ക്രെജിക്കോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. താനൊരു ഗ്രാൻസ്ലാം കിരീടം നേടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു.
പാരീസ്: ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ ക്രെജിക്കോവ ഫ്രഞ്ച് ഓപ്പൺ ടെന്നീസ് വനിതാ സിംഗിള്‍സ് ചാമ്പ്യൻ. ഫൈനലില്‍ റഷ്യയുടെ അനസ്താസിയ പാവ്ല്യുചെങ്കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് സീഡ് ചെയ്യപ്പെടാത്ത താരമായ ക്രെജിക്കോവ കിരീടം ചൂടിയത്. സ്കോർ 6-1, 2-6, 6-4.
ക്രെജിക്കോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. താനൊരു ഗ്രാൻസ്ലാം കിരീടം നേടിയെന്നത് വിശ്വസിക്കാനാവുന്നില്ലെന്ന് സമ്മാനദാനച്ചടങ്ങിൽ ക്രെജിക്കോവ പറഞ്ഞു. കരിയറിൽ 52 ഗ്രാൻസ്ലാമുകളിൽ കളിച്ച പാവ്ല്യുചെങ്കോവക്ക് ആദ്യ ഗ്രാൻസ്ലാം ഫൈനലിൽ കിരീടം സ്വന്തമാക്കാനായില്ല.
The first words as the 2021 champion 🎤 | pic.twitter.com/jFSZp8xPtD
— Roland-Garros (@rolandgarros)
പാവ്ല്യുചെങ്കോവക്ക് കാര്യമായ അവസരങ്ങളൊന്നും നൽകാതെ ആദ്യ സെറ്റ് സ്വന്തമാക്കിയ ക്രെജിക്കോവയ്ക്ക് പക്ഷെ രണ്ടാം സെറ്റിൽ ആ മികവ് നിലനിർത്താനായില്ല. ശക്തയായി തിരിച്ചടിച്ച പാവ്ല്യുചെങ്കോ രണ്ടാം സെറ്റ് സ്വന്തമാക്കി കരുത്തു കാട്ടിയെങ്കിലും നിർണായക മൂന്നാം സെറ്റിൽ മികവിലേക്കുയർന്ന ക്രെജിക്കോവ കന്നി കീരിടത്തിൽ മുത്തമിട്ടു.
40 വർഷത്തിനുശേഷമാണ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസിൽ ഒരു ചെക്ക് താരം കിരീടം നേടുന്നത്. 1981ൽ ഹന്ന മന്റലിക്കോവയാണ് ക്രെജിക്കോവക്ക് മുമ്പ് ഫ്രഞ്ച് ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയ ചെക്ക് താരം.