2008 ബീജിംഗ് ഒളിംപിക്‌സ് ഷൂട്ടിംഗിലെ 10 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ അഭിനവ് ബിന്ദ്ര രാജ്യത്തിനായി സ്വര്‍ണം വെടിവെച്ചിട്ടിരുന്നു
ദില്ലി: രാജ്യാന്തര ഒളിംപിക് കമ്മിറ്റിയെ(International Olympic Committee-IOC) തെരഞ്ഞെടുക്കാനുള്ള നിര്‍ണായക സമിതിയില്‍(IOC Members Election Commission) ഇന്ത്യയുടെ പ്രഥമ ഒളിംപിക് വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര(Abhinav Bindra). കോസ്റ്റാറിക്കന്‍ മുന്‍ പ്രസിഡന്‍റ് ലോറ ചിന്‍ചില്ലയ്‌ക്കൊപ്പമാണ്( Laura Chinchilla) അഞ്ചംഗ സമിതിയിലേക്ക് ഇന്ത്യയുടെ ഷൂട്ടിംഗ് ഇതിഹാസം തെരഞ്ഞെടുക്കപ്പെട്ടത്.
2004 ഏതന്‍സ് ഒളിംപിക്‌സിലെ ഹൈജംപ് ചാമ്പ്യനായ സ്വീഡന്‍റെ സ്റ്റെഫാന്‍ ഹോം, അമേരിക്കയുടെ ഒളിംപിക് ഐസ് ഹോക്കി സ്വര്‍ണ മെഡല്‍ ജേതാവ് ഏഞ്ചല റുഗ്ഗീറോ എന്നിവര്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് മാറിയ ഒഴിവിലേക്കാണ് ഇരുവരുടേയും നിയമനം. ഹോമിന്‍റെ കാലാവധി ടോക്കിയോ ഒളിംപിക്‌സോടെ തീര്‍ന്നപ്പോള്‍ റുഗ്ഗീറോ 2018ഓടെ കമ്മീഷന്‍ അംഗമെന്ന നിലയിലുള്ള പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. രാജ്യാന്തര ഒളിംപിക് കമ്മിറ്റിയിലെ പുതിയ അംഗങ്ങളെ കണ്ടെത്താനും നാമനിര്‍ദേശം ചെയ്യാനും അധികാരമുള്ള നിര്‍ണായക സമിതിയാണിത്.
ബിന്ദ്ര ഇന്ത്യയുടെ അഭിമാന താരം
2008ലെ ബീജിംഗ് ഒളിംപിക്‌സിൽ 10 മീറ്റർ എയർ റൈഫിൾസിൽ സ്വർണം നേടിയതോടെ ഗെയിംസ് ചരിത്രത്തില്‍ വ്യക്തിഗത സ്വർണം കൊയ്യുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം അഭിനവ് ബിന്ദ്ര സ്വന്തമാക്കിയിരുന്നു. ഇതിന് പുറമെ ലോക ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ബിന്ദ്ര സ്വര്‍ണം നേടിയിട്ടുണ്ട്. അര്‍ജുന, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന, പദ്‌മഭൂഷന്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. അതേസമയം 2010 മുതല്‍ 2014 വരെയാണ് ലോറ ചിന്‍ചില്ല കോസ്റ്റാറിക്കയുടെ പ്രസിഡന്‍റായിരുന്നത്.