'തെറ്റ് ചെയ്തവർക്ക് ശിക്ഷ കിട്ടട്ടെ. സർവീസ് ഓപ്പറേറ്റർ ഇത് അറിഞ്ഞു കൊള്ളണമെന്നില്ലല്ലോ. നിരവധി ബസ്സോടിക്കുന്ന ആളാണ് സുരേഷ് കല്ലട', എന്ന് ബസ് ഓപ്പറേറ്റേഴ്‍സ് അസോസിയേഷൻ നേതാവ് അഡ്വ. മനോജ് പടിക്കൽ.
തിരുവനന്തപുരം: ബസ്സിൽ വച്ച് യാത്രക്കാരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കല്ലട ബസ് ഉടമ സുരേഷ് കല്ലടയെ ന്യായീകരിച്ച് ഇന്‍റർസ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‍സ് അസോസിയേഷൻ സെക്രട്ടറി അഡ്വ. മനോജ് പടിക്കൽ. നൂറോളം ബസ്സുകളുടെ സർവീസ് നടത്തുന്നയാളാണ് സുരേഷ് കല്ലട എന്നാണ് ഇന്‍റർസ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‍സ് അസോസിയേഷൻ സെക്രട്ടറിയുടെ ന്യായീകരണം. മഹാരാഷ്ട്രയിലേക്കും തമിഴ്‍നാട്ടിലേക്കും കർണാടകയിലേക്കും കെഎസ്ആർടിസി കഴിഞ്ഞാൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ബസ്സോടിക്കുന്ന സുരേഷ് കല്ലട ബസ്സിലെ പ്രശ്നങ്ങൾ അറിയണമെന്നില്ലെന്നാണ് അഡ്വ. മനോജ് പടിക്കൽ 'ന്യൂസ് അവറി'ൽ പറഞ്ഞത്.
എന്നാൽ കേരളത്തിലെ മോട്ടോർ വാഹന ചട്ടം അനുസരിച്ച് ബസ്സിന്‍റെ സർവീസിൽ ക്രമക്കേടുണ്ടെങ്കിലോ, ബസ് ജീവനക്കാർ യാത്രക്കാരെ കയ്യേറ്റം ചെയ്താലോ ഉത്തരവാദിത്തം ഉടമസ്ഥന് കൂടിയാണ് എന്ന ചട്ടത്തെക്കുറിച്ച് അഡ്വ. മനോജ് പടിക്കൽ മിണ്ടിയില്ല. ഇതേ കാര്യം ന്യൂസ് അവർ ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യപ്രവർത്തകൻ ഡിജോ കാപ്പനും മുൻ ഗതാഗത ഡെപ്യൂട്ടി കമ്മീഷണർ ബി.ജെ. ആന്‍റണിയും ചൂണ്ടിക്കാട്ടുകയും ചെയ്തു.
undefined
ബസ് വഴിയിൽ കേടായാൽ എന്തു ചെയ്യും?
കെഎസ്ആർടിസിയുടെ പോലെ നിരവധി ഡിപ്പോകളില്ല, സ്വകാര്യ ബസ്സുകൾക്കെന്നും ഒരു വണ്ടി കേടായാൽ രണ്ടോ മൂന്നോ മണിക്കൂറെടുക്കാതെ വേറെ വണ്ടി എത്തിക്കാൻ കഴിയില്ലെന്നുമാണ് അഡ്വ. മനോജ് പടിക്കൽ പറയുന്നത്. എന്നാൽ മുക്കിനും മൂലയിലും നിരവധി ഏജൻസികളെ വച്ച് ബുക്കിംഗ് ഓഫീസുകൾ നടത്തുന്ന സ്വകാര്യ ബസ്സുടമകൾക്ക് റിപ്പയറിംഗ് കേന്ദ്രങ്ങളോ, സ്പെയർ ബസ്സുകളോ വയ്ക്കുന്നതിൽ എന്താണ് പ്രശ്നമെന്ന അവതാരകൻ പി ജി സുരേഷ് കുമാറിന്‍റെ ചോദ്യത്തിന് ബസ് ഓപ്പറേറ്റേഴ്‍സ് അസോസിയേഷൻ നേതാവിന് കൃത്യമായ മറുപടിയുണ്ടായിരുന്നില്ല.
കെഎസ്ആർടിസിയേക്കാൾ കൂടുതൽ ലാഭമുണ്ടാക്കുന്ന സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‍സിന്, കൃത്യമായ പരാതി പരിഹാര സംവിധാനം പോലുമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു ന്യൂസ് അവർ ചർച്ച.
തോന്നിയ നിരക്ക് ഈടാക്കുന്നതിലെ മാനദണ്ഡമോ?
കോൺട്രാക്ട് കാര്യേജ് ചട്ടപ്രകാരം നിരക്ക് നിശ്ചയിക്കാൻ കൃത്യമായ മാനദണ്ഡമില്ലെന്ന മോട്ടോർ വാഹന ചട്ടത്തിലെ പഴുതുപയോഗിച്ചാണ് പലപ്പോഴും ബസ്സുടമകൾ ഉത്സവസീസണിലും അവധി ദിവസങ്ങൾക്ക് മുമ്പും തോന്നിയ രീതിയിൽ നിരക്ക് ഈടാക്കുന്നത്. ഇതിനെയും സ്വകാര്യ ബസ്സുടമകളുടെ സംഘടനാ നേതാവ് ന്യായീകരിക്കുന്നു. നിയമവിധേയമായി പ്രവർത്തിക്കുന്നത് കൊണ്ടല്ലേ റോഡ് ടാക്സ് കൃത്യമായി സർക്കാർ വാങ്ങുന്നതെന്നാണ് ചോദ്യം.
ഫ്ലെക്സി ടിക്കറ്റിംഗ് ആണ് എല്ലാ ബസ്സുകളും നിരക്ക് നിശ്ചയിക്കുന്ന രീതിയെന്ന് പറയുന്ന അഡ്വ. മനോജ് പടിക്കൽ വിമാനങ്ങളും ടിക്കറ്റ് നിരക്ക് അങ്ങനെയാണ് നിശ്ചയിക്കുന്നതെന്നാണ് പറയുന്നത്. എന്നാൽ വിമാനനിരക്കിന് IATA പോലുള്ള ഏജൻസികളുടെ കൃത്യമായ മാനദണ്ഡങ്ങളുണ്ട്. മോട്ടോർ വാഹനചട്ടത്തിൽ അത്തരം മാനദണ്ഡങ്ങളില്ലെന്ന് ഡിജോ കാപ്പൻ ചൂണ്ടിക്കാട്ടുന്നു.
ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാത്രം വാഹനം കരാർ അടിസ്ഥാനത്തിൽ ഒടിക്കാനാനുളള അനുമതിയാണ് കോൺട്രാക്ട് ക്യാര്യേജ് പെർമിറ്റ്. യാത്ര തുടങ്ങിയ ശേഷം വഴിയിൽ നിന്നും ആളുകളെ കയറ്റാനോ ഇറക്കാനോ പാടില്ല എന്നതാണ് പ്രധാന നിബന്ധന. ഇതു പാലിക്കാമെന്ന ഉറപ്പിലാണ് പൊതു ഗതാഗത സർവ്വീസ് നടത്തുന്ന വാഹനങ്ങളിൽ നിന്ന് വ്യത്യസ്തമായി വണ്ടി ഓടിക്കുന്ന സമയം, ഈടാക്കാവുന്ന തുക ഉൾപ്പടെ എല്ലാം കരാറുകാരന് തീരുമാനിക്കാമെന്ന സൗകര്യം സർക്കാർ സ്വകാര്യ ബസ്സുടമകൾക്ക് അനുവദിച്ചിരിക്കുന്നത്. എന്നാൽ അന്തർസംസ്ഥാന വാഹനങ്ങൾ പൊതു ഗതാഗത സർവ്വീസ് നടത്തുന്നത് പോലെ ഇഷ്ടം പോലെ ആളുകളെ കയറ്റുകയും ഇറക്കുകയും ചെയ്യുന്നുണ്ടെന്ന കാര്യം എല്ലാവർക്കുമറിയാം. പക്ഷേ നടപടിയില്ലെന്നും ഡിജോ കാപ്പനും ബി ജെ ആന്‍റണിയും വ്യക്തമാക്കുന്നു.