90-കളിൽ പിന്നോക്ക സമുദായത്തെ മുഖ്യധാരയിലെത്തിക്കാനാണ് മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. അന്ന്, അതിനെതിരെ ഇന്ത്യയുടെ തെരുവുകൾ നിന്ന് കത്തി. എന്നാൽ അതിനേക്കാൾ എത്രയോ മുമ്പു തന്നെ സാമ്പത്തികസംവരണം എന്ന ആവശ്യം ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തിലുണ്ട്. ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി 10 ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താൻ തീരുമാനിക്കുമ്പോൾ, അതിന് പിന്നിലെന്തായിരിക്കാം? തീർത്തും അപ്രതീക്ഷിതമായി, അടിയന്തരമന്ത്രിസഭായോഗം വിളിച്ച് എന്തിനാണ് മോദി സംവരണപ്രഖ്യാപനം നടത്തിയത്?
സംവരണം - എന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത, തർക്കിച്ച, വിവാദങ്ങൾ അരങ്ങേറാൻ കാരണമായ വിഷയങ്ങളിലൊന്നാണ്. എന്നാൽ സംവരണം തെരുവിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെട്ടതും, ഉത്തരേന്ത്യയിലെ തെരുവുകളിൽ സംവരണവിരുദ്ധർ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചതും 1990-കളിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ്. പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിന് കൊണ്ടുവന്ന മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് ഇന്നും നടപ്പാക്കാൻ കഴിയാതെ കടലാസിലുറങ്ങുന്നു.
വി പി സിംഗിനെ പ്രതിസന്ധിയിലാക്കിയ റിപ്പോർട്ട്!
undefined
പിന്നോക്ക വിഭാഗങ്ങളെ (ഒബിസി) സാമൂഹ്യപുരോഗതിയിലെത്തിക്കാനാണ് ബിഹാറിലെ ഇടക്കാലമുഖ്യമന്ത്രിയായിരുന്ന ബിന്ദേശ്വരി പ്രസാദ് മണ്ഡലിന്‍റെ നേതൃത്വത്തിൽ 1979-ൽ അന്നത്തെ പ്രധാനമന്ത്രി മൊറാർജി ദേശായി ഒരു കമ്മീഷൻ രൂപീകരിച്ചത്. ബി പി മണ്ഡലിന്‍റെ നേതൃത്വത്തിൽ പുറത്തിറക്കിയ ആ അന്വേഷണകമ്മീഷൻ റിപ്പോർട്ട് ഇന്ത്യയുടെ സംവരണചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.
1979 ജനുവരി ഒന്നിന് നിലവില്‍ വന്ന ഇത് രണ്ടാം പിന്നോക്കക്കമ്മീഷന്‍ എന്നാണ് അറിയപ്പെട്ടത്. മണ്ഡലിനെ കൂടാതെ മറ്റ് അഞ്ച് പേര്‍ കൂടി കമ്മീഷനില്‍ അംഗങ്ങളായുണ്ടായിരുന്നു. ഇതില്‍ നാല് പേര്‍ പിന്നോക്കവിഭാഗക്കാരും എല്‍ ആര്‍ നായക് എന്ന അംഗം ദലിതനുമായിരുന്നു.
ഒരു വര്‍ഷക്കാലാവധിക്കുശേഷം, 1980 ല്‍ കമ്മീഷന്‍ പ്രധാനമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദ്ദേശം, പിന്നോക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 27% സംവരണം ഏര്‍പ്പെടുത്തണം എന്നുള്ളതായിരുന്നു. എന്നാല്‍ കമ്മീഷന്‍, ജനസംഖ്യയില്‍ 50% പിന്നോക്കക്കാരുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഏതൊരുവിധത്തിലുള്ള സംവരണവും 50% ല്‍ അധികമാകാന്‍ പാടില്ല എന്ന സുപ്രീം കോടതി വിധി നിലവിലുള്ളതിനാല്‍, 22% സംവരണമുള്ള പട്ടികജാതി /വര്‍ഗ സംവരണം കഴിച്ച് 50% എത്തുന്ന സംഖ്യവരെ മാത്രമേ പിന്നോക്കവിഭാഗ സംവരണം ഏര്‍പ്പെടുത്തുവാന്‍ കഴിയുമായിരുന്നുള്ളൂ. അങ്ങനെയാണ് പിന്നോക്ക വിഭാഗ സംവരണം 27% (വാസ്തവത്തില്‍ 27.5%) ആയി നിജപ്പെടുത്തിയത്.
എന്നാല്‍ കമ്മീഷനെ നിയോഗിച്ച മൊറാര്‍ജി ദേശായി സർക്കാരോ, തുടര്‍ന്നുവന്ന ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി സർക്കാരുകളോ മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ തയ്യാറായില്ല.
