ചെസ് ലോകകപ്പ്: വിസ്‌മയ കൗമാരം ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ, എതിരാളി മാഗ്നസ് കാൾസണ്‍, റെക്കോര്‍ഡ്

By Web Team  |  First Published Aug 21, 2023, 9:50 PM IST

ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു


ബാകു: ചെസ് ലോകകപ്പില്‍ ഇന്ത്യയുടെ പതിനെട്ടുകാരന്‍ ആര്‍ പ്രഗ്നാനന്ദ ഫൈനലിൽ. നോര്‍വെയുടെ ഇതിഹാസ താരം മാഗ്നസ് കാൾസനാണ് കലാശപ്പോരിലെ എതിരാളി. അമേരിക്കയുടെ ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനോയെ തോല്‍പിച്ചാണ് പ്രഗ്നാനന്ദ കലാശപ്പോരിന് യോഗ്യത നേടിയത്. 3.5-2.5 എന്ന പോയിന്‍റില്‍ ടൈബ്രേക്കറിലൂടെയായിരുന്നു ഫൈനല്‍ പ്രവേശനം. ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ നാല് ഇന്ത്യന്‍ താരങ്ങളില്‍ ആര്‍ പ്രഗ്നാനന്ദ മാത്രമാണ് ടൂര്‍ണമെന്‍റില്‍ അവശേഷിക്കുന്നത്. ഇന്ത്യയുടെ തന്നെ അര്‍ജുന്‍ എരിഗൈസിയെ പ്രഗ്നാനന്ദ നേരത്തെ പരാജയപ്പെടുത്തിയിരുന്നു. 

ഫൈനലില്‍ എത്തിയതോടെ ബോബി ഫിഷര്‍, മാഗ്‌നസ് കാള്‍സണ്‍ എന്നിവര്‍ക്ക് ശേഷം കലാശപ്പോരിന് യോഗ്യത നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടം ആര്‍ പ്രഗ്നാനന്ദ സ്വന്തമാക്കി. ചെസ് ലോകകപ്പില്‍ 2005ല്‍ നോക്കൗട്ട് ഫോര്‍മാറ്റ് തുടങ്ങിയ ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം പ്രഗ്നാനന്ദ പേരിലാക്കിയതും ശ്രദ്ധേയമാണ്. ഈ ലോകകപ്പിനിടെയാണ് പ്രഗ്നാനന്ദ 18 വയസ് പൂര്‍ത്തിയാക്കിയത്. 2000, 2002 വര്‍ഷങ്ങളില്‍ 24 താരങ്ങളുള്ള റൗണ്ട്-റോബിന്‍ ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റിലായിരുന്നു ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് കിരീടം ചൂടിയത്. 

Latest Videos

undefined

ലോക ചാമ്പ്യനായ മാഗ്നസ് കാള്‍സനെ മുമ്പ് പരാജയപ്പെടുത്തിയിട്ടുള്ള താരമാണ് ആര്‍ പ്രഗ്നാനന്ദ. അതിനാല്‍തന്നെ ചെസ് ലോകകപ്പ് ഫൈനല്‍ വലിയ ആവേശമാകും. വിശ്വനാഥന്‍ ആനന്ദിനും ഹരികൃഷ്ണനും ശേഷം കാള്‍സനെ തോല്‍പിക്കുന്ന ഇന്ത്യന്‍ താരമാണ് പ്രഗ്നാനന്ദ. ഫൈനലില്‍ കാള്‍സണ്‍ എതിരാളിയായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നാണ് ഫാബിയാനോ കരുവാനോയെ തോല്‍പിച്ച ശേഷം പ്രഗ്നാനന്ദയുടെ പ്രതികരണം. ഫൈനലിലെത്തിയ ആര്‍ പ്രഗ്നാനന്ദയെ ഇന്ത്യന്‍ ഇതിഹാസം വിശ്വനാഥന്‍ ആനന്ദ് അഭിനന്ദിച്ചു. 

Read more: ദുബായ് ചെസ് ഓപ്പണ്‍: പ്രഗ്നാനന്ദയെ വീഴ്‌ത്തി അരവിന്ദ് ചിദംബരത്തിന് കിരീടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!