ഹൈജംപ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സ്വീഡന്റെ സ്റ്റെഫാന്‍ ഹോം, ഐസ് ഹോക്കിയില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ യുഎസ് താരം എയ്ഞ്ചല റുഗീറോ എന്നിവര്‍ക്ക് പകരമാണ് ബിന്ദ്രയും ലോറയും കമ്മീഷനില്‍ അംഗങ്ങളായത്.
ദില്ലി: ഇന്ത്യയിലെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയും (Abhinav Bindra) കോസ്റ്റാറിക്കന്‍ മുന്‍ പ്രസിഡന്റ് ലോറ ചിന്‍ചിലയും (Laura Chinchilla) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) മെമ്പേഴ്‌സ് ഇലക്ഷന്‍ കമ്മീഷനില്‍. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് കമ്മീഷന്റെ ചുമതല. ഹൈജംപ് ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ സ്വീഡന്റെ സ്റ്റെഫാന്‍ ഹോം, ഐസ് ഹോക്കിയില്‍ ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ യുഎസ് താരം എയ്ഞ്ചല റുഗീറോ എന്നിവര്‍ക്ക് പകരമാണ് ബിന്ദ്രയും ലോറയും കമ്മീഷനില്‍ അംഗങ്ങളായത്.
ഐഒസി അംഗമെന്ന നിലയില്‍ ഹോംസിന്റെ കാലാവധി ടോക്യോ ഒളിമ്പിക്‌സോടെ അവസാനിച്ചിരുന്നു. ആറംഗ സെലക്ഷന്‍ കമ്മിറ്റിയില്‍ ബ്രിട്ടനിലെ രാജകുമാരി ആന്‍ ആണ് അധ്യക്ഷ. 2010-2014 കാലയളവിലാണ് ചിന്‍ചില കോസ്റ്റാറിക്കന്‍ പ്രസിഡന്റായി സേവനമനുഷ്ടിച്ചത്. ഐഒസി വൈസ് പ്രസിഡന്റ് സൈകിങ് യു, നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തലവന്‍ റോബിന്‍ മിച്ചല്‍, എത്യോപ്യയുടെ ഡാഗ്മാവിറ്റ് ബെര്‍ഹാനെ എന്നിവരും പാനലിലുണ്ട്.
ഐഒസി എക്‌സിക്യൂട്ടിവിലേക്ക് അംഗങ്ങളെ കണ്ടെത്തി ശുപാര്‍ശ ചെയ്യുകയാണ് കമ്മീഷന്റെ പ്രധാന ചുമതല. ഐഒസിയുടെ പ്രധാന കമ്മീഷനാണ് സെലക്ഷന്‍ കമ്മീഷന്‍. ലിംഗ-രാജ്യഭേദമന്യേ കഴിവും അറിവും മാനദണ്ഡമാക്കി അംഗങ്ങളെ തെരഞ്ഞെടുക്കുകയാണ് കമ്മീഷന്റെ ലക്ഷ്യം.