വരുന്ന ജനുവരി 15ന് പത്രത്തിന്റെ ബ്യൂറോ ചീഫിനെയും റിപ്പോർട്ടറേയും ചീത്ത വിളിക്കാൻ ഉച്ചക്ക് 12 മണി മുതൽ 2 മണിക്കൂർ അനുവദിക്കണം എന്നാണ് പ്രതീകിന്‍റെ ആവശ്യം.
ലഖ്നൗ: തങ്ങളെപ്പറ്റി ഇല്ലാത്ത കാര്യങ്ങൾ കേട്ടാൽ ആർക്കായാലും നാല് ചീത്ത വിളിക്കാൻ തോന്നും. തെറ്റായ വാർത്ത കൊടുത്തത്തിന് ഒരു മാധ്യമ സ്ഥാപനത്തിനിതിരെ ചീത്ത വിളിക്കാൻ ഒരാൾക്ക് തോന്നിയാലോ ? അങ്ങനെ തന്നെക്കുറിച്ച് ഇല്ലാത്ത വാർത്ത നൽകിയെന്ന് ആരോപിച്ച് ഒരു മാധ്യമസ്ഥാപനത്തെ രണ്ട് മണിക്കൂർ ചീത്ത വിളിക്കാൻ അനുവദിക്കണമെന്ന് അധികാരികളോട് അപേക്ഷിച്ചിരിക്കുകയാണ് ഒരു യുവാവ്. ഉത്തർപ്രദേശ് പ്രതാപ്ഗഢ് നിവാസിയായ പ്രതീക് സിൻഹയാണ് അപൂർവ്വമായ അപേക്ഷയുമായി എത്തിയത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രതീക് വിചിത്രമായ ആവശ്യമുന്നയിച്ച് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് കത്തയച്ചത്. പ്രതീകിന് ഇയാളുടെ നാട്ടിലെ ഒരു ഭൂമി കയ്യേറ്റത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച് ഒരു പത്രത്തിൽ ലേഖനം വന്നിരുന്നു. ഇതിനു പിന്നാലെയാണ് പത്രത്തിന്‍റെ ബ്യൂറോ ചീഫിനെയും ലേഖകനെയും ചീത്ത വിളിക്കാൻ അനുവദിക്കണമെന്ന വിചിത്രമായ ആവശ്യവുമായി ഇയാൾ കോടതിയെ സമീപിച്ചത്. പത്രത്തിൽ അച്ചടിച്ചു വന്ന ലേഖനത്തിൽ തന്നെ 'ഭൂമാഫിയ'യുടെ ആളെന്ന് വിശേഷിപ്പിച്ചതായി പ്രതീക് കോടതിയിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു.
undefined
കഴിഞ്ഞ ജനുവരി 9ന് പ്രതീകിന്റെ ഭൂമിയിൽ ഇയാളുടെ അറിവില്ലാതെ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിരുന്നു. ഇതേ തുടർന്നാണ് പത്രം തന്നെ മാഫിയയെന്ന് വിളിച്ചതെന്ന് ഇയാൾ അധികാരികൾക്കയച്ച കത്തിൽ പറയുന്നു. പത്രത്തിലെ ഈ പരാമർശം അടിസ്ഥാനരഹിതമാണെന്നും തന്നെ അപകീർത്തിപ്പെടുത്തുന്നതാണെന്നും പ്രതീക് ആരോപിച്ചു. ഈ ലേഖനത്തിന്റെ അടിസ്ഥാനത്തിൽ ജനുവരി 15ന് പത്രത്തിന്റെ ബ്യൂറോ ചീഫിനെയും റിപ്പോർട്ടറേയും ചീത്ത വിളിക്കാൻ ഉച്ചക്ക് 12 മണി മുതൽ 2 മണിക്കൂർ അനുവദിക്കണം എന്നാണ് പ്രതീകിന്‍റെ ആവശ്യം.
താൻ പത്രം ഓഫീസ് അക്രമിക്കുകയോ, ജീവനക്കാരെ ഭീഷണിപ്പെടുത്തുകയോ ചെയ്യില്ലെന്നും പ്രതീക് അപേക്ഷയിൽ വ്യക്തമാക്കുന്നു. എത്ര പ്രകോപനമുണ്ടായാലും ഞാനവരെ കാലിൽ കിടക്കുന്ന ഷൂകൊണ്ട് ആക്രമിക്കില്ലെന്ന് ഉറപ്പ് നൽകുന്നുവെന്നും പ്രതീക് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു. അതേസമയം പ്രതീകിന്‍റെ കത്ത് മാധ്യമ ശ്രദ്ധ നേടിയങ്കിലും അധികാരികളുടെ മറുപടി ഇതുവരെ പുറത്തു വന്നിട്ടില്ല.