'മതപരമായ പ്രാര്‍ത്ഥന' ചൊല്ലി പോര്‍ക്ക് കഴിച്ചു; വീഡിയോ ക്ലിപ്പിന്റെ പേരില്‍ സോഷ്യല്‍ മീഡിയ താരം ജയിലിലായി

By Web Team  |  First Published Sep 20, 2023, 10:01 PM IST

കൗതുകം കൊണ്ടാണ് പോര്‍ക്ക് കഴിച്ചുനോക്കിയതെന്ന് യുവതി പറഞ്ഞിരുന്നെങ്കിലും വീഡിയോക്കെതിരെ നിരവധിപ്പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു.


ജക്കാര്‍ത്ത: പോര്‍ക്ക് കഴിക്കുന്നതിന് മുമ്പ് 'മതപരമായ പ്രാര്‍ത്ഥന' ചൊല്ലുന്ന വീഡിയോ ക്ലിപ്പ് പോസ്റ്റ് ചെയ്ത ഇന്തോനേഷ്യല്‍ സോഷ്യല്‍ മീഡിയ താരത്തിന് രണ്ട് വര്‍ഷം തടവ്. ബിബിസിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 33 വയസുകാരിയായ ലിന ലുത്ഫിയവാതിയാണ് ജയിലിലായത്. ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ ദശലക്ഷക്കണിക്ക് പേരാണ് കണ്ടത്.

പോര്‍ക്ക് സ്കിന്‍ കഴിക്കുന്നതിന് മുമ്പ് 'ദൈവ നാമത്തില്‍' എന്ന് അര്‍ത്ഥം വരുന്ന മുസ്‍ലിം പ്രാര്‍ത്ഥന ഉരുവിടുന്നതാണ് വീഡിയോയിലുള്ളത്. ബാലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഇത് ചിത്രീകരിച്ചത്. കൗതുകം കൊണ്ടാണ് പോര്‍ക്ക് കഴിച്ചുനോക്കിയതെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വീഡിയോക്കെതിരെ നിരവധിപ്പേര്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മുസ്ലിമായിരിക്കെ പോര്‍ക്ക് കഴിക്കുന്നത് വിശ്വാസത്തിന് എതിരാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍, വീഡിയോ മതനിന്ദയാണെന്ന ആരോപണവും ഉയര്‍ന്നു. മതവിശ്വാസികള്‍ക്കിടയിലും പ്രത്യേക വിഭാഗങ്ങള്‍ക്കിടയിലും ശത്രുത ഉണ്ടാക്കിയതിന് കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാണ് ദക്ഷിണ സുമാത്രന്‍ നഗരമായ പലെംബാങിലെ കോടതി ഇവര്‍ക്കെതിരെ ചൊവ്വാഴ്ച വിധി പ്രസ്‍താവിച്ചത്. രണ്ട് വര്‍ഷം തടവിന് പുറമെ ഏതാണ്ട് 16,245 ഡോളര്‍ (13,48,111 രൂപ) പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

Latest Videos

undefined

Read also: ഒരു വര്‍ഷം കൊണ്ട് ശരീരഭാരം കുറച്ചത് 45 കിലോ; സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ വനിതാ ഇന്‍ഫ്ലുവന്‍സര്‍ മരിച്ചു

ചെയ്തത് തെറ്റാണെന്ന് അറിഞ്ഞിരുന്നുവെങ്കിലും ഇത്രയും വലിയ ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വിധി കേട്ടശേഷം അവര്‍ പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചു. ബോളിവുഡ് സിനിമകളോടുള്ള ഇഷ്ടത്തിന്റെ പേരിലും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ട ലിന, തന്റെ പേര് 'ലിന മുഖര്‍ജി' എന്ന് മാറ്റുന്നതായി ഒരിക്കല്‍ അറിയിച്ചിരുന്നു. ഇവര്‍ക്ക് ഇന്ത്യയില്‍ ബിസിനസുകള്‍ ഉണ്ടെന്നും പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതേസമയം ഇന്തോനേഷ്യന്‍ നിയമത്തിലെ മതനിന്ദ സംബന്ധിച്ച വകുപ്പുകള്‍ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!