അമ്മയും അച്ഛനും മക്കളും എല്ലാവരും പാട്ടുകാരായ ഒരു പാട്ടുവീട്. കഴിഞ്ഞ സംഗീത ദിനത്തിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളായിരുന്നു ഈ കുടുംബം.
ഈ വീട് നിറയെ സംഗീതമാണ്. ഒരാൾ പാടുന്നത് ഏറ്റുപാടാൻ, കൂടെപ്പാടാൻ മറ്റ് മൂന്നുപേരുണ്ട് കൂടെ. ഇങ്ങനെ എപ്പോഴും പാട്ട് നിറയുന്ന വീടിനെ പാട്ടുവീട് എന്നല്ലാതെ മറ്റെന്ത് വിളിക്കാൻ? കാസർകോട് ജില്ലയിൽ അങ്ങനെയൊരു വീടുണ്ട്. അമ്മയും അച്ഛനും മക്കളും എല്ലാവരും പാട്ടുകാരായ ഒരു പാട്ടുവീട്. കഴിഞ്ഞ സംഗീത ദിനത്തിൽ സമൂഹമാധ്യമങ്ങളിലെ വൈറൽ താരങ്ങളായിരുന്നു ഈ കുടുംബം. ചെറുവത്തൂർ സ്വദേശി രവീന്ദ്രൻ, ഭാര്യ സീന മക്കളായ അനാമിക, വൈഗ എന്നിവരാണ് പാട്ടുംപാടി സമൂഹമാധ്യമത്തിലെ താരങ്ങളായത്.
തൊണ്ണൂറുകളിൽ സ്വാതി ഓർക്കസ്ട്ര എന്ന പേരിൽ പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് നടത്തിയിരുന്നു രവീന്ദ്രൻ. ''ബിവറേജസ് കോർപറേഷനിൽ ജോലി ലഭിച്ചതോടെയാണ് സംഗീത ലോകത്ത് നിന്ന് താത്ക്കാലികമായി മാറി നിന്നത്. എങ്കിലും പാട്ടിനോടുള്ള ഇഷ്ടം കൈവിട്ടിട്ടില്ല. 2500-3000 ത്തോളം വേദികളിൽ പാടാൻ അവസരമുണ്ടായിട്ടുണ്ട്. അതുപോലെ ബ്രഹ്മാനന്ദൻ, കൃഷ്ണചന്ദ്രൻ, പി ജയചന്ദ്രൻ എന്നിവർക്കൊപ്പം പാടാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്.'' രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് സംസാരിക്കവേ പറഞ്ഞു.
undefined
''മാസങ്ങൾക്ക് മുമ്പാണ് ഫേസ്ബുക്കിൽ പാട്ടുവീട് എന്നൊരു പേജ് ആരംഭിച്ചത്. ആദ്യമൊന്നും ആ പേജിൽ സജീവമല്ലായിരുന്നു. പിന്നീട് ലോക്ക് ഡൗൺ സമയത്താണ് പാട്ട് പാടി വീഡിയോ പേജിൽ അപ്‍ലോഡ് ചെയ്യുന്നത്. തുളസിക്കതിർ നുള്ളിയെടുത്ത് എന്ന പാട്ടായിരുന്നു ആദ്യം പോസ്റ്റ് ചെയ്തത്. നിരവധി പേർ ആ പാട്ട് കേട്ട് മികച്ച അഭിപ്രായം പറഞ്ഞു. പിന്നീട് ഏഴ് പാട്ടുകൾ പോസ്റ്റ് ചെയ്തു. ഏഴും വൈറലാണ്.'' മക്കളായ അനാമികയും വൈഗയും ഭാര്യ സീനയും പാട്ടുകാരാണെന്നും രവീന്ദ്രൻ കൂട്ടിച്ചേർക്കുന്നു.
