ഒരു ട്രെയിൻ മാത്രമാണ് ഗുവാഹത്തിയിലേക്കുള്ളതെന്നും ഒന്നര മാസം മുമ്പ് ബുക്ക് ചെയ്യാൻ ശ്രമിച്ചപ്പോൾ ടിക്കറ്റ് കിട്ടിയില്ലെന്നും അസോസിയേഷൻ പറഞ്ഞു.
ദില്ലി: ഗുവാഹത്തിയിൽ നടക്കുന്ന ദേശീയ സീനിയര്‍ അക്വാറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് ദുരിതയാത്ര. നാല് ട്രെയിനുകൾ മാറിക്കയറിയാണ് 42 താരങ്ങൾ സ്ലീപ്പര്‍ ക്ലാസിൽ യാത്ര ചെയ്യുന്നത്. മടക്കയാത്ര ഭക്ഷണത്തിനുള്ള പണം സ്വയം ചെലവിഴിച്ചാണ് യാത്രയെന്നും ദുരിതം മനസിലാക്കിയ ചില താരങ്ങൾ സ്വന്തം പണം മുടക്കി വിമാനത്തിൽ ഗുവാഹത്തിലെത്തിയെന്നും താരങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗുവാഹത്തിയിലേക്ക് നേരിട്ടുള്ള ഒരേയൊരു ട്രെയിനിൽ ടിക്കറ്റ് കിട്ടാത്തതുകൊണ്ടാണ് പകരം സംവിധാനം ഒരുക്കിയതെന്നായിരുന്നു അക്വാറ്റിക് ഫെഡറേഷന്‍റെ വിശദീകരണം.
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴയിലേക്കാണ് ആദ്യ ട്രെയിൻ. അവിടെ മണിക്കൂറുകൾ കാത്ത് നിന്ന് ചെന്നെയിലേക്ക് മറ്റൊരു ട്രെയിൻ കറും. അവിടെ നിന്ന് ഷാലിമാറിലേക്ക്. അഞ്ചരമണിക്കൂറിന് ശേഷം ഷാലിമാറിൽ നിന്ന് ഓട്ടോ പിടിച്ച് ഹൗറയിലേക്ക് പോകണം. ഗുവാഹത്തിലിയിലെത്തുന്നത് മത്സരത്തിന് ഒരുദിവസം മുമ്പ് മാത്രമാകും. ദുരിതം പേറിയുള്ള യാത്ര പ്രകടനത്തേയും ബാധിക്കുമെന്ന് താരങ്ങൾ പറയുന്നു.
വാട്ടര്‍പോളോ താരം സീനിയര്‍ ചാമ്പ്യന്‍ഷിപ്പിലെ നിലവിലെ ചാമ്പ്യന്‍മാരായ വനിതാ താരങ്ങളും റണ്ണേഴ്സ് അപ്പായ പുരുഷ താരങ്ങളുമാണ് അധികൃതരുടെ അനാസ്ഥ കാരണം വലഞ്ഞത്. കോമൺവെൽത്ത് ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയിലടക്കം പങ്കെടുത്തവരും സംഘത്തിലുണ്ട്. രണ്ട് മാസം മുമ്പാണ് ചാമ്പ്യന്‍ഷിപ്പനെക്കുറിച്ച് അറിഞ്ഞതെന്നും അപ്പോൾ തന്നെ നേരിട്ടുള്ള ട്രെയിനിന് ബുക്ക് ചെയ്യാൻ ശ്രമിച്ചെങ്കിലും ടിക്കറ്റ് കിട്ടിയില്ലെന്നുമാണ് അക്വാറ്റിക്ക് അസോസിയേഷന്‍റെ പ്രതികരണം. ടിക്കറ്റ് ചെലവിനുള്ള 1,54,000 രൂപ സ്പോര്‍ട്സ് കൗൺസിൽ അനുവദിക്കാത്തതിനാൽ സ്വന്തം കയ്യിൽ നിന്ന് മുടക്കിയെന്നും അസോസിയേഷൻ ഭാരവാഹികൾ പ്രതികരിച്ചു. ഭക്ഷണത്തിന് ദിവസേനയുള്ള 400 രൂപ താരങ്ങൾ തിരിച്ചെത്തിയാൽ നൽകുമെന്നും അക്വാറ്റിക് അസോസിയേഷൻ വിശദീകരിച്ചു. ചൊവ്വാഴ്ച മുതൽ ശനിയാഴ്ചവരെയാണ് ചാമ്പ്യന്‍ഷിപ്പ്.