''എന്നാൽ മോൻ പാടൂ എന്ന് പറഞ്ഞു. പാടുന്ന കുട്ടിയാണിവനെന്ന് എനിക്കറിയില്ല. അവൻ എന്റെ അടുത്തു വന്നു നിന്ന് പാടിത്തുടങ്ങി.'' ക്ലാസ്മുറിയില്‍ ആകാശമായവളെ പാടി വൈറലായ മിലനെക്കുറിച്ച് അധ്യാപകന്‍ പ്രവീണ്‍കുമാര്‍...
രണ്ട് ദിവസമായി ഒരു പാട്ടും പാട്ടുകാരനുമാണ് സമൂഹമാധ്യമങ്ങളിലെ വൈറൽ താരം. 'ആകാശമായവളെ..." എന്ന പാട്ടും മിലൻ എന്ന എട്ടാം ക്ലാസുകാരനും. ഈ കൊച്ചുമിടുക്കന്റെ പാട്ടിൽ മയങ്ങി, 'എന്ത് ഭംഗിയായിട്ടാ പാടുന്നത്?' എന്ന് പറഞ്ഞ് കേട്ടവരെല്ലാം വീണ്ടും വീണ്ടും ഈ പാട്ട് കേട്ടുകൊണ്ടേയിരിക്കുന്നു. 'പാട്ട് പാടി വൈറലായല്ലോ', എന്ന ചോദ്യത്തിന്, 'ഭയങ്കര സന്തോഷമുണ്ട്' എന്നാണ് മിലന്റെ മറുപടി. മിലനും പ്രവീൺ മാഷും ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് വിശേഷങ്ങൾ പങ്കുവെക്കുന്നു. രണ്ട് ദിവസമായി തേടിയെത്തുന്ന അഭിനനന്ദനങ്ങളെക്കുറിച്ച്, പാട്ട് വന്ന വഴിയെക്കുറിച്ച്...
മിലനെക്കുറിച്ച് പറയുമ്പോൾ തന്നെ പ്രവീൺ മാഷിനെക്കുറിച്ചും പറയണം. കാരണം മിലന്റെ പാട്ട് വീഡിയോ പ്രവീൺ മാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നിന്നാണ് വൈറലായത്. ''ഉച്ചതിരിഞ്ഞുള്ള അഞ്ചാമത്തെ പീരിയഡ്. സോഷ്യൽ സയൻസ് പീരിയഡ് ഞാൻ ക്ലാസെടുത്തു കൊണ്ടിരിക്കുകയായിരുന്നു. ക്ലാസ് കഴിയാൻ 5 മിനിറ്റ് കൂടി ബാക്കിയുണ്ടായിരുന്നു. കുട്ടികളെല്ലാം പുസ്തകമൊക്കെ എടുത്ത് വെച്ചിരിക്കുന്ന സമയം. ഞാനപ്പോൾ 'ആരാ ഒരു പാട്ട് പാടുക' എന്ന് ചോദിച്ചു. ഞാൻ പാടാം എന്ന് പറഞ്ഞ് ഒരു കുഞ്ഞിക്കൈ ഉയർന്നുവന്നു. എന്നാൽ മോൻ പാടൂ എന്ന് പറഞ്ഞു. പാടുന്ന കുട്ടിയാണിവനെന്ന് എനിക്കറിയില്ല. അവൻ എന്റെ അടുത്തു വന്നു നിന്ന് പാടിത്തുടങ്ങി. അവൻ പാട്ട് തുടങ്ങിയപ്പോ തന്നെ എനിക്ക് വളരെ ഫീലായി തോന്നി. അവനോട് നിർത്താൻ പറഞ്ഞിട്ട്, മാഷ് മൊബൈലിൽ എടുത്തോട്ടെ എന്ന് ചോദിച്ചു. അങ്ങനെയാണ് ആ പാട്ട് വീഡിയോ സംഭവിച്ചത്.'' വൈറൽ പാട്ട് വന്ന വഴിയെക്കുറിച്ച് പ്രവീൺ മാഷ് പറയുന്നു.
ആകാശമായവളെ' പാടി ഹൃദയങ്ങൾ കീഴടക്കി, മിലൻ ഇനി സിനിമയിൽ പാടുമെന്ന് പ്രജേഷ് സെൻ
തൃശൂർ ജില്ലയിലെ കൊടകരയിൽ മണമ്പൂർ എന്ന് സ്ഥലത്താണ് മിലന്റെ വീട്. അച്ഛൻ സുകു പെയിന്റിംഗ് തൊഴിലാളി. അമ്മ പ്രസന്ന. സഹോദരി മീര ഡിഗ്രി വിദ്യാർത്ഥിനി. രണ്ട് മാസമായിട്ടേയുള്ളു മിലൻ ഹൈസ്കൂളിലെത്തിയിട്ട്. ''ഒരു കുഞ്ഞു പയ്യനാണിവൻ. പഠിക്കുന്നത് എട്ടാം ക്ലാസിലാണെങ്കിലും അഞ്ചാംക്ലാസുകാരന്റെ അത്രയുമേ ഉളളു.'' പ്രിയ വിദ്യാർത്ഥിയെക്കുറിച്ച് മാഷിന്റെ വാക്കുകളിൽ നിറയെ വാത്സല്യം. പഠിപ്പിക്കുന്ന സോഷ്യൽ സയൻസ് ആണെങ്കിലും പാട്ടെഴുത്തിലും സജീവമാണ് പ്രവീൺ മാഷ്. ഇത്രയും നല്ലൊരു ഗായകൻ തന്റെ ക്ലാസിലുണ്ടെന്ന് പ്രവീൺ മാഷ് അറിയുന്നതും അന്നാണ്. വീട്ടിലെത്തി ഈ പാട്ട് ഒന്നുകൂടി കേട്ട്, സ്റ്റാറ്റസാക്കി. ഇത് കേട്ട സുഹൃത്തുക്കളാണ്, 'പാട്ട് കൊള്ളാലോ മാഷേ, ഫേസ്ബുക്കില് പോസ്റ്റ് ചെയ്യ്' എന്ന് പറഞ്ഞത്. പിന്നെ സംഭവിച്ചത് ചരിത്രം. വീഡിയോ പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ പാട്ടും പാട്ടുകാരനും സമൂഹമാധ്യങ്ങളിൽ വൈറലായി.
പാട്ട് വൈറലായല്ലോ എന്ന് പാട്ടുകാരനോടൊന്ന് ചോദിച്ചു. എല്ലാ ഉത്തരങ്ങൾക്കുമൊടുവിൽ സന്തോഷം എന്ന് കൂട്ടിച്ചേർക്കുന്നു മിലൻ. അച്ഛനും ''അമ്മയും ചേച്ചിയും എല്ലാവരും പാട്ട് കേട്ടു. എല്ലാവർക്കും സന്തോഷം. യേശുദാസ് സാറിന്റെ പാട്ടാണ് ഇഷ്ടം. പഴയ ക്ലാസിക്കൽ ഗാനങ്ങളോടാണ് ഇഷ്ടം. ആകാശമായവളെ എന്ന് പാടിയതെന്തിനെന്ന് ചോദിച്ചാൽ ഒരു വെറൈറ്റിക്ക് പാടിയതാ എന്നും മിലൻ ഉത്തരം പറയുന്നു. നിരവധി പേരാണ് മിലന് ആശംസകളറിയിച്ചത്.
സുഖമുള്ള ചെറിയ നോവ്, എത്ര ഹൃദ്യം'; 'ആകാശമായവളെ' പാടി മിലൻ, അഭിനന്ദിച്ച് ഷഹബാസ് അമൻ
മിലന് ആദ്യം ലഭിച്ച അഭിനന്ദനം ഗായകൻ ഷഹബാസ് അമനിൽ നിന്നായിരുന്നു. സുഖമുള്ള ഒരു ചെറിയ നോവ്, എന്നായിരുന്നു ഷഹബാസ് അമന്റെ വാക്കുകള്‍. പിന്നീട് സ്നേഹം എന്ന് എഴുതി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി മിലന്റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. പ്രവീൺ മാഷിന്റെ വീഡിയോക്ക് താഴെ സ്നേഹമറിയിച്ചു പാട്ടിന് സംഗീതം നൽകിയ ബിജിബാൽ. ഏറ്റവുമൊടുവിൽ മിലന് സിനിമയിൽ പാടാൻ അവസരം നൽകുമെന്ന് വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെന്നും.
അഭിനന്ദനങ്ങളുടെ സ്നേഹാശംസകളുടെ നിറുകയിലാണ് ഈ മാഷും കുട്ടിയും. 'ധാരാളം പേർ മിലന് അവസരം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. എനിക്ക് സാധിക്കുന്ന വിധത്തിൽ ഞാനും മിലന് അവസരം നൽകും. തന്റെ വിദ്യാർത്ഥിയിലൂടെ അധ്യാപകൻ അറിയപ്പെടുക എന്നത് അധ്യാപകനെ സംബന്ധിച്ച് ഒരു പുണ്യമാണ്. ആ പുണ്യത്തിന്റെ നിറവിലാണ് ഞാൻ.'' മിലനെ ചേർത്തുപിടിച്ച് പ്രവീൺ മാഷ് പറഞ്ഞു നിർത്തുന്നു.