'കുടുംബത്തിന്‍റെ പിന്തുണ വളരെ നിര്‍ണായകമായി. പാരിസ് ഒളിംപിക്‌സ് മനസിലുണ്ട്. എന്നാല്‍ ഏഷ്യന്‍ ഗെയിംസാണ് അടുത്ത ലക്ഷ്യം'.
ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ നിമിഷം ഓര്‍ത്തെടുത്ത് ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്. 'ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ് ടോക്കിയോയിലേത്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയതില്‍ അഭിമാനിക്കുന്നു. ജര്‍മനിക്കെതിരെ പെനാല്‍റ്റി തടുക്കാനായത് വലിയ നേട്ടം. മെഡല്‍ അച്ഛന് സമര്‍പ്പിക്കുന്നു. കുടുംബത്തിന്‍റെ പിന്തുണ വളരെ നിര്‍ണായകമായി. പാരിസ് ഒളിംപിക്‌സ് മനസിലുണ്ട്. എന്നാല്‍ ഏഷ്യന്‍ ഗെയിംസാണ് അടുത്ത ലക്ഷ്യം. ഖേല്‍രത്ന പുരസ്‌കാരം ലഭിച്ചാല്‍ സന്തോഷത്തോടെ സ്വീകരിക്കും' എന്നും ശ്രീജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പി ആര്‍ ശ്രീജേഷുമായി ജോബി ജോര്‍ജ് നടത്തിയ അഭിമുഖം വായിക്കാം
ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജന്‍മം
വളരെയധികം സന്തോഷമുണ്ട്. സന്തോഷത്തിന്‍റെ ആഴം മനസിലാകണമെങ്കില്‍ നാട്ടില്‍ തിരിച്ചെത്തണം. മെഡല്‍ നേടുമെന്നുറപ്പിച്ചാണ് ടീം ടോക്കിയോയില്‍ എത്തിയത്. ഇത് ഇന്ത്യന്‍ ഹോക്കിയുടെ പുനര്‍ജന്‍മമാണ്. മെഡല്‍ നേട്ടത്തിന് ശേഷം ഏറെ വൈകിയാണ് ഉറങ്ങിയത്. റൂമില്‍ എത്തുമ്പോള്‍ തന്നെ 11 മണി കഴിഞ്ഞിരുന്നു. ജയത്തിന്‍റെ ത്രില്ലില്‍ കണ്ണ് തുടിച്ചിരിക്കുകയായിരുന്നു.
അവസാന സേവിനെ കുറിച്ച്
ജര്‍മനി പോലുള്ള ടീം അവസാന നിമിഷം വരെ പോരാടുന്നവരാണ്. ടീം മീറ്റിംഗില്‍ സഹതാരങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു, ജര്‍മനിയെ തള്ളിക്കളയാനാവില്ല. അതിനാല്‍ അവരോട് കളിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. ചെറിയൊരു പ്രതീക്ഷയുണ്ടായിരുന്നു. കളി ജയിക്കാനാകുമെന്ന് അവസാന നിമിഷങ്ങളില്‍ പ്രതീക്ഷിച്ചിരുന്നു. പെനാല്‍റ്റി കോര്‍ണര്‍ ഒട്ടും ഇഷ്ടമല്ലാത്ത ആളാണ്. എന്നാല്‍ ഗോളിയെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ചുമതലയാണത്.
ഗോളിയായത് നന്നായോ?
അവസാന ആറ് സെക്കന്‍ഡിലെ പെനാല്‍റ്റി കോര്‍ണര്‍ വന്നതുകൊണ്ടായിരിക്കാം ഗോളിക്ക് ഇത്ര പ്രാധാന്യം ലഭിക്കുന്നത്. അല്ലെങ്കില്‍ ഗോളടിച്ചവര്‍ മാത്രമേ ആഘോഷിക്കപ്പെടുകയുള്ളൂ. ഒരു ടൂര്‍ണമെന്‍റ് വിജയിക്കണമെങ്കില്‍ ഡിഫന്‍സും ഗോളിയും വിചാരിക്കണമെന്ന് പരിശീലകര്‍ പറയാറുണ്ട്. അതിന്‍റെയൊരു ഫലമാണ് ഈയൊരു വിജയം.
