റഷ്യ : ലോകകപ്പിലെ രണ്ടാം പ്രീ ക്വാർട്ടറില്‍ പോർച്ചുഗല്‍ ഇന്ന് ഉറുഗ്വേയെ നേരിടും. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലൂയി സുവാരസും നേർക്കുനേര്‍ വരുന്ന മത്സരം രാത്രി 11.30നാണ്. എ ഗ്രൂപ്പ് ചംപ്യന്മാരായ ഉറുഗ്വേ, ബി ഗ്രൂപ്പില്‍ രണ്ടാമതെത്തിയ പോർച്ചുഗല്‍. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി നേർക്കുനേര്‍ വരികയണ് ഈ രണ്ട് ടീമുകള്‍. ഗ്രൂപ്പിലെ മൂന്ന് മത്സരവും ജയിച്ച് ആധികാരികമായാണ് ഉറുഗ്വേയുടെ മുന്നേറ്റം. 5 ഗോളടിച്ച അവര്‍ ഒരെണ്ണം പോലും വഴങ്ങിയിട്ടുമില്ല.
റഷ്യക്കെതിരെ കളിക്കാതിരുന്ന ഡിഫന്‍ഡര്‍ ഹോസെ ഗിമിനസ് ഇന്ന് കളത്തിലിറങ്ങുമെന്നാണ് സൂചന. സുവാരസ് - കവാനി സഖ്യം ഇന്നും താളം കണ്ടെത്തിയാല്‍ പോർച്ചുഗല്‍ വിയർക്കും. ഉറുഗ്വേക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കാന്‍ സുവാരസിന് ഇനി രണ്ട് ഗോള്‍ കൂടി മതി. എന്നാല്‍ 1930 ന് ശേഷം ലോകകപ്പില്‍ തുടർച്ചയായി നാല് മത്സരം ജയിക്കാന്‍ ഉറുഗ്വേക്കായിട്ടില്ല. യൂറോപ്യന്‍ ചാംപ്യന്മാരായ പോർച്ചുഗലിന്‍റെ ഇതുവരെയുള്ള മുന്നേറ്റം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആശ്രയിച്ചാണ്. ഇതുവരെ നേടിയ 5 ഗോളില്‍ നാലും പിറന്നത് റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്ന്.
ടീം ഒന്നാകെ റൊണാള്‍ഡോയെ തളക്കാന്‍ ശ്രമിക്കുമെന്നാണ് മത്സരത്തിന് മുമ്പ് ഉറുഗ്വേ താരം സെബാസ്റ്റ്യന്‍ കോറ്റസ് പറഞ്ഞത്. പക്ഷെ ഒരു കളിക്കാരനെ മാത്രം ആശ്രയിച്ച് ലോകകപ്പ് പോലൊരു ടൂർണ്ണമെന്‍റില്‍ പോർച്ചുഗല്‍ എത്രത്തോളം മുന്നോട്ട് പോകാമെന്ന് കണ്ടുതന്നെ അറിയണം. ലോകകപ്പ് നോക്കൗട്ട് ഘട്ടത്തില്‍ ഇതുവരെ ഒരു ഗോള്‍ പോലും നേടാന്‍ റൊണാള്‍ഡോയ്ക്കായിട്ടുമില്ല. അതുകൊണ്ടുതന്നെ ഇനിയങ്ങോട്ട് സഹതാരങ്ങള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുമെന്ന പ്രതീക്ഷയിലാണ് പോർച്ചുഗല്‍ ആരാധകര്‍. ഇരു ടീമും ഇതിന് മുമ്പ് രണ്ട് തവണ ഏറ്റുമുട്ടിയപ്പോള്‍ ഒന്നില്‍ പോർച്ചുഗല്‍ ജയിച്ചു. ഒരെണ്ണം സമനിലയിലായി. ലോക റാങ്കിംഗില്‍ നാലാം സ്ഥാനത്താണ് പോർച്ചുഗല്‍, ഉറുഗ്വേ പതിനാലാമതും. സൂപ്പര്‍ താരങ്ങള്‍ മുഖാമുഖമെത്തുമ്പോള്‍ പോരാട്ടം പൊടിപൊടിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.