ദേശീയ ടീമിനെ സ്‌പോണ്‍സര്‍ ചെയ്യുന്ന സംസ്ഥാനം! ഒഡീഷയുടെ ഹോക്കി പ്രേമത്തിന്റെ കഥ

By Web Team  |  First Published Aug 5, 2021, 5:53 PM IST

രണ്ട് ടീമിന്റേയും മുന്നേറ്റത്തില്‍ ഒഡീഷ സംസ്ഥാന സര്‍ക്കാറിന് വലിയ പങ്കുണ്ട്. ടീമുകളുടെ ജേഴ്‌സിയില്‍ തുടങ്ങുന്നു ആ പങ്ക്. അതായത്, ഇന്ത്യന്‍ ടീമിനെ സ്‌പോണല്‍ ചെയ്യുന്നത് ഒഡീഷ സര്‍ക്കാരാണ്. 


അവിശ്വസനീയമായ കുതിപ്പാണ് ഇന്ത്യന്‍ ഹോക്കി ടീം ഒളിംപിക്‌സില്‍ നടത്തിയത്. പുരുഷ ടീം വെങ്കലം സ്വന്തമാക്കിയപ്പോള്‍, വനിതാ ടീം അടുത്ത ദിവസം വെങ്കലത്തിനുള്ള മത്സരത്തിനിറങ്ങും. രണ്ട് ടീമിന്റേയും മുന്നേറ്റത്തില്‍ ഒഡീഷ സംസ്ഥാന സര്‍ക്കാറിന് വലിയ പങ്കുണ്ട്. ടീമുകളുടെ ജേഴ്‌സിയില്‍ തുടങ്ങുന്നു ആ പങ്ക്. അതായത്, ഇന്ത്യന്‍ ടീമിനെ സ്‌പോണല്‍ ചെയ്യുന്നത് ഒഡീഷ സര്‍ക്കാരാണ്. 

Latest Videos

2018ലാണ് മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ നേതൃത്വത്തില്‍ ഒഡീഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ ഏറ്റെടുക്കുന്നത്. ഹോക്കി ഇന്ത്യയുമായി അഞ്ച് വര്‍ഷത്തെ കരാറിലാണ് ഒപ്പുവെക്കുന്നത്. മുടക്ക്  150 കോടിയും. സഹാറയുടെ കരാര്‍ അവസാനിച്ചപ്പോഴാണ് സര്‍ക്കാരിന്റെ ഈ തീരുമാനമുണ്ടായത്. ജൂനിയര്‍ ടീമിനേയും സ്‌പോണ്‍സര്‍ ചെയ്യുന്നത് ഒഡീഷ തന്നെ. ആദ്യമായിട്ടാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ ദേശീയ ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കുന്നത്. പട്‌നായിക് ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്. ഹോക്കിയോട് അദ്ദേഹത്തിന് പ്രത്യേക താല്‍പര്യം തന്നെ. 

തന്റെ കുട്ടികാലത്ത് സ്‌കൂള്‍ തലത്തില്‍ ഹോക്കി കളിക്കുമായിരുന്നു പട്‌നായിക്. ഈ താല്‍പര്യമാണ് അദ്ദേഹത്തെ ഹോക്കിയെ ജനപ്രിയമാക്കാന്‍ പ്രേരിപ്പിക്കുന്നതും. ഹോക്കിയില്‍ വിശാലമായ പാരമ്പര്യമുള്ള സംസ്ഥാനമാണ് ഒഡീഷ. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ദിലിപ് ടിര്‍കെ, പ്രതിരോധതാരം ലസാറസ് ബര്‍ള, ഇഗ്നെസ് ടിര്‍കെ തുടങ്ങിവര്‍ ഒഡീഷയുടെ സംഭാവനയാണ്. വനിതകളുടെ പട്ടികയെടുത്താല്‍ ജ്യോതി സുനിത കുള്ളു മുന്‍നിരയിലുണ്ട്. ടോക്യോ ഒളിംപിക്‌സില്‍ കളിച്ച അമിത് രോഹിദാസ്, ബിരേന്ദ്ര ലക്ര എന്നിവര്‍ ഒഡീഷക്കാരാണ്. വനിതാ ടീമില്‍ കളിക്കുന്ന ദീപ് ഗ്രേസ് എക്ക, നമിത തോപ്പോ എന്നിവരും ഒഡീഷക്കാര്‍.

സൗകര്യങ്ങള്‍ ഒരുക്കുന്നതിലും ഒഡീഷ സര്‍ക്കാര്‍ മുന്‍കൈ എടുത്തു. അതിന്റെ തെളിവാണ് കലിംഗ സ്‌റ്റേഡിയും. 2014 ചാംപ്യന്‍സ് ട്രോഫി, ലോക ഹോക്കി ലീഗ്, 2018 ലോകകപ്പും ഇവിടെയാണ് നടന്നത്. 2012വരെ ഹോക്കിക്ക് സ്വന്തമായി ഒരു സ്റ്റേഡിയം പോലും ഇല്ലായിരുന്നു. 2003ല്‍ ഹോക്കി ഒഡീഷ പ്രമോഷന്‍ കൗണ്‍സില്‍ ബോര്‍ഡ് ചെയര്‍മാന്‍ ദിലീപ് ടിര്‍ക്കെയാണ് ഈ വലിയ പ്രൊജക്റ്റിനെ കുറിച്ച് പട്‌നായിക്കുമായി സംസാരിക്കുന്നത്. പട്‌നായിക് മറ്റൊന്നും ആലോചിക്കാതെ സമ്മതം മൂളുകയും ചെയ്തു.

ഇന്ന് ഇന്ത്യന്‍ ഹോക്കിയുടെ ആസ്ഥാനമാണ് ഒഡീഷ. 2023ലെ ഹോക്കി ലോകകപ്പിനും ഒഡീഷയാണ് വേദിയാകുന്നത്. ഭുപനേശ്വറിലും റൂര്‍കെലയിലുമായിരിക്കും മത്സരങ്ങള്‍. റൂര്‍കെലയില്‍ അന്താരാഷ്ട്ര നിലവാരമുള്ള ഹോക്കി സ്‌റ്റേഡിയത്തിന്റെ പണി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഹോക്കി സ്‌റ്റേഡിയമായിരിക്കും അത്. 20,000 കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയും. 356.38 കോടിയാണ് ചെലവ്.

click me!