പോസ്റ്റിന് മുകളിലുള്ള ഇരിപ്പ്, ആഘോഷം
പ്രതീക്ഷിച്ചതിനും അപ്പുറമുള്ള കയ്യടിയാണ് ലഭിക്കുന്നത്. ഒരുപാട് പേര്‍ സന്ദേശങ്ങളയക്കുന്നു. വിളിക്കുന്നു. ഇതുവരെ സോഷ്യല്‍ മീഡിയയില്‍ എന്നെ കാര്യമായാരും തിരിഞ്ഞുനോക്കിയിട്ടില്ല. എന്നാല്‍ 24 മണിക്കൂറിനിടെ ഫോളോവേഴ്‌സ് കൂടുന്നുണ്ട്. കഴിഞ്ഞ 21 വര്‍ഷമായി ഗോള്‍ പോസ്റ്റിന് മുന്നില്‍ നില്‍ക്കുന്നുണ്ട്. വലിയൊരു നേട്ടം കിട്ടുമ്പോള്‍ ഗോള്‍ പോസ്റ്റിന് മുകളില്‍ കയറിയാണ് ആഘോഷിക്കേണ്ടത് എന്ന് തോന്നി. ഒരു സന്തോഷം, അത്രയേയുള്ളൂ.
മെഡല്‍ നേട്ടം അച്ഛന്
എല്ലാവരും വലിയ സന്തോഷത്തിലാണ്. മെഡല്‍ നേട്ടം അച്ഛന് സമര്‍പ്പിക്കുന്നു. ഏതൊരു കായിക താരത്തിന്‍റെ വളര്‍ച്ചയ്‌ക്കും കുടുംബത്തിന്‍റെ പിന്തുണ നിര്‍ണായകമാണ്. ഏറെ പ്രശ്‌നങ്ങള്‍ അതിജീവിച്ചാണ് തുടങ്ങിയത്. കല്യാണം കഴിഞ്ഞ ശേഷം ഭാര്യയുടെ ഭാഗത്തുനിന്നുള്ള പിന്തുണയും ലഭിച്ചു. അവരുടെയെല്ലാം ത്യാഗമാണ് ഹോക്കിയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ എന്നെ സഹായിച്ചത്. അവരുടെ പിന്തുണ എന്‍റെ കരിയറിലും നേട്ടങ്ങളിലും വളരെ നിര്‍ണായകമാണ്.
ഇനി പാരീസില്‍?
പാരീസ് സ്വപ്‌നം കാണുന്നുണ്ട്. എന്നാല്‍ ഏഷ്യന്‍ ഗെയിംസിനെയും കോമണ്‍വെല്‍ത്ത് ഗെയിംസിനെയും ലോകകപ്പിനേയും കുറിച്ചാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. പാരീസിനെ കുറിച്ച് ചിന്തിക്കാന്‍ ഇനിയും സമയമുണ്ട്.
മെഡല്‍ നേടാനാകുമെന്ന് വിശ്വസിച്ചത് എപ്പോള്‍...
ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നും ഒളിംപിക് മെഡല്‍ നേടുമെന്നും പ്രതീക്ഷിച്ചയാളല്ല ഹോക്കി കരിയര്‍ തുടങ്ങുമ്പോള്‍. എന്നാല്‍ അടിത്തറയുണ്ടാകുമ്പോഴാണ് മുകളിലേക്ക് ചിന്തിക്കാന്‍ തുടങ്ങുക. പഠനം, ജോലി, കുടുംബ ബുദ്ധിമുട്ട് ഒക്കെ വരുമ്പോഴാണ് പലരും കളി നിര്‍ത്തുന്നത്. ഒരു രാത്രി കൊണ്ട് ആരും കായികതാരമാകില്ല. 365 ദിവസവും കഷ്‌ടപ്പെട്ടാലേ മെഡല്‍ കിട്ടൂ. ജോലി കിട്ടിയത് എനിക്ക് വലിയ വഴിത്തിരിവായി. അത് ആത്മവിശ്വാസമായി, കംഫേര്‍ട്ടോടെ പിന്നീട് പരിശീലിക്കാന്‍ കഴിഞ്ഞു. ഇത്രയും നീണ്ട യാത്രയില്‍ എവിടെനിന്നോ കിട്ടിയതാണ് ഒളിംപിക് മെഡലെന്ന സ്വപ്‌നം.
