കഴിഞ്ഞ നാല് ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയ ടീമാണ് ബ്രസീല്‍. എന്നാല്‍ ഇത്തവണ കായിക രംഗത്തെ അവരുടെ പരമ്പരാഗത ശത്രുക്കളായ അര്‍ജന്റീനയോട് തോല്‍വിയറിഞ്ഞു.
ടോക്യോ: പുരുഷ വോളിബോളില്‍ നിലവിലെ ചാംപ്യന്മാരായ ബ്രസീലിന അട്ടിമറിച്ച് അര്‍ജന്റീന വെങ്കലം സ്വന്തമാക്കി. കഴിഞ്ഞ നാല് ഒളിംപിക്‌സിലും മെഡല്‍ സ്വന്തമാക്കിയ ടീമാണ് ബ്രസീല്‍. എന്നാല്‍ ഇത്തവണ കായിക രംഗത്തെ അവരുടെ പരമ്പരാഗത ശത്രുക്കളായ അര്‍ജന്റീനയോട് തോല്‍വിയറിഞ്ഞു. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ ജയം. സ്‌കോര്‍ 25-23 20-25 20-25 25-17 15-13.
ആദ്യ സെറ്റ് അര്‍ജന്റീനയാണ് സ്വന്തമാക്കിയത്. എന്നാല്‍ രണ്ടും മൂന്നും സെറ്റില്‍ നിലവിലെ ചാംപ്യന്മാര്‍ തിരിച്ചടിച്ചു. നാലാം സെറ്റില്‍ അര്‍ജന്റീന ആധികാരിക ജയം നേടി. മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക്. തുടക്കം മുതല്‍ അര്‍ജന്റീന ലീഡുയര്‍ത്തികൊണ്ടിരുന്നു. വന്‍ തിരിച്ചുവരവ് നടത്തിയ ബ്രീസില്‍ പോയിന്റ് 11-11 എന്ന നിലയില്‍ ഒപ്പമെത്തിച്ചു. എന്നാല്‍ അടുത്ത നാല് പോയിന്റുകള്‍ അര്‍ജന്റീനയ്ക്കുള്ളതായിരുന്നു. ബ്രസീല്‍ രണ്ട് പോയിന്റും നേടി.
ഇതോടെ അര്‍ജന്റീന ഒളിംപിക് വോളിയിലെ രണ്ടാം മെഡല്‍ സ്വന്തമാക്കി. 1988ലെ സിയോള്‍ ഒളിംപിക്‌സിലായിരുന്നു അര്‍ജന്റീനയുടെ ആദ്യ വോളിബോള്‍ മെഡല്‍. അന്നും വെങ്കലമാണ് ടീം നേടിയത്. 2012ല്‍ ലണ്ടനിനും 2016ല്‍ റിയോയിലും അഞ്ചാം സ്ഥാനത്തായിരുന്നു അര്‍ജന്റീന.
പ്രാഥമിക റൗണ്ടില്‍ ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബ്രസീലിനായിരുന്നു ജയം. സെമിയില്‍ ഫ്രാന്‍സിനോടാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ബ്രസീല്‍ റഷ്യന്‍ ഒളിംപ്ക് കമ്മിറ്റിയോടും തോറ്റു.