രവീന്ദ്രന് സംഗീതം പാരമ്പര്യമായി പകർന്നു കിട്ടിയതാണ്. അച്ഛനും അമ്മയും നന്നായി പാടുന്നവരായിരുന്നു. കൈതപ്രം വിശ്വനാഥൻ നമ്പൂതിരിയുടെ കീഴിൽ രണ്ടു വർഷം സംഗീതം പഠിച്ചിട്ടുണ്ട്. അച്ഛന്റെ സംഗീത വഴിയിൽ തന്നയാണ് മക്കളായ അനാമികയും വൈഗയുമുള്ളത്. മക്കളിൽ മൂത്തയാളായ അനാമിക സംഗീതം പഠിക്കുന്നുണ്ട്. അച്ഛനൊപ്പം നിരവധി വേദികളിലും അനാമിക പാടിയിട്ടുണ്ട്. തൃക്കരിപ്പൂർ രാഗാജ്ഞലി എന്ന സ്ഥാപനത്തിലെ തൃക്കരിപ്പൂർ രാജേഷ് ആണ് സംഗീതത്തിലെ ഗുരു. പ്ലസ്ടൂ വിന് ശേഷം സംഗീതത്തിൽ തന്നെ തുടർന്നു പഠിക്കാനാണ് അനാമികയുടെ ആഗ്രഹം. ഇളയ മകൾ വൈഗ നാലാം ക്ലാസിലാണ്. വൈഗ വയലിന്‍ പഠിക്കുന്നുണ്ട്. അച്ഛനും മക്കളും പാട്ടുകാരായ വീട്ടിൽ പാട്ട് പഠിക്കാതെ തന്നെ പാട്ടുകാരിയാണ് അധ്യാപിക കൂടിയായ സീന എന്ന അമ്മ. 'മക്കളെ പാട്ട് പഠിപ്പിക്കാനൊക്കെ മുൻകൈയെടുത്തത് സീനയാണ്. അത്യാവശ്യം പാടുകയും ചെയ്യും. കുടുംബം മൊത്തം പാട്ടുകാരായതിങ്ങനെയെന്ന് രവീന്ദ്രന്റെ വാക്കുകൾ.
പ്രശസ്ത ഗായകൻ ബ്രഹ്മാനന്ദന് മുന്നിൽ അദ്ദേഹത്തിന്റെ പാട്ട് പാടാൻ അവസരം ലഭിച്ചിട്ടുണ്ടെന്നും രവീന്ദ്രൻ ഓർത്തെടുക്കുന്നു.'' ഒരിക്കൽ ഞങ്ങളുടെ ട്രൂപ്പിൽ അദ്ദേഹം പാടാനെത്തിയിരുന്നു. രണ്ട് മൂന്ന് പാട്ട് പാടിക്കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ശബ്ദത്തിനെന്തോ പ്രശ്നം പോലെ. അങ്ങനെ അദ്ദേഹത്തിന്റെ ഒരു പാട്ട് പാടാൻ എനിക്കവസരം ലഭിച്ചു. 'മാനത്തെ കായലിൽ മണപ്പുറത്തിന്നൊരു...' എന്ന് പാട്ടായിരുന്നു അന്ന് പാടിയത്. ഈ അവസരത്തെ വലിയൊരു ഭാഗ്യമായിട്ടാണ് ഇന്ന് ഞാനോർക്കുന്നത്.'' ആദ്യമായി സ്റ്റേജിൽ പാടിയത് ഒരു നാടകഗാനമായിരുന്നു എന്നും ഈ ഗായകൻ കൂട്ടിച്ചേർക്കുന്നു. പഴയ പാട്ടുകളാണ് ഇഷ്ടം. പാടാനും കേൾക്കാനും.
''കുടുംബത്തോടൊപ്പം പാടുന്നത് കൊണ്ടാണ് പാട്ടുകൾക്കിത്രയും സ്വീകാര്യത. നിരവധി പേരാണ് വിളിച്ച് അഭിനന്ദനമറിയിക്കുന്നത്. കഴിഞ്ഞ സംഗീതദിനത്തിൽ എല്ലാവരും ചേർന്ന് പാലപ്പൂവേ നിൻ തിരു മംഗല്യത്താലി തരൂ... എന്ന പാട്ട് പാടിയിരുന്നു. മൂന്ന് ദിവസംകൊണ്ട് നാല് ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. നിരവധി പേജുകൾ ഈ പാട്ടുകൾ ഷെയർ ചെയ്തിരുന്നു. പഴനിയപ്പാ എന്ന ഗാനം മലയാളവും കടന്ന് തമിഴ്നാട്ടിലും വൈറലായിരുന്നു. മൂന്നരലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്.'' ആഴ്ചയിൽ ഒരു പാട്ട് വീതം പാടി ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്യുന്നുണ്ടെന്ന് രവീന്ദ്രൻ പറയുന്നു. പാട്ടിൽ ഒന്നിക്കുന്ന ഈ കുടുംബത്തെ ഇരുകയ്യും കൊണ്ട് ചേർത്തു പിടിക്കുകയാണ് ഒരു കൂട്ടം ആരാധകർ.