വര്‍ഷങ്ങള്‍ കഴിഞ്ഞ് 1990 ആയപ്പോള്‍ അന്നത്തെ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിംഗ് എന്ന വി പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. ഇന്ത്യയുടെ തെരുവുകൾ സംവരണവിരുദ്ധവികാരം കൊണ്ട് നിന്ന് കത്തിയ കാഴ്ചയാണ് പിന്നീട് കണ്ടത്. മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രാജ്യമെമ്പാടും വന്‍ പ്രക്ഷോഭങ്ങള്‍ നടന്നു.
: മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുമെന്ന് അന്നത്തെ പ്രധാനമന്ത്രി വി പി സിംഗ് പ്രഖ്യാപിക്കുന്നു, രാംവിലാസ് പസ്വാനും സ്വാമി അഗ്നിവേശും സമീപം
ദില്ലിയിൽ നടന്ന പ്രക്ഷോഭത്തിനിടെ ദില്ലി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന രാജീവ് ഗോസ്വാമി ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. 50 ശതമാനം പൊള്ളലുമായി രാജീവ് ഗുരുതരാവസ്ഥയിലായി. ദേഹമാകെ തീയുമായി രാജീവിനെ പൊലീസ് അറസ്റ്റു ചെയ്യുന്ന ഫോട്ടോകൾ രാജ്യമൊട്ടാകെയുള്ള പത്രങ്ങളിൽ അടിച്ചുവന്നു. കാട്ടുതീ പോലെ ഈ ട്രെൻഡ് കത്തിപ്പടന്നു. ഉത്തരേന്ത്യയിൽ പലയിടത്തും സമാനമായ രീതിയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യകളും പ്രക്ഷോഭങ്ങളും കൊണ്ട് ഉത്തരേന്ത്യയാകെ കലുഷിതമായപ്പോള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നിര്‍ത്തിവെക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
: മണ്ഡൽ കമ്മീഷൻ റിപ്പോർട്ടിനെതിരെ ദേഹത്ത് തീ കൊളുത്തിയ വിദ്യാർഥി രാജീവ് ഗോസ്വാമി
എങ്കിലും പിന്നോക്കക്കാരെ കണ്ടെത്തുന്ന നടപടി തുടരാമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് നവംബര്‍ ഏഴിന് പിന്നോക്ക സംവരണം നടപ്പാക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി വി പി സിംഗ് അവതരിപ്പിച്ച വിശ്വാസപ്രമേയം 346 ന് എതിരേ 142 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു! സംവരണത്തെ എതിര്‍ത്ത് വോട്ടു ചെയ്ത 346 പേരില്‍ 116 എം പി മാര്‍ പിന്നോക്കക്കാരായിരുന്നു!
മണ്ഡൽ റിപ്പോർട്ട് ആദ്യ പിന്നാക്ക കമ്മീഷൻ റിപ്പോർട്ടല്ല!
1953-ലും കേന്ദ്രസർക്കാർ പിന്നോക്കക്കാരെ മുഖ്യധാരയിലെത്തിക്കാൻ ലക്ഷ്യമിട്ട് ഒരു കമ്മീഷൻ രൂപീകരിച്ചിരുന്നു. 1953 ജനുവരിയിൽ രൂപീകരിച്ച ആദ്യ പിന്നാക്ക കമ്മീഷന്‍റെ ചെയർമാൻ കാക്ക കലേൽക്കറായിരുന്നു. 1955- മാർച്ചിൽ കമ്മീഷൻ നൽകിയ റിപ്പോർട്ടിൽ 2399 പിന്നാക്ക ജാതികളെയും ഗോത്രങ്ങളെയും പട്ടികപ്പെടുത്തിയിരുന്നു. ഇതിൽ 837 വിഭാഗങ്ങളെ 'തീർത്തും പിന്നാക്ക'മായാണ് ലിസ്റ്റ് ചെയ്തിരുന്നത്. പ്രശസ്ത സാമൂഹ്യപ്രവർത്തകനായ കലേൽക്കറുടെ റിപ്പോർട്ടും ഒരിക്കലും നടപ്പാക്കപ്പെട്ടില്ല.
സംവരണം, കോടതികളിലും ഭിന്നാഭിപ്രായം
ജാതിയോ, സാമ്പത്തികസ്ഥിതിയോ സംവരണത്തിന് അടിസ്ഥാനമാകേണ്ടതെന്ന ചർച്ചകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പണ്ടേ ഉയർന്നിരുന്നതാണ്. 1962 - ൽ ബ്രാഹ്മണരൊഴികെ മറ്റെല്ലാ വിഭാഗങ്ങളിലുള്ളവർക്കും സംവരണം ഏർപ്പെടുത്തിയ മൈസൂർ നിയമസഭയുടെ തീരുമാനത്തിനെതിരെ നടന്ന ഹർജിയിൽ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിക്കുന്നുണ്ട്. (Balaji v. Mysore, 1962)
''ജാതിയല്ല, പട്ടിണിയാണ് സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥ നിർണയിക്കേണ്ടത്. ജാതി എന്ന സ്വത്വത്തെ സംവരണത്തിന് അടിസ്ഥാനമാക്കുന്നത് ഒഴിവാക്കണം എന്ന് ഈ കോടതി പറയുന്നില്ല. പക്ഷേ, മുന്നോക്കക്കാരിലെ പിന്നാക്കാവസ്ഥയും കണക്കിലെടുക്കേണ്ടതാണ്.'' സാമ്പത്തികാവസ്ഥയാണ് സംവരണത്തിന് അടിസ്ഥാനമാകേണ്ടതെന്ന നിലപാടിൽ കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾക്ക് ഉറച്ചു നിൽക്കാൻ സഹായകമായ നിലപാടായിരുന്നു ഇത്.
എന്നാൽ പിന്നോക്കവിഭാഗങ്ങൾ എന്താണെന്ന് കൃത്യമായി വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ ഇന്ദ്രാ സാഹ്‍നി നൽകിയ കേസിൽ സുപ്രീംകോടതി ഇങ്ങനെ നിരീക്ഷിച്ചു.
''പാവപ്പെട്ടവർ എന്നത് മാത്രമല്ല, സാമൂഹ്യപിന്നാക്കാവസ്ഥയ്ക്ക് ആധാരം. സാമൂഹ്യാവസ്ഥയിൽ അരികുവൽക്കരിക്കപ്പെട്ടവരും, ജാതിവ്യവസ്ഥയിൽ താഴേയ്ക്ക് തള്ളപ്പെട്ടവരും പിന്നാക്കവിഭാഗങ്ങളിൽ പെടും.''
ബഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് പി സാവന്ത് പറഞ്ഞതിങ്ങനെ. ''സാമ്പത്തികാവസ്ഥ മാത്രം കണക്കിലെടുത്ത് പിന്നോക്കാവസ്ഥ നിർണയിച്ചാൽ മുന്നാക്കവിഭാഗങ്ങൾക്ക് എല്ലായിടത്തും അധികാരം കുത്തകയാക്കി കയ്യിലെടുക്കാൻ മാത്രമേ സഹായിക്കൂ. ഇതിനെ മറികടക്കാനാണല്ലോ, നമ്മൾ സംവരണസംവിധാനം കൊണ്ടുവന്നത്.''
കോൺഗ്രസിനും വിശാലപ്രതിപക്ഷത്തിനും മോദിയുടെ ചെക്ക്!
ജാട്ടുകളും പട്ടേലുകളും ഉൾപ്പടെയുള്ള പ്രബലവിഭാഗങ്ങൾ ഹരിയാനയിലും രാജസ്ഥാനിലും ഗുജറാത്തിലും സംവരണം തേടി തെരുവിലിറങ്ങിയതും ട്രെയിൻ തടഞ്ഞതും വൻ പ്രതിഷേധങ്ങൾ ഉയർത്തിവിട്ടതും നമ്മൾ കണ്ടു. മണ്ഡൽ കാലത്തിന് ശേഷം സംവരണം എല്ലാ തെരഞ്ഞെടുപ്പുകളിലും എല്ലാ സർക്കാരുകളും ഇറക്കുന്ന ഒരു തുറുപ്പുചീട്ടാണ്.
2016 ഏപ്രിലിൽ പട്ടേൽ സംവരണപ്രക്ഷോഭത്തിനിടയിൽത്തന്നെ ആനന്ദിബെൻ പട്ടേൽ സർക്കാർ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി. വാർഷികവരുമാനം 6 ലക്ഷത്തിൽത്താഴെയുള്ളവർക്കായിരുന്നു സംവരണം. അന്ന് സംവരണപ്രഖ്യാപനം നടത്തിയ വാർത്താസമ്മേളനത്തിൽ ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ അടക്കം സന്നിഹിതനായിരുന്നു. ഇപ്പോൾ പ്രതിപക്ഷത്തിന്‍റെ കടന്നാക്രമണങ്ങൾക്ക് കോൺഗ്രസിനോടും വിശാലപ്രതിപക്ഷത്തോടും പ്രധാനമന്ത്രി നരേന്ദ്രമോദി ചെക്ക് പറയുകയാണ് ഈ സാമ്പത്തികസംവരണ തീരുമാനത്തിലൂടെ.
ആകെ 50 ശതമാനത്തിൽ കൂടുതൽ സംവരണം പാടില്ലെന്ന് പല തവണ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ അതിനെയെല്ലാം മറികടന്ന് 60% സംവരണമാക്കി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുങ്ങുന്നത്. സുപ്രീംകോടതിയുടെ വിധി മറികടക്കാൻ ഭരണഘടനാഭേദഗതി വേണം. ആ സംവരണബില്ല് പാർലമെന്‍റിൽ അവതരിപ്പിക്കാനും മോദി ഒരുങ്ങുന്നു.
പണ്ടേ സംവരണവിരുദ്ധരാണ് ബിജെപി. ജാതിയല്ല, സാമ്പത്തികസ്ഥിതിയാണ് സാമൂഹ്യപിന്നാക്കാവസ്ഥ നിർണയിക്കേണ്ടതെന്ന് ആർഎസ്എസ്സിന്‍റെയും മറ്റ് സംഘപരിവാർ സംഘടനകളുടെയും പ്രഖ്യാപിതനിലപാടാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ സംവരണാംശത്തിൽ തൊടാതെയാണ് ഇപ്പോൾ സംവരണപരിധി ഉയർത്താൻ ബിജെപി സർക്കാർ ഒരുങ്ങുന്നത്.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിരിച്ചടിക്കും റഫാലുൾപ്പടെയുള്ള ഇടപാടുകളിലെ അഴിമതിയാരോപണത്തിനും നോട്ട് നിരോധനത്തിനും ജിഎസ്ടിക്കും തൽക്കാലം മോദിക്ക് മറുപടി പറയേണ്ട. സാമ്പത്തികസംവരണബില്ലിൻമേലാകും രാജ്യത്തിന്‍റെ ശ്രദ്ധ. ഒറ്റ തീരുമാനം കൊണ്ട്, പഴയതെല്ലാം തൽക്കാലം മറയ്ക്കാൻ മോദിക്കാകുന്നു. ഇതിനെ എങ്ങനെ നേരിടുമെന്ന് രാഹുൽ ഗാന്ധിയ്ക്ക് ഇരുന്നാലോചിക്കേണ്ടി വരും.
പട്ടികജാതി - പട്ടികവർഗബിൽ ഉത്തരേന്ത്യയിലെ ബിജെപി വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തിയെന്നത് വസ്തുതയാണ്. ഹിന്ദുത്വപ്രീണനം തനിക്കും നന്നായി അറിയാമെന്ന് രാഹുൽ ഗാന്ധി ക്ഷേത്രയാത്ര നടത്തി തെളിയിച്ചു കഴിഞ്ഞു. പിണങ്ങിപ്പോയ ആ മുന്നോക്കവോട്ടുകൾ തന്നെയാണ് മോദിയുടെ മനസ്സിൽ. കേരളവും പശ്ചിമബംഗാളുമുൾപ്പടെയുള്ള സംസ്ഥാനങ്ങളും ബിജെപി ലക്ഷ്യമിടുന്നു. ശബരിമല വിഷയത്തിൽ ബിജെപിയോടടുത്ത മുന്നോക്കവോട്ടർമാരെ ഉറപ്പിച്ചു നിർത്താൻ ഇതിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ.
സംവരണതത്വം അട്ടിമറിക്കുകയാണെന്നാരോപിച്ച് പിന്നാക്ക-ദളിത്-സമുദായ സംഘടനകൾ തീർച്ചയായും സുപ്രീംകോടതിയെ സമീപിക്കും. ഒരു പക്ഷേ കോടതി ഈ ബില്ല് സ്റ്റേ ചെയ്തെന്നും, പിന്നീട് റദ്ദാക്കിയെന്നും വരാം. എങ്കിലും ഈ തീരുമാനം മോദിയ്ക്ക് ലാഭമാണ്. രാഷ്ട്രീയമായി സംവരണം കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ കോടതി അനുവദിച്ചില്ല എന്ന് ബിജെപിക്ക് പറയാം. മുന്നാക്കവിഭാഗത്തോട് ധൈര്യമായി വോട്ട് ചോദിക്കാം. വീണ്ടും അധികാരത്തിലെത്തിച്ചാൽ ബില്ല് കൊണ്ടുവരുമെന്ന് പറയാം.
അതുമല്ലെങ്കിൽ അപ്പുറത്ത് അയോധ്യയുണ്ട്. ഓർക്കുക, അയോധ്യ കേസ് സുപ്രീംകോടതി ജനുവരി 10-ന് പരിഗണിക്കുകയാണ്!