Novak Djokovic: സ്വന്തം തീരുമാനത്തിന്‍റെ ഉത്തരവാദിത്തം ജോക്കോവിച്ച് നേരിടണം, പിന്തുണക്കാതെ നദാല്‍

By Web Team  |  First Published Jan 6, 2022, 6:19 PM IST

ഓസ്ട്രേലിയയിലെ സാധാരണജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നാട്ടിലേക്ക് മടങ്ങാനാവാതെ നിൽക്കുന്ന സാഹചര്യവും നമ്മൾ മനസ്സിലാക്കണമെന്നും റാഫേൽ നദാൽ


മെല്‍ബണ്‍: കൊവിഡ് വാക്സീൻ(Covid Vaccine) എടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) കളിക്കാനായി മെല്‍ബണിലെത്തിയ നൊവാക് ജോക്കോവിച്ചിന്(Novak Djokovic) വീസ നിഷേധിച്ച ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ നടപടിയില്‍ പ്രതികരണവുമായി മുന്‍ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍(Rafael Nadal). ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിനായി എത്തിയ ജോക്കോവിച്ചിനെ 15 മണിക്കൂറിലധികം മെൽബൺ വിമാനത്താവളത്തിൽ ത‍ടഞ്ഞുവെച്ചിരുന്നു.

കൊവിഡിനെതിരെ വാക്സിനെടുക്കാതിരിക്കുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണെന്ന് നദാല്‍ പറഞ്ഞു. എല്ലാവര്‍ക്കും അവരവരുടെ തീരുമാനമെടുക്കാനുള്ള അവകാശമുണ്ട്. എന്നാൽ അതിന് പ്രത്യാഘാതം ഉണ്ടാകുമെന്നും അത് നേരിട്ടേ മതിയാവൂവെന്നും നദാൽ വ്യക്തമാക്കി. ഞാൻ കൊവിഡ് ബാധിതനായിരുന്നു. രണ്ട് വാക്സീൻ പൂർത്തിയാക്കുകയും ചെയ്തു. ഓസ്ട്രേലിയയിലും മറ്റിടങ്ങളിലും നിങ്ങൾക്ക് കളിക്കണമെങ്കിൽ വാക്സീൻ സ്വീകരിച്ചേ പറ്റൂ.

Latest Videos

undefined

ലോകമെമ്പാടും കൊവിഡിനെതിരെ വാക്സീൻ മാത്രമാണ് ഫലപ്രദമെന്നാണ് കരുതുന്നതെന്നും നദാൽ പറഞ്ഞു. ഓസ്ട്രേലിയയിലെ സാധാരണജനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നാട്ടിലേക്ക് മടങ്ങാനാവാതെ നിൽക്കുന്ന സാഹചര്യവും നമ്മൾ മനസ്സിലാക്കണമെന്നും റാഫേൽ നദാൽ കൂട്ടിച്ചേർത്തു. ഇപ്പോഴുണ്ടായ സംഭവങ്ങളില്‍ തനിക്കും അതൃപ്തിയുണ്ടെങ്കിലും ജോക്കോവിച്ചിനോട് ക്ഷമ ചോദിക്കാനെ കഴിയൂ. അതേസമയം, വാക്സിനെടുക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ കളിക്കാനാകില്ലെന്ന കാര്യം മാസങ്ങള്‍ക്ക് മുമ്പെ അറിവുള്ളതാണ്. എന്നിട്ടും അദ്ദേഹം വാക്സിനെടുക്കുന്നില്ലെങ്കില്‍ അതിന്‍റെ പ്രത്യാഘാതങ്ങളും നേരിടണം-നദാല്‍ പറഞ്ഞു.

ഈ മാസം 17 മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ. ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്സീൻ എടുക്കാൻ പറ്റാത്ത ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്ക് ഇളവ് നൽകും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്സീൻ വിരുദ്ധനായ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഇന്നലെ ഉച്ചയോടെ ഓസ്ട്രേലിയയിലെ മെൽബണിലെത്തിയത്.

വിമാനത്താവളത്തിൽ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഓസ്ട്രേലിയയിൽ ആർക്കും ഇളവ് നൽകാനാകില്ലെന്നും വ്യക്തമാക്കി. 15 മണിക്കൂറിലധികം തടഞ്ഞുവെച്ചു. തുടർന്ന് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. ജോക്കോവിച്ചിനെ ഇന്ന് തന്നെ സെർബിയയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. അതേസമയം, ഓസ്ട്രേലിയൻ അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് ജോക്കോവിച്ചിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി

click me!