മാഗ്നസ് കാള്‍സണെ തോല്‍പിച്ച് ചെസ് ലോകകപ്പ് നേടിയാല്‍ ഭീമന്‍ തുകയാണ് ആർ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുക
ബാകു: ഇന്നലെ ചന്ദ്രയാന്‍ എങ്കില്‍ ഇന്ന് ഇന്ത്യന്‍ കണ്ണുകളത്രയും ആർ പ്രഗ്നാനന്ദയിലാണ്. ചെസ് ലോകകപ്പില്‍ നോർവെ ഇതിഹാസം മാഗ്നസ് കാള്‍സണുമായുള്ള ഫൈനലില്‍ ഇന്ത്യയുടെ അഭിമാന താരം പ്രഗ്നാനന്ദ ടൈബ്രേക്കറിന് ഇന്നിറങ്ങും. കലാശപ്പോരിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയില്‍ അവസാനിച്ചതോടെയാണ് കരുക്കളുടെ അങ്കം ടൈബ്രേക്കറിലേക്ക് നീണ്ടത്. ലോക ഒന്നാം നമ്പർ താരമായ കാള്‍സണെ വീഴ്ത്തി ആർ പ്രഗ്നാനന്ദ ഇന്ത്യന്‍ അഭിമാനം ചന്ദ്രനോളം ഉയർത്തും എന്ന പ്രതീക്ഷയിലാണ് രാജ്യം.
ചെസ് ലോകകപ്പ് നേടിയാല്‍ ഭീമന്‍ സമ്മാനത്തുകയാണ് ആർ പ്രഗ്നാനന്ദയ്ക്ക് ലഭിക്കുക. വിജയിക്ക് ഏകദേശം 90,93,551 ഇന്ത്യന്‍ രൂപയാണ് ലോകകപ്പിലെ സമ്മാനത്തുക. റണ്ണറപ്പാകുന്ന താരത്തിന് 66,13,444 രൂപ ലഭിക്കും. 1,51,392,240 രൂപയാണ് ടൂർണമെന്‍റിലെ ആകെ സമ്മാനത്തുക.
undefined
ചെസ് ലോകകപ്പ് ചരിത്രത്തില്‍ മാഗ്നസ് കാള്‍സണും ആർ പ്രഗ്നാനന്ദയും ആദ്യമായാണ് മുഖാമുഖം വന്നത്. ഫൈനലിലെ രണ്ട് ഗെയിമുകളും സമനിലയിൽ അവസാനിച്ചതോടെയാണ് ചെസ് ലോകകപ്പ് പോരാട്ടം ടൈബ്രേക്കറിലേക്ക് നീണ്ടത്. ആദ്യ മത്സരത്തിൽ 35 ഉം രണ്ടാം മത്സരത്തിൽ 30 ഉം നീക്കത്തിനൊടുവിൽ ഇരുവരും സമനില സമ്മതിച്ചു. രണ്ടാം മത്സരത്തിൽ വെളുത്ത കരുക്കളുടെ ആനുകൂല്യമുണ്ടായിട്ടും കാൾസണ്‍ കളി സമനിലയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ആരോഗ്യപ്രശ്നവും ടൈബ്രേക്കറില്‍ റാപ്പിഡ് ചെസിലെ ആത്മവിശ്വാസവും കാരണമാണ് ഇതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നരയ്ക്കാണ് ടൈബ്രേക്കർ മത്സരം തുടങ്ങുക. റാപ്പിഡ് ടൈബ്രേക്കറിൽ മത്സരം അവസാനിപ്പിക്കാനായാൽ പ്രഗ്നാനന്ദയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ താരത്തിന്‍റെ പരിശീലകൻ ആര്‍ ബി രമേശ് പറഞ്ഞു. കാൾസണും പ്രഗ്നാനന്ദയും ഒരുപോലെ ക്ഷീണിതരാണെന്നും രമേശ് റുമേനിയയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം