വെള്ളി മെഡൽ നേടിയ ചൈനയുടെ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ടീമിന്‍റെയടക്കം അവസ്ഥ ചൂണ്ടികാട്ടിയാണ് താരങ്ങളുടെ ഗതികേട് ബിബിസി റിപ്പോർട്ട് ചെയ്യത്
ടോക്യോ: ലോക കായിക മാമാങ്കമായ ഒളിംപിക്സിൽ മെഡൽ നേടാൻ എല്ലാ താരങ്ങളും ശ്രമിക്കാറുണ്ട്. മെഡൽ നേടുന്നതിനെക്കാൾ പങ്കെടുക്കുക, പോരാടുക എന്നതിനാണ് പ്രാധ്യാന്യം എന്ന് ഒളിംപിക്സ് സംഘാടകർ തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട്. എന്നാൽ മെഡൽ നേടിയാലും പോര, സ്വർണ മെഡൽ തന്നെ നേടണമെന്ന ഗതികേട് പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് ഉണ്ടായാൽ എന്തുചെയ്യും. ചൈനയിൽ നിന്നുള്ള താരങ്ങൾ ഈ ഗതികേടാണ് നേരിടുന്നതെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. സ്വർണം നേടാനായില്ലെങ്കിൽ ദേശദ്രോഹിയായി കണക്കാക്കണമെന്നാണ് ചൈനീസ് ദേശീയവാദികൾ പറയുന്നതെന്നാണ് റിപ്പോർട്ട് ചൂണ്ടികാട്ടുന്നത്.
വെള്ളി മെഡൽ നേടിയ ചൈനയുടെ മിക്സഡ് ഡബിൾസ് ടേബിൾ ടെന്നീസ് ടീമിന്‍റെയടക്കം അവസ്ഥ ചൂണ്ടികാട്ടിയാണ് താരങ്ങളുടെ ഗതികേട് ബിബിസി റിപ്പോർട്ട് ചെയ്യത്. കലാശപോരാട്ടത്തിൽ പരാജയപ്പെട്ട സു സിൻ, ലു ഷ്വിൻ സംഖ്യത്തിന് വെള്ളി മെഡലാണ് നേടാനായത്. ഒളിംപിക്സ് വേദിയിലെ അഭിമാന നേട്ടമാണ് വെള്ളിയെങ്കിലും ഇരു താരങ്ങളും രാജ്യത്തോട് കണ്ണീരോടെ ക്ഷമാപണം നടത്തുകയായിരുന്നു. വെള്ളി മെഡൽ നേടിയതിന് രാജ്യത്തോട് കണ്ണീരോടെ ക്ഷമാപണം നടത്തുന്നുവെന്നായിരുന്നു ലു ഷ്വിൻ മത്സരശേഷം പ്രതികരിച്ചത്. രാജ്യം ഞങ്ങളുടെ പോരാട്ടം ഉറ്റുനോക്കുകയായിരുന്നുവെന്ന് അറിയാമായിരുന്നെന്നും ചൈനയ്ക്ക് അംഗീകരിക്കാനാകാത്ത ഫലമാണ് ഉണ്ടായതെന്നുമായിരുന്നു ജപ്പാനെതിരായ തോൽവിക്ക് ശേഷം സഹതാരം സു സിൻ പറഞ്ഞത്.
രാജ്യത്തെ പരാജയപ്പെടുത്തിയവർ എന്നായിരുന്നു മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ വെയ്‌ബോയിൽ പലരും ഇവർക്കെതിരെ പങ്കുവച്ച വികാരമെന്നത് ചൈനീസ് താരങ്ങളുടെ അവസ്ഥ ചൂണ്ടികാട്ടുന്നതാണ്. മറ്റു ചിലരാകട്ടെ ജപ്പാൻ താരങ്ങൾക്ക് വേണ്ടി റഫറി പക്ഷപാതിത്വം കാട്ടിയെന്ന വിമർശനമാണ് ഉന്നയിച്ചത്.
തീവ്ര ദേശീയ വാദികളെ സംബന്ധിച്ചിടത്തോളം, ഒളിംപിക്സ് സ്വർണ മെഡൽ നഷ്ടപ്പെടുത്തുന്നത് 'ദേശസ്നേഹമില്ലാത്തതിന്' തുല്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടികാട്ടിയതായി ബിബിസി റിപ്പോർട്ടിലുണ്ട്. ഇത്തരക്കാർക്ക് ഒളിംപിക്സ് മെഡൽ പട്ടിക രാജ്യത്തിന്‍റെ അന്തസ് കാണിക്കുന്നതിനായുള്ളതാണെന്ന് നെതർലാന്‍റ്സ് ലൈഡൻ ഏഷ്യ സെന്‍റർ ഡയറക്ടർ ഡോ. ഫ്ലോറിയൻ ഷ്നൈഡർ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ ഒളിംപിക്സ് പോലുള്ള മത്സരത്തിൽ പരാജയപ്പെടുന്ന ഒരാൾ രാജ്യത്തെ നിരാശപ്പെടുത്തുകയോ വഞ്ചിക്കുകയോ ചെയ്യുന്നുവെന്നാണ് തീവ്ര ദേശീയവാദികളുടെ ചിന്ത. പരാജയം ജപ്പാൻ താരങ്ങളോടായതിനാൽ തന്നെ ചൈനീസ് ദേശീയവാദികൾക്ക് രോഷം കൂടും. കാരണം, 1931 -ൽ വടക്കൻ ചൈനയിലെ മഞ്ചൂറിയയിൽ ജപ്പാന്‍റെ അധിനിവേശവുമായി ബന്ധപ്പെട്ടുണ്ടായ യുദ്ധവും പ്രശ്നങ്ങളും രണ്ട് രാജ്യങ്ങൾക്കിടയിൽ ഇന്നും വ്രണമായി അവശേഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മത്സരം ഒരു കായികപോരാട്ടം മാത്രമല്ല, ചൈനയും ജപ്പാനും തമ്മിലുള്ള സംഘർഷമാണെന്ന നിലയിലാണ് ചൈനീസ് ദേശീയവാദികൾ കാണുന്നതെന്ന് ഡോ ഷ്നൈഡർ ചൂണ്ടികാട്ടി. അതുകൊണ്ടുതന്നെ ജപ്പാനോടേറ്റ പരാജയം അവർക്ക് സഹിക്കാനാകുന്നതല്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona