ബസിന് മുന്നില്‍ പെട്ടന്ന് വെട്ടിത്തിരിച്ചു, സഡന്‍ ബ്രേക്കിട്ട് ഡ്രൈവര്‍; സ്കൂട്ടര്‍ യാത്രികന് 11,000 രൂപ പിഴ

By Web Team  |  First Published Jun 30, 2022, 6:42 PM IST

ബസിന് മുന്നിലൂടെ പോവുകയായിരുന്ന സ്കൂട്ടര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ, സിഗ്നല്‍ കാണിക്കാതെ വലതുവശത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. ബസ് ഡ്രൈവര്‍ ബ്രേക്കില്‍ കയറി നിന്നാണ് സ്കൂട്ടറിനെ ഇടിക്കാതെ വാഹനം നിര്‍ത്തിയത്.  


പാലക്കാട്: സ്വകാര്യ ബസിനു മുന്നില്‍ വാഹനം പെട്ടെന്നു വെട്ടിത്തിരിച്ച സ്കൂട്ടര്‍ യാത്രക്കാരന് പതിനൊന്നായിരം രൂപ പിഴയിട്ട് മോട്ടോര്‍ വാഹന വകുപ്പ്. വാഹനമോടിച്ചയാള്‍ക്കെിരെ ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനും ഹെല്‍മറ്റ് വയ്ക്കാത്തതിനും കേസെടുത്തിട്ടുണ്ട്. ഹെല്‍മെറ്റും ലൈസന്‍സുമില്ലാതെ സ്കൂട്ടര്‍  ഓടിച്ച പാലക്കാട് വാളറ സ്വദേശിക്കും ഉടമയായ മകള്‍ക്കുമെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് വാളറ സ്വദേശി അശ്രദ്ധമായി വാഹനമോടിച്ച് തലനാരിഴയക്ക് വന്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്.  ഇടതുവശത്ത് കൂടി  പോവുകയായിരുന്ന സ്കൂട്ടര്‍ യാതൊരു മുന്നറിയിപ്പും നല്‍കാതെ, സിഗ്നല്‍ കാണിക്കാതെ  ബസിന് മുന്നിലൂടെ വലതുവശത്തേക്ക് ഓടിച്ച് പോവുകയായിരുന്നു. ബസ് ഡ്രൈവര്‍ ബ്രേക്കില്‍ കയറി നിന്നാണ് സ്കൂട്ടറിനെ ഇടിക്കാതെ വാഹനം നിര്‍ത്തിയത്. ഡ്രൈവറുടെ സമചിത്തതയോടെയുള്ള ഇടപെടല്‍ വലിയ വാര്‍ത്തായിരുന്നു.

Latest Videos

undefined

വാളറ സ്വദേശിനി അനിതയുടെ പേരിലുള്ള സ്കൂട്ടറാണിത്. അനിതയുടെ അച്ഛനാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം കൈമാറിയതിന് അനിതയ്ക്കെതിരെ കേസെടുക്കുകയും 5000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ചെന്താമരയ്ക്ക് 5000 രൂപയും ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടറിൽ സഞ്ചരിച്ചതിന് 500 രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ആകെ 11000 രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.  

Read More : സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വാഹനാപകടങ്ങൾ: ഇരുപതോളം പേര്‍ക്ക് പരിക്ക്, മൂന്ന് മരണം

സ്വകാര്യ ബസിനുള്ളിലെ ഡാഷ് ക്യാമറയിലാണ് സ്കൂട്ടര്‍ യാത്രികന്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇതിന്‍റെ വീഡിയോ വൈറലായിരുന്നു. പിന്നാലെയാണ് എംവിഡി കേസെടുത്തത്.  പാലക്കാട് ജില്ലാ മോട്ടോര്‍വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് അപകടമുണ്ടാക്കും വിധം അശ്രദ്ധമായി സ്‌കൂട്ടറോടിച്ചയാള്‍ക്കെതിരെ പിഴചുമത്തിയതും കേസെടുത്തതും.

tags
click me!