അസമിലെ ഒരു കുഗ്രാമത്തില്‍ നിന്നാണ് ലവ്‌ലിന ബോക്‌സിംഗ് റിംഗിലെത്തുന്നത്. ബാര മുഖിയ എന്ന ഗ്രാമത്തില്‍ ഏറെ കഷ്ടപ്പാടുകളോടെയായിരുന്നു ലവ്‌ലിനയുടെ ചെറുപ്പകാലം
ടോക്കിയോ: ഒളിംപിക്‌സ് ബോക്‌സിംഗില്‍ മേരി കോമിന് ശേഷം തിളങ്ങിയ ഇന്ത്യന്‍ താരമാണ് ലവ്‍ലിന ബോര്‍ഗോഹെയ്‌ന്‍. അസമിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച് പരിമിതമായ സൗകര്യങ്ങളില്‍ നിന്ന് മുന്നേറിയാണ് ലോകത്തിന് മുന്നില്‍ രാജ്യത്തിനാകെ അഭിമാനമായി ലവ്‌ലിന ടോക്കിയോ ഒളിംപിക്‌സില്‍ വെങ്കല മെഡൽ നേടിയത്.
എതിരാളികളെ ഭയക്കാതെ എല്ലായിപ്പോഴും തുറന്ന മനസോടെ ഞാന്‍ അവരെ നേരിടുന്നു- നേട്ടങ്ങളുടെ രഹസ്യത്തിന് ലവ്‌ലിനയുടെ മറുപടി ഇതായിരുന്നു. പ്രതിസന്ധികള്‍ പലതാണ് പക്ഷെ തളരാത്ത മനസുണ്ട് ലവ്‌ലിനയ്‌ക്ക്. അസമിലെ കുഗ്രാമത്തില്‍ നിന്നാണ് ബോക്‌സിംഗ് റിംഗിലെത്തുന്നത്. ബാര മുഖിയ എന്ന ഗ്രാമത്തില്‍ ഏറെ കഷ്ടപ്പാടുകളോടെയായിരുന്നു ലവ്‌ലിനയുടെ ചെറുപ്പകാലം. കിക്ക് ബോക്‌സിംഗിന്‍റെ നാടന്‍ രൂപമായ മുയ് തായ് അഭ്യസിച്ചവരായിരുന്നു സഹോദരങ്ങള്‍. ലവ്‌ലിനയും ആദ്യം പഠിച്ചത് മുയ് തായാണ്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദലിയെ കുറിച്ച് അറിഞ്ഞത് ബോക്‌സിംഗ് പഠിക്കാന്‍ പ്രേരണയായി.
പതിനഞ്ചാം വയസ്സില്‍ സായ് സെന്‍ററില്‍ പരിശീലനം തുടങ്ങിയതോടെ ബോക്‌സിംഗില്‍ മികവ് പ്രകടിപ്പിച്ചു തുടങ്ങി. 2017ല്‍ ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയതോടെ ലവ്‌ലിന അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് ലവ്‌ലിനയുടെ കരിയറില്‍ വഴിത്തിരിവായി. പിന്നീട് തുടര്‍ച്ചയായി രണ്ട് വര്‍ഷം ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പുകളില്‍ വെങ്കലം നേടി.
നീണ്ടു മെലിഞ്ഞ ലവ്‌ലിനയുടെ ശരീരപ്രകൃതം ബോക്‌സിംഗ് റിംഗുകളില്‍ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ സഹായകമായി. എതിരാളിക്ക് നേരെ നെടുനീളന്‍ പഞ്ചുകള്‍ തൊടുക്കാനും ഹുക്കുകള്‍ തീര്‍ക്കാനും ഉയരം അവരുടെ അനുകൂല ഘടകമാണെന്നാണ് വിലയിരുത്തല്‍. പ്രായക്കുറവും ലവ‌്‌ലിനയുടെ നേട്ടത്തിന് കരുത്താണ്. കരുത്തും അനുകൂല സാഹചര്യവും ഒത്തുചേര്‍ന്നപ്പോള്‍ ടോക്കിയോയില്‍ ലവ്‌ലിന ഇന്ത്യക്ക് അഭിമാനമായി. ഇടതുകയ്യില്‍ ഒളിംപിക് ചിഹ്നം പച്ചകുത്തിയാണ് ലവ്‌ലിന ടോക്കിയോയിലേക്ക് വണ്ടി കയറിയത്. അവിടെ നിന്ന് തിരിക്കുന്നതാകട്ടെ അതേ ലോഗോ പതിച്ച മെഡലുമായി.
വനിതാ ബോക്‌സിംഗിൽ 69 കിലോ വിഭാഗത്തിലാണ് ഇന്ത്യയുടെ ലവ്‍ലിന ബോർഗോഹെയ്‌ന്‍ വെങ്കലം കരസ്ഥമാക്കിയത്. സെമി ഫൈനലിൽ തുർക്കിയുടെ ലോക ഒന്നാം നമ്പർ താരമായ ബുസേനസിനോട് ലവ്‍ലിന തോല്‍വി വഴങ്ങി. മൂന്ന് റൗണ്ടുകളിലും ബുസേനസിനായിരുന്നു വ്യക്തമായ ആധിപത്യം. ഒളിംപിക്‌സ് ബോക്‌സിംഗിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ താരമെന്ന നേട്ടവും ഇതോടെ ലവ്‍ലിന ബോർഗോഹെയ്ൻ സ്വന്തമാക്കി.
ടോക്കിയോയില്‍ വീണ്ടും പെണ്‍കരുത്ത്: ബോക്‌സിംഗില്‍ ലവ്‌ലിനയ്‌ക്ക് വെങ്കലം
ഒളിംപിക്‌സ്: ലക്ഷ്യം ഫൈനലും ചരിത്രനേട്ടവും, വനിതാ ഹോക്കിയിൽ ഇന്ത്യ ഇന്നിറങ്ങും
നിങ്ങളറിഞ്ഞോ! ഒളിംപിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona