(Jeremy Lalrinnunga) വിസ്‌മയ പ്രകടനത്തോടെ ഇന്ത്യക്ക് അഞ്ചാം മെഡല്‍. ഭാരോദ്വഹനത്തിൽ(Weightlifting) പുരുഷന്‍മാരുടെ 67 കിലോവിഭാഗത്തിൽ ജെറെമി ലാൽറിന്നുംഗ ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഇത്തവണ ഗെയിംസില്‍ ഇന്ത്യയുടെ രണ്ടാം സ്വര്‍ണമാണിത്. ഇന്നലെ വനിതകളുടെ ഭാരദ്വേഹനത്തില്‍ മീരാബായി ചനു സ്വര്‍ണമണിഞ്ഞിരുന്നു. 

കരിയറിലെ തന്‍റെ ആദ്യ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തന്നെ ജെറെമി ലാൽറിന്നുംഗ സ്വര്‍ണവുമായി വിസ്‌മയിപ്പിക്കുകയായിരുന്നു. സ്‌നാച്ചില്‍ 140 കിലോയും ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 160 കിലോയുമായി ആകെ 300 കിലോയാണ് ജെറെമി ലാൽറിന്നുംഗ ഉയര്‍ത്തിയത്. ജെറെമി ഉയര്‍ത്തിയ 300 കിലോ ഗെയിംസ് റെക്കോര്‍ഡാണ്. സ്‌നാച്ചിലെ ജെറെമിയുടെ 140 കിലോയും പുതിയ ഗെയിംസ് റെക്കോര്‍ഡായി മാറി. എന്നാല്‍ മത്സരത്തിന്‍റെ അവസാന ഘട്ടത്തില്‍ ജെറെമിക്ക് പരിക്കേറ്റത് ആശങ്കയാണ്. 

JEREMY WINS GOLD 🥇

19-yr old wins Gold on his debut at CWG, winning 2nd 🥇 & 5th 🏅 for 🇮🇳 at 🔥

Indomitable Jeremy lifted a total of 300kg (GR) in Men's 67kg Finals🏋‍♂️ at

Snatch- 140Kg (GR)
Clean & Jerk- 160Kg

CHAMPION 🙇‍♂️🙇‍♀️ pic.twitter.com/pCZL9hnibu

— SAI Media (@Media_SAI)

Latest Videos

undefined

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇതുവരെ അഞ്ച് മെഡലുകളാണ് ഇന്ത്യ നേടിയിട്ടുള്ളത്. വനിതകളുടെ ഭാരദ്വേഹനത്തില്‍ 49 കിലോഗ്രാം വിഭാഗത്തില്‍ മീരാബായി ചനുവിലൂടെയാണ് ആദ്യ സ്വര്‍ണമെത്തിയത്. ഗെയിംസ് റെക്കോ‍ർഡോടെയാണ് മീരാബായി സ്വർണം നിലനിർത്തിയത്. ഭാരദ്വേഹനത്തില്‍ പുരുഷ വിഭാഗം 55 കിലോ വിഭാഗത്തില്‍ സങ്കേത് സാര്‍ഗര്‍ വെള്ളിയും 61 കിലോഗ്രാം വിഭാഗത്തില്‍ ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു. രണ്ടാം ദിവസത്തെ അവസാന മത്സരത്തില്‍ ബിന്ധ്യാറാണി ദേവിയിലൂടെ ഗെയിംസില്‍ ഇന്ത്യ നാലാം മെഡൽ സ്വന്തമാക്കുകയായിരുന്നു. ഭാരോദ്വഹനത്തിലെ 55 കിലോ വിഭാഗത്തിലാണ് ബിന്ധ്യാറാണിയുടെ മെഡല്‍നേട്ടം. 

INDW vs PAKW : ഒരു നിമിഷം പോലും മിസ്സാക്കരുത്; ഇന്ത്യ-പാക് വനിതാ ക്രിക്കറ്റ് പോര് കാണാന്‍ ഈ വഴികള്‍

click me!