Commonwealth Games 2022 : 4x400 മീറ്റർ പുരുഷ റിലേ; മെഡലടിക്കാന്‍ ഇന്ത്യക്കായി ഇറങ്ങുക മലയാളിക്കൂട്ടം?

By Jomit Jose  |  First Published Jul 30, 2022, 12:27 PM IST

ടോക്കിയോ ഒളിംപിക്‌സിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി ഇന്ത്യ ഓടിയെത്തിയപ്പോൾ മൂന്ന് താരങ്ങളും മലയാളികളായിരുന്നു


ബ‍ർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസില്‍(CWG 2022) ഒരുപക്ഷേ ഇന്ത്യക്കായി ഇത്തവണ പുരുഷ 4x400 മീറ്റര്‍ റിലേയിൽ(Men's 4x400m relay) സമ്പൂർണ മലയാളി സംഘമാകും ഇറങ്ങുക. പുരുഷന്മാരിൽ 4x400 മീറ്റർ ടീമിലുള്ള അഞ്ച് പേരിൽ നാലും മലയാളികളാണ്.

ടോക്കിയോ ഒളിംപിക്‌സിൽ പുരുഷന്മാരുടെ 4x400 മീറ്റർ റിലേയിൽ ഏഷ്യൻ റെക്കോർഡ് തിരുത്തി ഇന്ത്യ ഓടിയെത്തിയപ്പോൾ മൂന്ന് താരങ്ങളും മലയാളികളായിരുന്നു. മുഹമ്മദ് അനസും നോഹ നിർമൽ ടോമും ദില്ലി മലയാളി അമോജ് ജേക്കബും. അന്ന് ടീമിലുണ്ടായിരുന്ന ആരോഗ്യ രാജീവ് ഇത്തവണ സംഘത്തിലില്ല. ബർമിംഗ്‌ഹാമിലെ ഇന്ത്യൻ സംഘത്തിൽ മുഹമ്മദ് അജ്മലും നോഹ നിർമൽ ടോമും അമോജ് ജേക്കബും നേരത്തെ ഇടംപിടിച്ചിരുന്നു. പരിക്കേറ്റ രാജേഷ് രമേഷിനെ ഒഴിവാക്കി. ടീമിൽ ഉൾപ്പെടുത്തിയ മുഹമ്മദ് അനസ് കൂടി ചേരുമ്പോൾ മലയാളിക്കൂട്ടം തയ്യാർ. അഞ്ചാമനായി ടീമിലുള്ളത് തമിഴ്നാട്ടുകാരൻ നാഗനാഥൻ പാണ്ടിയാണ്. പരിശീലനത്തിലെ പ്രകടനത്തിൽ മലയാളിതാരങ്ങൾ മികച്ചുനിന്നാൽ ഇന്ത്യക്കായി നാല് പേർക്കും കളത്തിലിറങ്ങാൻ അവസരമൊരുങ്ങും. 

Latest Videos

undefined

ടോക്കിയോയില്‍ ഇന്ത്യ 3.00.25 സമയമെടുത്താണ് മത്സരം പൂര്‍ത്തിയാക്കിയത്. മലയാളിതാരങ്ങൾക്ക് കോമൺവെൽത്ത് ഗെയിംസിൽ പോഡിയത്തിലെത്താനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേസമയം കോമൺവെൽത്ത് ഗെയിംസിൽ അത്‍ലറ്റിക്‌സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാവും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങുന്ന പുരുഷൻമാരുടെ മാരത്തണിൽ നിതേന്ദ്ര സിംഗ് റാവത്താണ് ഇന്ത്യക്കായി മത്സരിക്കുക. 

പ്രതീക്ഷയുടെ ദിനം 

കോമൺവെൽത്ത് ഗെയിംസിന്‍റെ രണ്ടാം ദിനമായ ഇന്ന് ഇന്ത്യ ഇറങ്ങുന്നത് മെഡൽ പ്രതീക്ഷയോടെ. ഭാരോദ്വഹനത്തിൽ മീരാഭായി ചനുവും സങ്കേത് സാഗറും ഇന്ത്യയുടെ ഉറച്ച മെഡൽ പ്രതീക്ഷയാണ്. 49 കിലോ വിഭാഗത്തിൽ മീരാഭായിയുടെ മത്സരം തുടങ്ങുക ഇന്ത്യന്‍സമയം രാത്രി എട്ട് മണിക്കാണ്.  ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഇറങ്ങുന്ന സങ്കേത് മഹാദേവ് സാഗറിലൂടെ ഇന്ത്യ ആദ്യ മെ‍ഡൽ പ്രതീക്ഷിക്കുന്നു. ബോക്സിംഗിൽ ഒളിംപിക് വെങ്കല മെഡൽ ജേതാവ് ലോവ്‍ലിന ബോർഗോഹെയ്ൻ, ഹുസാമുദ്ദീൻ മുഹമ്മദ്, സൻജീത് എന്നിവർ ആദ്യ റൗണ്ട് മത്സരത്തിനിറങ്ങും. വനിതാ ഹോക്കിയിൽ തുടർച്ചയായ രണ്ടാം ജയം ലക്ഷ്യമിട്ട് ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നതും പ്രത്യേകതയാണ്. 

Commonwealth Games 2022 : സ്വര്‍ണപ്രതീക്ഷയോടെ മീരാഭായി ചനു; ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് നിര്‍ണായകം

click me!