ലേഡീസ് കോച്ചിൽ യുവതിക്കൊപ്പം പൊലീസുകാരന്റെ വൈറൽ ഡാൻസ്, വിവാ​ദത്തിന് പിന്നാലെ നടപടി -വീഡിയോ

By Web Team  |  First Published Dec 13, 2023, 5:17 PM IST

വീഡിയോ വൈറലായതിന് പിന്നാലെ ഹോം ഗാർഡിനെതിരെ ഉടൻ നടപടിയെടുക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർപിഎഫിന് നിർദേശം നൽകി.


മുംബൈ: സബർബൻ ട്രെയിനിലെ ലേഡീസ് കോച്ചിൽ യുവതിയോടൊപ്പം നൃത്തം ചെയ്ത പൊലീസുകാരന്റെ നടപടി വിവാദത്തിൽ. വീഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് നടപടിയുമായി അധികൃതർ രം​ഗത്തെത്തിയത്. മുംബൈ സെൻട്രൽ റെയിൽവേ ലോക്കൽ ട്രെയിനിലെ രണ്ടാം ക്ലാസ് ലേഡീസ് കോച്ചിനുള്ളിലാണ് എസ് എഫ് ​ഗുപ്ത എന്ന പൊലീസുദ്യോ​ഗസ്ഥൻ നൃത്തം ചെയ്തത്. ഡിസംബർ ആറിന് രാത്രി 10.00 മണിയോടെയാണ് സംഭവം. രാത്രി യാത്രാ സമയത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട ഹോം ഗാർഡായിരുന്നു ​ഗുപ്ത. ഡാൻസ് റീൽ ചിത്രീകരിക്കുന്ന സ്ത്രീക്ക് നിർദ്ദേശങ്ങൾ നൽകിയതിന് പിന്നാലെ യുവതിക്കൊപ്പം ഇയാളും നൃത്തം ചെയ്യുന്നതായി വീഡിയോയിൽ കാണുന്നു.  

വീഡിയോ വൈറലായതിന് പിന്നാലെ ഹോം ഗാർഡിനെതിരെ ഉടൻ നടപടിയെടുക്കാൻ ഡിവിഷണൽ റെയിൽവേ മാനേജർ ആർപിഎഫിന് നിർദേശം നൽകി. ഡിസംബർ എട്ടിന് പൊലീസുകാരനെതിരെ റിപ്പോർട്ട് സമർപ്പിച്ചു. യൂണിഫോമിലും ഡ്യൂട്ടിയിലും ആയിരിക്കുമ്പോൾ ഫോട്ടോ എടുക്കുകയോ വീഡിയോകൾക്ക് പോസ് ചെയ്യുകയോ സെൽഫിയെടുക്കുകയോ ചെയ്യരുതെന്ന് എല്ലാ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി. ഡിസംബർ ആറിന് ലോക്കൽ ട്രെയിൻ പട്രോളിംഗിനിടെ യൂണിഫോമിൽ നൃത്തം ചെയ്യുന്ന ഹോം ഗാർഡിന്റെ വീഡിയോ വൈറലായി.

Latest Videos

പ്രസ്തുത സംഭവം ഗൗരവമായി കാണുകയും സത്യാവസ്ഥ പരിശോധിച്ച് ബന്ധപ്പെട്ട ഹോം ഗാർഡിനെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കുമെന്നും റെയിൽവേ പൊലീസ് അറിയിച്ചു.

click me!