നായകളെ ഉപയോഗിച്ചുള്ള 'പപ്പി യോഗ'യ്ക്ക് വിലക്കുമായി ഇറ്റലി

By Web Team  |  First Published May 3, 2024, 9:18 AM IST

മനുഷ്യരുടെ മാനസിക ആയാസം ഒഴിവാക്കാൻ മൃഗങ്ങൾക്ക് പീഡനം നൽകുന്നതാണ് ഇത്തരം രീതിയെന്നാണ് മൃഗാവകാശ പ്രവർത്തകർ നിരീക്ഷിക്കുന്നത്


റോം: നായ്ക്കുഞ്ഞുങ്ങളെ ഉപയോഗിച്ചുള്ള യോഗ രീതിക്ക് വിലക്കുമായി ഇറ്റലി. ഇറ്റലിയുടെ ആരോഗ്യ മന്ത്രാലയമാണ് മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് പപ്പി യോഗ നിരോധിച്ചത്. ഇത്തരം ക്ലാസ് നടക്കുന്ന മിക്കയിടത്തും നായ്ക്കുഞ്ഞുങ്ങളെ ഉപയോഗിക്കുന്നതായി കണ്ടെത്തിയതിന് പിന്നാലെയാണ് തീരുമാനം. ഇത് പങ്കെടുക്കുന്നവരുടെ ആരോഗ്യത്തേയും നായകളുടേയും ആരോഗ്യത്തേയും ഒരു പോലെ ബാധിക്കുമെന്നാണ് ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കുന്നത്. ഇത് സംബന്ധിയായ സർക്കുലർ ഏപ്രിൽ 29നാണ് പുറത്തിറങ്ങിയത്. 

നായകളെ വളർത്തുന്നവരിൽ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി ക്ലാസുകൾക്ക് ഉപയോഗിക്കുന്നതിനേക്കുറിച്ച് മന്ത്രാലയത്തിന് അറിവുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. എന്നാൽ നായകളെ ഉപയോഗിച്ചുള്ള തെറാപ്പി ക്ഷേമത്തിന് സഹായിക്കുമെന്നതിനാൽ ഇതിനായി പൂർണ വളർച്ചയെത്തിയ നായകളെ ഉപയോഗിക്കണമെന്ന നിയമം നടപ്പിലാക്കണമെന്നും സർക്കുലർ ആവശ്യപ്പെടുന്നുണ്ട്. 

Latest Videos

undefined

യോഗാ പരിശീലനത്തിനിടെ നായകൾ സ്വതന്ത്ര്യമായി യോഗ പരിശീലിക്കുന്നവർക്കിടയിലൂടെ വിഹരിക്കുന്ന രീതിയിലുള്ള യോഗയെ ആണ് പപ്പി യോഗ എന്ന് വിളിക്കുന്നത്. ചില യോഗാ പൊസിഷനുകളിൽ നായകളും യോഗ പരിശീലിക്കുന്നതടക്കമുള്ള വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത്തരം യോഗ നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ ആവശ്യമായ പരിശോധനകൾ നടത്താനും മന്ത്രാലയം നിർദ്ദേശം നൽകി. 

മനുഷ്യരുടെ മാനസിക ആയാസം ഒഴിവാക്കാൻ മൃഗങ്ങൾക്ക് പീഡനം നൽകുന്നതാണ് ഇത്തരം രീതിയെന്നാണ് മൃഗാവകാശ പ്രവർത്തകർ നിരീക്ഷിക്കുന്നത്. തീരുമാനത്തിന് ഇറ്റലിയിലെ മൃഗാവകാശ പ്രവർത്തകരുടെ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. യോഗാ ക്ലാസുകളിലേക്ക് നായകളെ എത്തിക്കുന്നതും തിരികെ കൊണ്ടുപോകുന്നതും സുരക്ഷിതമായ രീതിയിലായിരുന്നില്ലെന്നും മൃഗാവകാശ പ്രവർത്തകർ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!