Novak Djokovic : കൊവിഡ് വാക്‌സീനെടുത്തില്ല; ജോക്കോവിച്ചിന് വീസ നിഷേധിച്ച് ഓസ്ട്രേലിയ, മണിക്കൂറുകള്‍ തടഞ്ഞു

By Web Team  |  First Published Jan 6, 2022, 8:34 AM IST

നിയമം എല്ലാവർക്കും ബാധകമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍


മെല്‍ബണ്‍: കൊവിഡ് വാക്‌സീൻ (Covid Vaccine) എടുക്കാത്ത നൊവാക് ജോക്കോവിച്ചിന് (Novak Djokovic) വീസ നിഷേധിച്ച് ഓസ്ട്രേലിയ. ഓസ്ട്രേലിയൻ ഓപ്പൺ (Australian Open 2022) ടെന്നിസിനായി എത്തിയ താരത്തെ 15 മണിക്കൂറിലധികം മെൽബൺ വിമാനത്താവളത്തിൽ ത‍ടഞ്ഞുവെച്ചു. ജോക്കോവിച്ചിനോട് കാണിച്ചത് മര്യാദകേടെന്നായിരുന്നു സെർബിയയുടെ പ്രതികരണം. നിയമം എല്ലാവർക്കും ബാധകമാണെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ (Scott Morrison) മറുപടി നൽകി.

ഈ മാസം 17 മുതലാണ് ഓസ്ട്രേലിയൻ ഓപ്പൺ. ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർ രണ്ട് ഡോസ് വാക്‌സീൻ എടുത്തിരിക്കണമെന്നാണ് ചട്ടം. വാക്‌സീൻ എടുക്കാൻ പറ്റാത്ത ആരോഗ്യപരമായ പ്രശ്നങ്ങളുള്ളവർക്ക് ഇളവ് നൽകും. ഈ ഇളവ് തനിക്ക് ലഭിച്ചെന്ന് അവകാശപ്പെട്ടായിരുന്നു വാക്‌സീൻ വിരുദ്ധനായ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് ഇന്നലെ ഉച്ചയോടെ ഓസ്ട്രേലിയയിലെ മെൽബണിലെത്തിയത്. 

Latest Videos

undefined

വിമാനത്താവളത്തിൽ എത്തിയപാടെ ജോക്കോവിച്ചിനെ സുരക്ഷാ സേന തടഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ ഓസ്ട്രേലിയയിൽ ആർക്കും ഇളവ് നൽകാനാകില്ലെന്നും വ്യക്തമാക്കി. 15 മണിക്കൂറിലധികം തടഞ്ഞുവെച്ചു. തുടർന്ന് സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള ഹോട്ടലിലേക്ക് മാറ്റി. ജോക്കോയെ ഇന്ന് തന്നെ സെർബിയയിലേക്ക് തിരിച്ചയക്കാനാണ് തീരുമാനം. ഓസ്ട്രേലിയൻ അധികൃതരുടെ തീരുമാനത്തിനെതിരെ അപ്പീൽ നൽകുമെന്നും ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനാകുമെന്നുമാണ് പ്രതീക്ഷയെന്ന് ജോക്കോവിച്ചിന്‍റെ അഭിഭാഷകൻ വ്യക്തമാക്കി. 

ഓസ്ട്രേലിയയും സെർബിയയും തമ്മിലുള്ള നയതന്ത്ര വിഷയമായി സംഭവം മാറി. ജോക്കോവിച്ചിനെപ്പോലൊരു താരത്തോട് വളരെ മോശമായാണ് ഓസ്ട്രേലിയ പെരുമാറിയതെന്ന് സെർബിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വുസിക് കുറ്റപ്പെടുത്തി. ഓസ്ട്രേലിയൻ അംബാസിഡറെ സെർബിയൻ വിദേശകാര്യമന്ത്രാലയം വിളിച്ചുവരുത്തി സംഭവത്തിൽ പ്രതിഷേധം അറിയിച്ചു. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ചിനെ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. 

നിയമം കർശനമായി പാലിക്കുമെന്നും എത്ര വലിയ താരമാണെങ്കിലും ഇളവ് നൽകാനാകില്ലെന്നുമായിരുന്നു ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്‍റെ പ്രതികരണം. വാക്സീൻ എടുക്കാത്ത ജോക്കോവിച്ച് ടൂർണമെന്‍റിന് വരുന്നതിൽ വലിയ പ്രതിഷേധം ഓസ്ട്രേലിയൻ പൗരൻമാരും ഉയർത്തിയിരുന്നു.

SA vs IND : വാണ്ടറേഴ്‌സില്‍ വണ്ടര്‍ പ്രതീക്ഷിച്ച് ഇന്ത്യ, ജയത്തിനരികെ ദക്ഷിണാഫ്രിക്ക

click me!