വനിതാ ടീമിന്‍റെ പ്രകടനം
നമ്മുടെ വനിതാ ടീം അത്ഭുതകരമായ പ്രകടനമാണ് പുറത്തെടുത്തത്. മൂന്ന് മാച്ച് തോറ്റ് തുടങ്ങി. അതിന് ശേഷം നിര്‍ണായകമായ രണ്ട് മത്സരങ്ങള്‍ ജയിച്ചു. രണ്ടാം നമ്പറായ ഓസ്‌ട്രേലിയയെ തോല്‍പിച്ചാണ് പിന്നീട് സെമിയില്‍ കടന്നത്. അവരുടെ പ്രകടനം വളരെ ത്രില്ലിങ്ങായിരുന്നു, ഞങ്ങളെയും പ്രചോദിപ്പിച്ചിട്ടുണ്ട്. വനിതാ ടീം സെമിയില്‍ കടക്കുക എന്നത് അപൂര്‍വ സംഭവമാണ്. വരും താരങ്ങള്‍ക്ക് വലിയ പ്രചോദനവും ധൈര്യവും ആത്മവിശ്വാസവുമാണ് ഈ നേട്ടങ്ങള്‍.
തോല്‍വിയും തിരിച്ചുവരവും
ഓസ്‌ട്രേലിയയോട് തോറ്റ മാച്ച് ലീഗ് റൗണ്ടിലായിരുന്നു. അതിനാല്‍ അടുത്ത മത്സരത്തില്‍ എങ്ങനെ ഫോക്കസ് ചെയ്യാം എന്നതിനെ കുറിച്ചാണ് ചിന്തിച്ചത്. വലിയ തോല്‍വി എല്ലാവരേയും സങ്കടത്തിലാക്കി. എന്നാല്‍ അടുത്ത മത്സരത്തില്‍ ശ്രദ്ധ പതിപ്പിച്ചത് ശക്തമായി തിരിച്ചുവരാന്‍ സഹായകമായി.
കേരളത്തിലേക്ക് എപ്പോള്‍ ?
ഒന്‍പതാം തീയതിയാണ് ടോക്കിയോയില്‍ നിന്ന് തിരിക്കുന്നത്. ദില്ലിയിലേക്ക് വരുന്നത്. നാട്ടില്‍ എപ്പോള്‍ എത്തും എന്ന് ഇപ്പോള്‍ പറയാനാവില്ല.
ഇപ്പോള്‍ ലഭിക്കുന്ന പിന്തുണ, ആദരം
വലിയ പിന്തുണ ലഭിച്ചു. സെമി തോറ്റ ശേഷവും പിന്തുണയുണ്ടായി. തോറ്റു കഴിയുമ്പോഴും ലഭിക്കുന്ന ആ പിന്തുണയാണ് ആവശ്യം. 2012ല്‍ തോറ്റ് വന്നപ്പോള്‍ എല്ലാവരും ചിരിച്ചതും കളിയാക്കിയതും ഓര്‍ക്കുന്നു. ആ ഒരു രീതി മാറി. നാല് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്ന് ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയുന്നു. കായിക താരങ്ങള്‍ക്ക്, അവരുടെ പ്രയത്നത്തിന്, നേട്ടങ്ങള്‍ക്ക് പ്രാധാന്യം കിട്ടുന്നുണ്ട്. സെമി തോറ്റപ്പോള്‍ പ്രധാനമന്ത്രി വിളിച്ചിരുന്നു. താരങ്ങളുമായി സംസാരിച്ചു. തോറ്റതില്‍ വിഷമിക്കേണ്ട, നന്നായി കളിച്ചു, ഞങ്ങളെല്ലാം കൂടെയുണ്ടെന്നും പറഞ്ഞു. പതിവ് യോഗ പോലും മുടക്കി ഞങ്ങളുടെ കഴിഞ്ഞ മത്സരം അദേഹം കണ്ടു. ഇതൊക്കെ കേള്‍ക്കുന്നത് വലിയ സന്തോഷവും പ്രചോദനവുമാണ്.
