ജൂലൈ 29നാണ് കച്ചവടം കഴിഞ്ഞ് കുറച്ച് സുഹൃത്തുക്കളോടൊപ്പം തിലക് ഗോവയിൽ പോകുന്നത്. 15 ലക്ഷം രൂപ മുടക്കി ചൂതാട്ടത്തിലൂടെ 10 ലക്ഷം ലാഭം നേടി.
ബെംഗളൂരു: ബെംഗളൂരുവിൽ ചായക്കട നടത്തുന്ന യുവാവിന് 10 ലക്ഷം രൂപ ചൂതാട്ടത്തിൽ ലഭിച്ചെങ്കിലും സുഹൃത്തുക്കൾ തുക തട്ടിയെടുത്തതായി പരാതി. ബെംഗളൂരുവിലെ ത്യാഗരാജ നഗർ സ്വദേശിയായ തിലക് എം മണികാന്തക്കാണ് ഓഗസ്റ്റ് ഒന്നിന് ഗോവയിൽ കാസിനോയിൽ വെച്ച് 10 ലക്ഷം ജാക്പോട്ട് ലഭിച്ചത്. എന്നാൽ ഉറ്റ സുഹൃത്തുക്കൾ തന്നെ ഭീഷണിപ്പെടുത്തി കെട്ടിയിട്ട് 15 ലക്ഷം രൂപ കവർന്നെന്ന് തിലക് പൊലീസിൽ പരാതി നൽകി.
ജൂലൈ 29നാണ് കച്ചവടം കഴിഞ്ഞ് കുറച്ച് സുഹൃത്തുക്കളോടൊപ്പം തിലക് ഗോവയിൽ പോകുന്നത്. 15 ലക്ഷം രൂപ മുടക്കി ചൂതാട്ടത്തിലൂടെ 10 ലക്ഷം ലാഭം നേടി. 11 ലക്ഷം കടം വാങ്ങിയും നാല് ലക്ഷം രൂപ കൈയിലുള്ളതുമായാണ് ഗോവയിലേക്ക് ചൂതാട്ടത്തിന് പോയത്. 10 ലക്ഷം ലാഭമടക്കം 25 ലക്ഷം രൂപ ലഭിച്ചു. പണം ലഭിച്ചത് തിലക് കൂട്ടുകാരോടു പോലും പറഞ്ഞില്ല. ചായക്കട വിപുലീകരിക്കുകയായിരുന്നു മനസ്സിലുള്ള ആഗ്രഹം. പണം അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറഞ്ഞ് തിലക് പെട്ടെന്ന് വീട്ടിലേക്ക് തിരിച്ചു. വീട്ടിലെത്തി ഭാവി പദ്ധതികൾ ഭാര്യയോടും കുട്ടികളോടും ചർച്ച ചെയ്തു. ഓഗസ്റ്റ് അഞ്ചിന് തിലക് സ്വന്തം കടയിൽ ചായകുടിച്ചുകൊണ്ടിരിക്കെ കൂട്ടുകാർ എത്തി.
undefined
തുടർന്ന് ബലമായി കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു. തിലകിനെ ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ ബലമായി പിടിച്ചുവാങ്ങി ബാങ്ക് ബാലൻസ് പരിശോധിക്കുകയും ചെയ്തു. അക്കൗണ്ടിൽ 25 ലക്ഷം കണ്ടതോടെ മറ്റൊരു കൂട്ടുകാരനെയും വിളിച്ചു വരുത്തി. ശേഷം തിലകിനെ തെങ്ങിൽ കെട്ടിയിട്ട് മർദ്ദിച്ചു. പിന്നീട് നെലമംഗലയിലെ മുറിയിലേക്ക് കൊണ്ടുപോയി. തന്റെ അക്കൗണ്ടിലുള്ള പണം അവരുടേതാണെന്ന് പറയുകയും ഭീഷണിപ്പെടുത്തി 15 ലക്ഷം അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു.
പിറ്റേ ദിവസം ബെംഗളൂരുവിൽ ഇറക്കി വിട്ടു. സംഭവം പൊലീസിൽ പരാതിപ്പെട്ടാൽ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തി. പരാതിയുടെ തുടർന്ന് നാല് സുഹൃത്തുക്കളായ കാർത്തിക്, പാണ്ഡു, നിശ്ചൽ, ഈശ്വർ, പേരറിയാത്ത ഒരാൾ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. മുമ്പും ഗോവയിൽ പോയിട്ടുണ്ടെന്നും എന്നാൽ ആദ്യമായാണ് ചൂതാട്ടത്തിൽ പങ്കെടുക്കുന്നതെന്ന് തിലക് പറഞ്ഞു.