ജോക്കോവിച്ച് വീണു! വിംബിള്‍ഡണിന് പുതിയ അവകാശി; അല്‍ക്കറാസിന് പുല്‍കോര്‍ട്ടിലെ ആദ്യ ഗ്രാന്‍സ്ലാം

By Web Team  |  First Published Jul 16, 2023, 11:32 PM IST

വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല.


ലണ്ടന്‍: പുരുഷ വിഭാഗം വിംബിള്‍ഡണിന് പുതിയ അവകാശി. നിലവിലെ ചാംപ്യന്‍ നൊവാക് ജോക്കോവിച്ചിന് അടിതെറ്റിയപ്പോള്‍ സ്പാനിഷ് താരം കാര്‍ലോസ് അല്‍ക്കറാസ് പുല്‍കോര്‍ട്ടിലെ ആദ്യ കിരീടത്തില്‍ ചുംബിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു അല്‍ക്കറാസിന്റെ നേട്ടം. സ്‌കോര്‍: 1-6, 7-6, 6-1, 3-6, 6-4. ലോക ഒന്നാം നമ്പര്‍ താരമായ അല്‍ക്കറാസിന്റെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണും അല്‍ക്കറാസിനായിരുന്നു. 

വിംബിള്‍ഡണില്‍ എട്ടാം കിരീടവും ഇരുപത്തിനാലാം ഗ്രാന്‍സ്ലാം നേട്ടവും ലക്ഷ്യമിട്ടാണ് ജോക്കോവിച്ച് ഇറങ്ങിയത്. ആദ്യ സെറ്റില്‍ താരം സൂചന നല്‍കുകയും ചെയ്തു. അല്‍ക്കറാസ് ചിത്രത്തിലെ ഉണ്ടായിരുന്നില്ല. രണ്ടാം സെറ്റില്‍ ടൈബ്രേക്കറില്‍ അല്‍ക്കറാസ് സെറ്റ് പിടിച്ചു. മൂന്നാം സെറ്റിലും സ്പാനിഷ് താരത്തിന്റെ ആധിപത്യം. എന്നാല്‍ നാലാം സെറ്റില്‍ ജോക്കോവിച്ച് തിരിച്ചടിച്ചു. 3-6ന് സെറ്റ് കയ്യില്‍. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കത്തില്‍ തന്നെ ജോക്കോവിച്ചിന്റെ സെര്‍വ് ബ്രേക്ക് ചെയ്യാന്‍ അല്‍ക്കറാസിന് സാധിച്ചു. പിന്നീട് സമ്മര്‍ദ്ദത്തിന് അടിമപ്പെടാതെ അല്‍ക്കറാസ് ഗെയിമും മത്സരവും സ്വന്തമാക്കി.

Latest Videos

undefined

ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ സെര്‍ബിയന്‍ താരത്തിനോടേറ്റ തോല്‍വിക്ക് പകരം വീട്ടാന്‍ കൂടി അല്‍ക്കറാസിന് സാധിച്ചു. മുപ്പത്തിയാറാം വയസ്സില്‍ ജോകോവിച്ചിന്റെ മുപ്പത്തിയഞ്ചാം മേജര്‍ ഫൈനലായിരുന്നു ഇത്. ജയിച്ചിരുന്നെങ്കില്‍ ഓപ്പണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ സെറിന വില്യംസിന്റെ 23 കിരീടങ്ങളുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ജോക്കോവിച്ചിന് സാധിക്കുമായിരുന്നു. 

വനിതാ കിരീടം വോഡ്രുസോവയ്ക്ക്

ലണ്ടന്‍: വനിതാ വിഭാഗം കിരീടം ചെക്ക് താരം മാര്‍കേറ്റ വോഡ്രുസോവ സ്വന്തമാക്കി. ടുണീഷ്യയുടെ ഓന്‍സ് ജബൗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് മാര്‍കകേറ്റ കിരീടം നേടിയത്. താരത്തിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം നേട്ടമാണിത്. 2019ല്‍ ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലെത്തിയതാണ് ഇതിന് മുമ്പത്തെ മികച്ച നേട്ടം. 2020 ഒളിംപിക്‌സില്‍ വെള്ളി നേടാന്‍ താരത്തിന് സാധിച്ചിരുന്നു. അതേസമയം, ജബൗര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടത്തിനായി ഇനിയും കാത്തിരിക്കണം. കഴിഞ്ഞ വര്‍ഷവും താരം ഫൈനലില്‍ പുറത്തായിരുന്നു. മാത്രമല്ല, അവസാന വര്‍ഷം യുഎസ് ഓപ്പണ്‍ ഫൈനലിലെത്താനും ജബൗറിന് സാധിച്ചു.

അര്‍ജന്റീനയുടെ 19കാരന്‍ അലസാന്ദ്രോ ഗര്‍നാച്ചോ അച്ഛനാകുന്നു; പങ്കാളിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് താരം

click me!