അഭിനവ് ബിന്ദ്രക്ക് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതി; ഒളിംപിക് ഓർഡർ പുരസ്കാരം സമ്മാനിക്കും

By Web Team  |  First Published Jul 22, 2024, 9:29 PM IST

അടുത്ത മാസം പത്താം തീയ്യതി പാരിസിൽ വെച്ചു നടക്കുന്ന ഐ.ഒ.സി സെഷനിൽ വെച്ച് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 


ദില്ലി: ഇന്ത്യയുടെ അഭിമാന താരം അഭിനവ് ബിന്ദ്രയ്ക്ക് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ആദരം. ഐ.ഒ.സിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓർഡർ ബിന്ദ്രയ്ക്ക് സമ്മാനിക്കും. അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് ബോർഡിന്റേതാണ് തീരുമാനം. ഇന്ന് പാരിസിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. അടുത്ത മാസം പത്താം തീയ്യതി പാരിസിൽ വെച്ചു നടക്കുന്ന ഐ.ഒ.സി സെഷനിൽ വെച്ച് ബിന്ദ്രയ്ക്ക് പുരസ്കാരം സമ്മാനിക്കും. 

2008ലെ ബീജിങ് ഒളിംപിക്സിൽ ഷൂട്ടിങ് ഇനത്തിലെ സ്വർണ മെഡിൽ ജേതാവാണ് അഭിനവ് ബിന്ദ്ര. ഒളിംപിക്സ് ചരിത്രത്തിൽ ഇന്ത്യയുടെ ആദ്യത്തെ വ്യക്തിഗത സ്വർണ മെഡൽ നേട്ടത്തിന് ഉടമ കൂടിയാണ് ബിന്ദ്ര. സുപ്രധാന നേട്ടത്തിന് പിന്നാലെ കേന്ദ്ര കായിക മന്ത്രി മൻസൂഖ് മാണ്ഡവ്യ ഉൾപ്പെടെയുള്ള പ്രമുഖർ അഭിനവ് ബിന്ദ്രയെ അഭിനന്ദിച്ചു. ഒളിംപിക്സുമായി ബന്ധപ്പെട്ട് ഇപ്പോൾ പാരീസിലാണ് അഭിനവ് ബിന്ദ്രയുള്ളത്. ഈ മാസം 24-ാം തീയ്യതി ആതിഥേയ നഗരമായ പാരിസിലൂടെയുള്ള ഒളിംപിക്സ് ദീപശിഖാ പ്രയാണത്തിൽ അദ്ദേഹവും പങ്കെടുക്കും.  

Latest Videos

undefined

അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റിയുടെ പരമോന്നത ബഹുമതിയായ ഒളിംപിക് ഓർഡർ 1975ലാണ് ഏർപ്പെടുത്തിയത്. ഒളിംപിക്സിന് നൽകുന്ന വിവിധ തരത്തിലുള്ള സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. 22 വർഷം നീണ്ട കരിയറിൽ 150ൽ അധികം മെഡലുകൾ നേടിയിട്ടുള്ള അഭിനവ് ബിന്ദ്രയെ രാജ്യം പത്മ ഭൂഷൺ പുരസ്കാരമടക്കം നൽകി ആദരിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

click me!