കാവൽക്കാരനായ നായയും അതിക്രമിച്ച് കയറിവരുന്ന കള്ളനും മുഖാമുഖം വന്നാൽ എന്താകും അവസ്ഥ?, കള്ളനെ തുരത്താൻ ആക്രമിക്കുകയു, ഉറക്കെ കുരച്ച് യജമാനന് അപകട സന്ദേശം നൽകുന്നതും ഒക്കെയാണ് സാധാരണ കാഴ്ചകൾ
കാവൽക്കാരനായ നായയും അതിക്രമിച്ച് കയറിവരുന്ന കള്ളനും മുഖാമുഖം വന്നാൽ എന്താകും അവസ്ഥ?, കള്ളനെ തുരത്താൻ ആക്രമിക്കുകയും, ഉറക്കെ കുരച്ച് യജമാനന് അപകട സന്ദേശം നൽകുന്നതും ഒക്കെയാണ് സാധാരണ കാഴ്ചകൾ. ഏറെ വ്യത്യസ്തമായ ഒരു അനുഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ കറങ്ങുന്നുണ്ട്. വലിയൊരു മോഷണത്തിന് എത്തിയ കള്ളനോട്, കാവൽക്കാരനായ നായ ഇണങ്ങി കളിക്കുന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഒരു ഗാരേജിൽ നിന്ന് ഏകദേശം 1,300 ഡോളർ ( (1,07,555 രൂപ) വിലമതിക്കുന്ന സൈക്കിൾ മോഷ്ടിക്കുന്നതിന് മുൻപാണ് നായയുമായി കള്ളൻ സൌഹൃദം പങ്കിടുന്നത്. ഗോൾഡൻ റിട്രീവർ ഇനത്തിൽ പെടുന്ന നായയെ മോഷ്ടാവ് ലാളിക്കുന്നതും നായയുടെ വയറു തടവി മസാജ് ചെയ്ത് കൊടുക്കുന്നതും ഒക്കെ വിഡിയോയിൽ കാണാം.
undefined
ആദ്യം സൈക്കിളുമായി കടന്നുകളയാൻ ശ്രമിക്കുന്നതിനിടെ ആരടാ.. എന്ന ഭാവത്തിലായിരുന്നു നായയുടെ വരവ്. ഇത് കണ്ട കള്ളൻ നായയുടെ അടുത്തേക്ക് ചെന്നു. ശരീരത്തിലേക്ക് ചാടിക്കയറിയ നായയെ, കള്ളനായ യുവാവ് ലാളിക്കുന്നതാണ് പിന്നെ കാണുന്നത്. വൈകാതെ നായയ്ക്ക് കള്ളന്റെ വക മസാജ്. ഇതോടെ കാവൽക്കാരൻ നായ ഫ്ലാറ്റ്. ഒരു ലക്ഷത്തിന്റെ സൈക്കിളല്ലേ കൊണ്ടുപൊക്കോളൂ എന്ന ഭാവത്തിൽ കള്ളനെ നായ യാത്രയാക്കി.
ജൂലൈ 15ന് രാത്രി 10:40 ന് പസഫിക് ബീച്ചിനടുത്തുള്ള ഗാരേജിൽ അജ്ഞാതനായ ഒരാൾ എത്തുന്നു. ഏകദേശം ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള 2019 ബ്ലാക്ക് ഇലക്‌ട്ര 3-സ്പീഡ് സൈക്കിൾ മോഷ്ടിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. നീലയും വെള്ളയും തൊപ്പിയും ചാരനിറത്തിലുള്ള ഷർട്ടും നീല ഷോർട്ട്‌സും ഓറഞ്ച് അത്‌ലറ്റിക് ഷൂസും ധരിച്ചയാളെന്നാണ് മോഷ്ടാവിനെ കുറച്ചുള്ള വിവരണം. കറുപ്പും നീലയും കലർന്ന ഒരു ബാക്ക്‌പാക്കായിരുന്നു അയാൾ ധരിച്ചിരുന്നത്. സാൻ ഡീഗോ പൊലീസ് ഡിപ്പാർട്ട്‌മെന്റാണ് സിസിടിവി ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കിട്ടിരിക്കുന്നത്. മോഷ്ടാവിനെ കുറിച്ച് സൂചനകൾ ലഭിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വിഡിയോ പങ്കു വച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
എന്തായാലും ഈ ക്ലിപ്പ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കമന്റ്‌സ് സെക്ഷനിൽ ഗോൾഡൻ റിട്രീവർ ഇനത്തിൽപെട്ട നായകൾ അപരിചിതരുമായി സൗഹാർദപരമായി പെരുമാറുമെന്നും അതിനാൽ കാവലിന് നല്ലതല്ലെന്നും പലരും കമന്റു ചെയ്യുന്നു. എന്തായാലും നായ സ്നേഹിയായ കള്ളനെ ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.