അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും

By Web Team  |  First Published Jun 29, 2022, 6:30 PM IST

Businessman Punit Balan and rapper Badshah buy team in Ultimate Kho Kho


മുംബൈ: രാജ്യത്തെ ഏറ്റവും വലിയ പ്രൊഫഷണല്‍ ഖൊ ഖൊ ടൂര്‍ണമെന്‍റായ അള്‍ട്ടിമേറ്റ് ഖൊ ഖൊയിലെ(Ultimate Kho Kho) മുംബൈ ഫ്രാഞ്ചൈസിയുടെ ഉടമസ്ഥാവകാശം പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും ഡെവലപ്പറുമായ പുനിത് ബാലനും പ്രശസ്ത ഗായകന്‍ ബാദ്ഷായും ഏറ്റെടുത്തു. മുംബൈ ആസ്ഥാനമായുള്ള ടീം ഈ വര്‍ഷാവസാനം ആരംഭിക്കുന്ന ടൂര്‍ണമെന്‍റിനുള്ള ലൈനപ്പ് പൂര്‍ത്തിയാക്കി. അള്‍ട്ടിമേറ്റ്  ഖൊ ഖൊ കായികക രംഗത്ത് വലിയ സാധ്യതകളാണ് തുറന്നിടുന്നതെന്നും ടൂര്‍ണമെന്‍റിലൂടെ സൂപ്പര്‍താരങ്ങളെ കണ്ടെത്താനും വളര്‍ത്തിയെടുക്കാനും സാധിക്കുമെന്നും ബാദ്ഷ അഭിപ്രായപ്പെട്ടു.

മികച്ച സാഹചര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും പരിശീലനവും പോഷകാഹാരവും ഉറപ്പാക്കി മികച്ച കളിക്കാരെ വളര്‍ത്തിയെടുക്കുക എന്നതാണ് ലീഗിന്റെ ഭാഗമാകുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ടീമിന്റെ സഹ ഉടമയും ബാലന്‍ ഗ്രൂപ്പിന്‍റെ തലവനും യുവ വ്യവസായിയുമായ പുനീത് ബാലന്‍ ബാഡ്മിന്റണ്‍, ടെന്നീസ്, ടേബിള്‍ ടെന്നീസ്, ഹാന്‍ഡ്ബോള്‍ ലീഗ് തുടങ്ങി വിവിധ കായിക മേളകളില്‍ ടീമുകളുടെ ഉടമസ്ഥനാണ്.

Latest Videos

undefined

സ്‌പോര്‍ട്‌സ് എംപ്ലോയ്‌മെന്റ് സ്റ്റാര്‍ട്ടപ് രംഗത്ത് അദ്ദേഹം നിരവധി നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ വിവിധ ലീഗുകളുടെ ഭാഗമായതിലൂടെ കായിക വികസനത്തില്‍ തന്റേതായ പങ്കുവഹിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും ഇപ്പോള്‍ അള്‍ട്ടിമേറ്റ് ഖൊ ഖൊയ്ക്കൊപ്പം, ഖൊ ഖൊയുടെ വിജയത്തിലേക്കുള്ള യാത്രയില്‍ ഒരു പങ്ക് വഹിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പുനീത് ബാലന്‍ പറഞ്ഞു.

മുംബൈ ഫ്രാഞ്ചൈസിയുടെ സഹ ഉടമകളായി ബാദ്ഷായെയും പുനീതിനെയും സ്വാഗതം ചെയ്യുന്നുവെന്ന് അള്‍ട്ടിമേറ്റ് ഖൊ ഖൊ സിഇഒ ടെന്‍സിങ് നിയോഗി പറഞ്ഞു. നിരവധി കോര്‍പറേറ്റുകളും ഒഡീഷ സര്‍ക്കാറും ഇപ്പോള്‍തന്നെ ലീഗിന്റെ ഭാഗമാണ്. സിനിമ, സംഗീത മേഖലയില്‍ നിന്നുള്ള രണ്ടു ജനപ്രിയ പേരുകള്‍ കൂടി ചേരുന്നതോടെ ലീഗിന്റെ പ്രശസ്തി വര്‍ധിക്കും. ഖൊ ഖൊയ്ക്ക് മഹാരാഷ്ട്രയില്‍ ആഴത്തിലുള്ള വേരോട്ടമുണ്ട്. അടുത്തിടെ സമാപിച്ച ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഖൊ ഖൊയില്‍ പുരുഷ വനിതാ വിഭാഗങ്ങളില്‍ മഹാരാഷ്ട്ര ചാംപ്യന്മാരായിരുന്നു. സംസ്ഥാന തലസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന മുംബൈ ടീം ഗെയിമിന്‍റെ ജനപ്രീതി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുമെന്നും ടെന്‍സിങ് നിയോഗി പറഞ്ഞു.

ലീഗിലെ അഞ്ചാം ഫ്രാഞ്ചൈസിയുടെ ഉടമസ്ഥര്‍ ഒഡീഷ സര്‍ക്കാറാണ്. ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യ ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് ഒഡീഷ സര്‍ക്കാര്‍ ടീമിനെ സ്വന്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗുജറാത്ത് ടീമും ജിഎംആര്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള തെലങ്കാന ടീമും ലീഗില്‍ മാറ്റുരക്കുന്നുണ്ട്. കാപ്രി ഗ്ലോബല്‍, കെഎല്‍ഒ സ്‌പോര്‍ട്‌സ് എന്നിവരാണ് മറ്റു ടീം ഉടമകള്‍. ഖൊഖൊ ഫെഡറേഷന്‍ ഓഫ് ഇന്ത്യയും ഡാബര്‍ ഇന്ത്യ ലിമിറ്റഡും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ലീഗിന്റെ സംപ്രേക്ഷണാവകാശം സോണി പിക്‌ചേഴ്‌സ് നെറ്റവര്‍ക്കിനാണ്. സ്പോര്‍ട്സ് ചാനലുകളായ SonyTEN 1(SD & HD), SonyTEN 3 (SD & HD), SonyTEN 4 എന്നിവയിലും, പ്രാദേശിക ഭാഷകളില്‍ ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് എന്നിവയില്‍ SonyLIV-ലും ലീഗ് സംപ്രേക്ഷണം ചെയ്യും.

click me!