കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ സ്വര്‍ണവേട്ട തുടരുന്നു; ഭാരോദ്വഹനത്തില്‍ അചിന്തയ്ക്ക് സ്വര്‍ണം

By Web Team  |  First Published Aug 1, 2022, 9:25 AM IST

ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. 81 കിലോ വിഭാഗത്തില്‍ ഉച്ചയ്ക്ക് രണ്ടിന് അജയ് സിംഗും വനിതകളുടെ 71 കിലോവിഭാഗത്തില്‍ രാത്രി 11ന് ഹര്‍ജീന്ദര്‍ സിംഗും മെഡല്‍ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങും.


ബെര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ (CWG 2022) ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ അചിന്ത സിയോളിയാണ് (Achintha Sheuli) സ്വര്‍ണം സ്വന്തമാക്കിയത്. ബര്‍മിംഗ്ഹാമില്‍ ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചത് സ്വര്‍ണത്തിളക്കത്തോടെ. ഭാരോദ്വഹനത്തില്‍ അഭിമാനമായി അചിന്ത സിയോളി. 73 കിലോ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടെയാണ് അചിന്തയുടെ നേട്ടം. സ്‌നാച്ചില്‍ 143 കിലോയും ക്ലിന്‍ ആന്‍ഡ് ജര്‍ക്കില്‍ 170 കിലോയും ഉയര്‍ത്തിയ അചിന്ത 313 കിലോഭാരവുമായി ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തെത്തിയ മലേഷ്യന്‍ താരത്തേക്കാള്‍ പത്ത് കിലോയാണ് അചിന്ത കൂടുതല്‍ ഉയര്‍ത്തിയത്.

ഭാരോദ്വഹനത്തില്‍ ഇന്ത്യക്ക് ഇന്ന് രണ്ട് ഫൈനലുണ്ട്. 81 കിലോ വിഭാഗത്തില്‍ ഉച്ചയ്ക്ക് രണ്ടിന് അജയ് സിംഗും വനിതകളുടെ 71 കിലോവിഭാഗത്തില്‍ രാത്രി 11ന് ഹര്‍ജീന്ദര്‍ സിംഗും മെഡല്‍ പ്രതീക്ഷയോടെ മത്സരത്തിനിറങ്ങും. നീന്തലില്‍ വൈകിട്ട് 3.51ന് മലയാളിതാരം സജന്‍ പ്രകാശിന്റെ 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈ ഹീറ്റ്‌സ്. രാത്രി ഒന്നിന് ശ്രീഹരി നടരാജ് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് ഫൈനലിനിറങ്ങും. ബാഡ്മിന്റണ്‍ മിക്‌സഡ് ടീം ഇനത്തിലും ടേബിള്‍ ടെന്നിസ് പുരുഷ ടീം ഇന്നത്തിലും ഇന്ത്യക്ക് ഇന്ന് സെമിഫൈനലുണ്ട്. ടേബിള്‍ ടെന്നിസില്‍ നൈജീരിയയും ബാഡ്മിന്റണില്‍ സിംഗപ്പൂരുമാണ് എതിരാളികള്‍. ബോക്‌സിംഗ് , സൈക്ലിംഗ്, സ്‌ക്വാഷ് , ജൂഡോ ഇനങ്ങളിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്.

Latest Videos

undefined

ഹോക്കിയില്‍ തകര്‍പ്പന്‍ ജയം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഹോക്കിയില്‍ ഇന്ത്യയുടെ ഗോള്‍വര്‍ഷം. ആദ്യമത്സരത്തില്‍ പുരുഷ ടീം എതിരില്ലാത്ത പതിനൊന്ന് ഗോളിന് ഘാനയെ തകര്‍ത്തു. ഹര്‍മന്‍പ്രീത് സിംഗിന്റെ ഹാട്രിക് കരുത്തിലാണ് ഇന്ത്യന്‍ വിജയം. ജുഗ്‌രാജ് സിംഗ് രണ്ടും അഭിഷേക്, ഷംഷേര്‍ സിംഗ്, അകാശ്ദീപ് സിംഗ്, നീലകണ്ഠ ശര്‍മ്മ, വരുണ്‍ കുമാര്‍, മന്‍ദീപ് സിംഗ് എന്നിവര്‍ ഓരോ ഗോളും നേടി. മത്സരത്തില്‍ കിട്ടിയ 13 പെനാല്‍റ്റി കോര്‍ണറില്‍ ആറും ഇന്ത്യ ഗോളാക്കി. ഇന്ന് രാത്രി എട്ടരയ്ക്ക് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ രണ്ടാം മത്സരം.
 

click me!