കൊവിഡ് വ്യാപനം അതിരൂക്ഷമാണ് ജപ്പാനില്‍. ടോക്യോ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ ഈ മാസം അവസാനം വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ടോക്യോ: കൊവിഡ് വ്യാപനം കണക്കിലെടുത്ത് ടോക്യോ ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന ആവശ്യം ജപ്പാനില്‍ ശക്തമാണ്. ഈ സാഹചര്യത്തില്‍ ഒളിംപിക്‌സ് നടക്കുമോ ഇല്ലയോ എന്ന് സംഘാടകർ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ. റാഫേല്‍ നദാല്‍, സെറീന വില്യംസ്, നവോമി ഒസാക തുടങ്ങിയവരും കൊവിഡ് ആശങ്ക പങ്കുവെച്ചുകഴിഞ്ഞു.
കൊവിഡ് വ്യാപനം അതിരൂക്ഷമാണ് ജപ്പാനില്‍. ടോക്യോ ഉള്‍പ്പെടെ നാല് പ്രദേശങ്ങളില്‍ ഈ മാസം അവസാനം വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഒളിംപിക്സ് നടത്തരുതെന്ന് വലിയൊരു വിഭാഗം ജപ്പാൻകാർ തന്നെ ആവശ്യപ്പെടുന്നു. മൂന്നരലക്ഷം പേർ ഒപ്പിട്ട നിവേദനം കഴിഞ്ഞ ദിവസം സംഘാടകർക്ക് നല്‍കി. ഈ പശ്ചാത്തലത്തിലാണ് ഒളിംപിക്സ് നടക്കുമോ ഇല്ലയോ എന്ന സംശയം റോജർ ഫെഡറർ പങ്കുവെക്കുന്നത്.
ഇക്കാര്യത്തില്‍ എത്രയും വേഗം സംഘാടകർ വ്യക്തത വരുത്തണമെന്നും ഫെഡറർ ആവശ്യപ്പെടുന്നു. ഒളിംപിക്സ് ഉണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യത്തിന് വേണ്ടി പങ്കെടുക്കുന്നതും മെഡല്‍ നേടുന്നതും സന്തോഷമുള്ള കാര്യമാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഒളിംപിക്സ് മാറ്റിവെച്ചാല്‍ അത് മനസിലാക്കാൻ കായിക താരങ്ങള്‍ക്ക് കഴിയുമെന്നും ഫെഡറർ പറഞ്ഞു. ഒളിംപിക്സില്‍ പങ്കെടുക്കുമോയെന്ന ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നും അതേക്കുറിച്ച് ആലോചനയിലാണെന്നുമാണ് സ്വിസ് താരം പറഞ്ഞത്.
റാഫേല്‍ നദാല്‍, സെറീന വില്യംസ് എന്നിവരും ഒളിംപിക്സിന് എത്തുമോയെന്ന് ഉറപ്പില്ലെന്ന നിലപാടിലാണ്. ജപ്പാൻ താരങ്ങളായ നവോമി ഒസാകയും കെയി നിഷികോരിയും കൊവിഡ് പശ്ചാത്തലത്തിലെ ഒളിംപിക്‌സ് നടത്തിപ്പിനെക്കുറിച്ച് ഇതിനകം ആശങ്ക പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ സംഘാടകരുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല. ജൂലൈ 23 മുതല്‍ ഓഗസ്റ്റ് 8 വരെയാണ് ഒളിംപിക്സ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.
ടോക്യോ ഒളിംപിക്‌സ്: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി; സൈനയും ശ്രീകാന്തും കോർട്ടിലിറങ്ങില്ല
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona