പതിനഞ്ച് വയസ്സുവരെയുള്ള രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബത്തിന് രാത്രിയടക്കം ഒരു ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, ഓണസദ്യ, രാത്രി ഭക്ഷണം എന്നിവയുള്‍പ്പെടുന്ന ഗ്രാമീണ പശ്ചാത്തലത്തിലെ ഓണവിരുന്ന് പാക്കേജില്‍ 200 ഗ്രാം ഏത്തയ്ക്കാ വറ്റല്‍, കരകൗശല വസ്തു, നാല് കൈത്തറി തോര്‍ത്ത് എന്നിവ സമ്മാനമായി ലഭിക്കും.
വിനോദസഞ്ചാരികള്‍ക്കായി നാട്ടിന്‍പുറങ്ങളില്‍ താമസവും ഓണസദ്യയും ഓണസമ്മാനങ്ങളും ഒരുക്കി വ്യത്യസ്തമാര്‍ന്ന ഓണാഘോഷത്തിന് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് തയ്യാറെടുക്കുന്നു. ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ നേതൃത്വത്തില്‍ 2017ല്‍ ആരംഭിച്ച് തുടര്‍ന്നുവരുന്ന വന്‍ വിജയമായ നാട്ടിന്‍പുറങ്ങളില്‍ 'ഓണം ഉണ്ണാം ഓണസമ്മാനങ്ങള്‍ വാങ്ങാം' പദ്ധതി വിപുലമായി ഈ വര്‍ഷവും നടപ്പിലാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിന്‍റെ ഗ്രാമീണ ജീവിതാനുഭവങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സെപ്തംബര്‍ ഒന്ന് മുതല്‍ മുപ്പത് വരെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ താമസ സൗകര്യമുള്‍പ്പെടെ നാല് പാക്കേജുകളാണ് വിനോദസഞ്ചാരികള്‍ക്കായി ഒരുക്കുക. ഗ്രാമീണ പശ്ചാത്തലത്തിലെ ഓണവിരുന്നും ഒരു ദിവസത്തെ താമസവും, ഓണസദ്യ, ഓണം ഗ്രാമയാത്രകള്‍, ഗ്രാമത്തിലെ ഓണാനുഭവങ്ങള്‍ എന്നിവയാണ് പാക്കേജുകള്‍.
പതിനഞ്ച് വയസ്സുവരെയുള്ള രണ്ട് കുട്ടികളടങ്ങുന്ന നാലംഗ കുടുംബത്തിന് രാത്രിയടക്കം ഒരു ദിവസത്തെ താമസം, പ്രഭാത ഭക്ഷണം, ഓണസദ്യ, രാത്രി ഭക്ഷണം എന്നിവയുള്‍പ്പെടുന്ന ഗ്രാമീണ പശ്ചാത്തലത്തിലെ ഓണവിരുന്ന് പാക്കേജില്‍ 200 ഗ്രാം ഏത്തയ്ക്കാ വറ്റല്‍, കരകൗശല വസ്തു, നാല് കൈത്തറി തോര്‍ത്ത് എന്നിവ സമ്മാനമായി ലഭിക്കും. താമസിക്കുന്ന യൂണിറ്റിന്‍റെ കാറ്റഗറി അനുസരിച്ച് 3,000 മുതല്‍ 8,500 രൂപവരെയാണ് നിരക്ക്.
കേരളത്തിന്‍റെ പരമ്പരാഗത രീതിയിലുള്ള ഓണസദ്യ പാക്കേജില്‍ സദ്യ ഒന്നിന് 250 രൂപയാണ് പരമാവധി നിരക്ക്. ഗ്രാമീണ ജീവിതത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഓണം ഗ്രാമയാത്രകള്‍ സംഘടിപ്പിക്കുന്ന പാക്കേജില്‍ സ്വന്തം വാഹനം ഉപയോഗിക്കുന്ന കുടുംബത്തിന് 3,000 രൂപയാണ് നിരക്ക്. 12 വയസുവരെ പ്രായമുള്ള രണ്ട് കുട്ടികള്‍ അടക്കമുള്ള നാലംഗ കുടുബത്തിന് ഓണസദ്യക്ക് പുറമേ ഓണസമ്മാനവും ലഭിക്കും. 200 ഗ്രാം ഏത്തയ്ക്കാ വറ്റല്‍, പപ്പടം, കരകൗശല വസ്തു, നാല് കൈത്തറി തോര്‍ത്തകള്‍ എന്നിവയാണ് സമ്മാനമായി ലഭിക്കുക.
തിരുവനന്തപുരത്തെ ബാലരാമപുരം, മടവൂര്‍പ്പാറ, ആലപ്പുഴയിലെ കൈനകരി, കാവാലം, കോട്ടയത്തെ വൈക്കം, മറവത്തുരുത്ത്, ചെമ്പ്, കുമരകത്തിനടുത്ത് മാഞ്ചിറ, വരംബിനകം, അയ്മനം, തിരുവാര്‍പ്പ്, എറണാകുളത്തെ ആമ്പല്ലൂര്‍, കോഴിക്കോടത്തെ ഒളവണ്ണ, കടലുണ്ടി, വയനാട്ടിലെ ചേകാടി, ചെറുവയല്‍, നെല്ലറച്ചാല്‍, കണ്ണൂരിലെ കുഞ്ഞിമംഗലം, ചെറുപുഴ, കാസര്‍കോടിലെ ബേക്കല്‍ തുടങ്ങിയ ഗ്രാമങ്ങളാണ് ഓണം ഗ്രാമയാത്രാ പാക്കേജിലെ പദ്ധതി പ്രദേശങ്ങള്‍.
ഗ്രാമത്തിലെ ഓണാനുഭവങ്ങള്‍ എന്ന പാക്കേജുകളില്‍ ഓണസദ്യയും ഓണസമ്മാനവും നല്‍കും. നാലംഗ കുടുംബത്തിനുള്ള ഈ പാക്കേജുകളില്‍ വാഹന നിരക്ക് ഉള്‍പ്പെടുത്തിയിട്ടില്ല. ഇതിലെ കുമരകം പാക്കേജില്‍ മൂന്നു മണിക്കൂര്‍ നീളുന്ന കായല്‍, കനാല്‍ യാത്രയും കയര്‍ നിര്‍മ്മാണം, തെങ്ങുകയറ്റം തുടങ്ങിയവ കാണാനും അതില്‍ പങ്കെടുക്കാനും അവസരമുണ്ട്. 4,500 രൂപയാണ് നിരക്ക്. രാവിലെ പത്തു മുതല്‍ രണ്ടുവരെയാണ് സമയം.
രണ്ടാം കുമരകം പാക്കേജ് രാവിലെ പത്തുമുതല്‍ അഞ്ചുവരെയാണ്. ഇതില്‍ മൂന്നു മണിക്കൂര്‍ നേരത്തെ കായല്‍, കനാല്‍ യാത്രയ്ക്കു പുറമേ ഗ്രാമയാത്രയും വലവീശല്‍, കയര്‍ നിര്‍മാണം, തെങ്ങുകറ്റം തുടങ്ങിയവ ആസ്വദിക്കാന്‍ അവസരവും ലഭിക്കും. ഗ്രാമത്തിലെ വീട്ടില്‍ തിരുവാതിരക്കളി കാണാനാകും. 8,500 രൂപയാണ് നിരക്ക്. കായല്‍, കനാല്‍ യാത്രയും വൈക്കം ക്ഷേത്ര ദര്‍ശനവും നെയ്ത്തുശാല സന്ദര്‍ശനവും അടങ്ങുന്ന വൈക്കം പാക്കേജിനും 5,000 രൂപയാണ് നിരക്ക്. ഇടയ്ക്കല്‍ ഗുഹയും തേയിലത്തോട്ട സന്ദര്‍ശനവും അമ്പെയ്ത്തും അടങ്ങുന്ന വയനാട് പാക്കേജിനും 5,000 രൂപയാണ് നിരക്ക്.
ബേക്കല്‍ പാക്കേജില്‍ കോട്ട, ബീച്ച് സന്ദര്‍ശനവും മണ്‍പാത്ര നിര്‍മാണവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5000 രൂപയാണ് നിരക്ക്. കുഞ്ഞിമംഗലം വെങ്കലഗ്രാമം, നെയ്ത്തുശാല സന്ദര്‍ശനങ്ങള്‍ ഉള്‍പ്പെടുന്ന കണ്ണൂര്‍ പാക്കേജിന് 5,000 രൂപയാണ് നിരക്ക്. ഗ്രാമയാത്രയും മാമ്പുഴ ഫാം ടൂറിസം സെന്‍റര്‍ സന്ദര്‍ശനവും ഉള്‍പ്പെട്ട കോഴിക്കാട് ഒന്നാം പാക്കേജിന് 6,000 രൂപയാണ് നിരക്ക്. പൈതൃക നടത്തം ഉള്‍പ്പെടുന്ന ഇതിന്‍റെ രണ്ടാംപാക്കേജിന്‍റെ നിരക്ക് 4,500 രൂപയാണ്.
പട്ടുസാരി നെയ്ത്ത്, കോവളം ബീച്ച് സന്ദര്‍ശനം, കൃഷിയിടങ്ങളിലെ സന്ദര്‍ശനം എന്നിവ പ്രദാനം ചെയ്യുന്ന തിരുവനന്തപുരം ഒന്നാം പാക്കേജ് നിരക്ക് 4,500 രൂപയാണ്. മഠവൂര്‍പാറ ഗുഹാക്ഷേത്ര സന്ദര്‍ശനം, ഓലനെയ്ത്ത്, ശില്പ നിര്‍മ്മാണം, പപ്പടം നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന ഇതിന്‍റെ രണ്ടാം പാക്കേജ് നിരക്ക് 4,500 രൂപയാണ്. തേനീച്ച വളര്‍ത്തല്‍, വലിയപാറ വ്യൂ പോയിന്‍റ് സന്ദര്‍ശനം, പപ്പട നിര്‍മ്മാണം, ചോക്ലേറ്റ് നിര്‍മ്മാണം എന്നിവ ഉള്‍പ്പെടുന്ന തേക്കടി പാക്കേജ് നിരക്ക് 4,500 രൂപയാണ്. കൈനകരി ഗ്രാമ നടത്തം, രണ്ട് മണിക്കൂര്‍ നീളുന്ന ശിക്കാര ബോട്ട് യാത്ര, ചവറ ഭവന്‍ സന്ദര്‍ശനം, ഇലക്ട്രിക് ഓട്ടോ യാത്ര, ഓല നെയ്ത് ഉള്‍പ്പെടുന്ന ആലപ്പുഴ പാക്കേജ് നിരക്ക് 4,500 രൂപയാണ്. ഗ്രാമനടത്തം, വലവീശല്‍, ഓലനെയ്ത് എന്നിവ ഉള്‍പ്പെടുന്ന കാവാലം പാക്കേജ് നിരക്ക് 4,000 രൂപയാണ്.
കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട പ്രദേശങ്ങളിലെ അക്കോമഡേഷന്‍ യൂണിറ്റുകളുമായി ചേര്‍ന്നാണ് ഗ്രാമീണ പശ്ചാത്തലത്തിലെ ഓണവിരുന്നും ഒരു ദിവസത്തെ താമസവും എന്ന പാക്കേജ് നടപ്പാക്കുന്നത്. ഓണസദ്യയും താമസവും ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വിവിധ അക്കോമഡേഷന്‍ യൂണിറ്റുകള്‍ക്കും www.keralatourism.org/responsible-tourism/onam-packages/accomodation എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
വീടുകള്‍, നാടന്‍ റെസ്റ്റോറന്‍റുകള്‍, കുടുംബശ്രീ റെസ്റ്റോറന്‍റുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, ഹോംസ്റ്റേകള്‍, ഹോട്ടലുകള്‍, അംഗീകാരമുള്ള ഹോട്ടലുകള്‍, വഴിയോരക്കടകള്‍ എന്നിവര്‍ക്കും രജിസ്റ്റര്‍ ചെയ്ത് ഈ പദ്ധതിയുടെ ഭാഗമാകാം. സ്ഥാപനത്തിന്‍റെ വിശദാംശങ്ങള്‍ www.keralatourism.org/responsible-tourism/onam-packages/onasadya എന്ന ലിങ്കില്‍ രജിസ്റ്റര്‍ചെയ്യണം. ഓണസദ്യ നല്‍കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്ന യൂണിറ്റുകള്‍ക്ക് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സര്‍ട്ടിഫിക്കറ്റോ രജിസ്ട്രേഷനോ ഉണ്ടായിരിക്കണം.