ഖേല്‍രത്‌ന?
പുരസ്‌കാരങ്ങളൊന്നും നമ്മള്‍ തീരുമാനിക്കുന്നതല്ല. അത് മൂന്നാമതൊരാള്‍ കമ്മിറ്റി കൂടി തീരുമാനിക്കുന്നതാണ്. മികച്ച പ്രകടനത്തിന് അവര്‍ അവാര്‍ഡ് തരികയാണെങ്കില്‍ സന്തോഷത്തോടെ സ്വീകരിക്കും.
കുടുംബത്തെ മിസ് ചെയ്‌തോ?
കായിക താരങ്ങള്‍ പല കാര്യങ്ങളും ത്യഗിക്കേണ്ടിവരും. കുട്ടികളുടെ വളര്‍ച്ചയൊക്കെ മിസ് ചെയ്യുന്നുണ്ട്. എന്നാല്‍ ഇന്നലെ മെഡല്‍ കിട്ടപ്പോള്‍ എന്‍റെ മക്കള്‍ ടിവിക്ക് മുന്നില്‍ നിന്ന് തുള്ളിച്ചാടുന്നത് കണ്ടു. അച്ഛനെന്ന നിലയില്‍ മക്കളുടെ മുന്നില്‍ ഹീറോയാവാന്‍ കഴിയുന്നതാവാം എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം, അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യവും. ഇത്രയും കാലത്തെ കഷ്‌ടപ്പാടിന് ഫലം ലഭിക്കുന്നതും അപ്പോഴാണ്.
ടോക്കിയോയിലെ വിജയശ്രീ
ഇന്ത്യ വെങ്കലം നേടുന്നതില്‍ നിര്‍ണായകമായത് അവസാന നിമിഷത്തിലെ പെനാല്‍റ്റി കോര്‍ണറിലടക്കം മലയാളി ഗോളി പിആര്‍ ശ്രീജേഷ് നടത്തിയ മിന്നും സേവുകളായിരുന്നു. വെങ്കലപ്പോരാട്ടത്തില്‍ ജര്‍മനിയെ 5-4ന് മലര്‍ത്തിയടിച്ചാണ് ഇന്ത്യന്‍ പുരുഷ ടീം ടോക്കിയോയില്‍ മെഡല്‍ അണിഞ്ഞത്. ഒളിംപിക്‌സ് ഹോക്കിയില്‍ നീണ്ട നാല് പതിറ്റാണ്ടിന്‍റെ മെഡല്‍ കാത്തിരിപ്പാണ് ഇതോടെ വിരാമമായത്. ഒരുവേള 1-3ന് പിന്നില്‍ നിന്ന ഇന്ത്യ അതിശക്തമായ തിരിച്ചുവരവില്‍ മെഡല്‍ കൊയ്യുകയായിരുന്നു.
ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ 12-ാം തവണയാണ് മെഡല്‍ സ്വന്തമാക്കുന്നത് എന്ന സവിശേഷതയുമുണ്ട്. എട്ട് സ്വര്‍ണം, ഒരു വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് ഇന്ത്യന്‍ സമ്പാദ്യം. പി ആര്‍ ശ്രീജേഷിലൂടെ ഒളിംപിക് പോഡിയത്തില്‍ വീണ്ടുമൊരു മലയാളിയുടെ സാന്നിധ്യം അറിയിക്കാനുമായി. 1972ല്‍ മാനുവേല്‍ ഫ്രെഡറിക്‌സ് വെങ്കലം നേടിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona