മൂന്ന് മിനിറ്റിൽ 15,000 അടി താഴ്ചയിലേക്ക്, എല്ലാം അവസാനിച്ച പോലെ; നടുക്കുന്ന അനുഭവം പങ്കുവെച്ച് യാത്രക്കാർ

By Web Team  |  First Published Aug 14, 2023, 7:59 AM IST

വിമാന യാത്രയ്ക്കിടെ അതിവേഗം താഴേക്ക് പതിക്കുന്നതു പോലുള്ള നടുക്കുന്ന അനുഭവം പങ്കുവെയ്കുകകയാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാര്‍. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാത്ത ഏതാനും മിനിറ്റുകള്‍


ഫ്ലോറിഡ: സുഗമമായ യാത്രയ്ക്കിടെ പെട്ടെന്ന് വിമാനം താഴേക്ക് പോയ നടുക്കുന്ന അനുഭവം പങ്കുവെയ്ക്കുകയാണ് യാത്രക്കാര്‍. മൂന്ന് മിനിറ്റു കൊണ്ട് വിമാനം അതാണ്ട് 15,000 അടി താഴ്ചയിലേക്കാണ് എത്തിയതെന്ന് യാത്രക്കാരെ ഉദ്ധരിച്ച് അമേരിക്കന്‍ മാധ്യമമായ ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ഏതാനും ദിവസം മുമ്പ് ഫ്ലോറിഡയില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്ക് പറന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 5916ലെ യാത്രക്കാരാണ് ഏതാനും മിനിറ്റുകള്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവാതെ പരിഭ്രാന്തരായത്.

വിമാനത്തിലെ മര്‍ദ വ്യതിയാനം കൊണ്ടുണ്ടായ പ്രശ്നങ്ങളാണ് സംഭവിച്ചതെന്ന് പിന്നീട് വിമാനക്കമ്പനി അധികൃതര്‍ വെളിപ്പെടുത്തി. അതിഭീകരമായിരുന്നു വിമാനത്തിലെ അവസ്ഥയെന്ന് യാത്രക്കാരനും ഫ്ലോറിഡ സര്‍വകലാശലയിലെ പ്രൊഫസറുമായ ഹാരിസണ്‍ ഹോവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വിമാനത്തില്‍ എന്തോ കത്തിക്കരിയുന്ന ദുര്‍ഗന്ധം നിറ‍ഞ്ഞതായും യാത്രക്കാരുടെ ചെവികള്‍ അടഞ്ഞുപോയതായും അദ്ദേഹം പറയുന്നു. പുറത്തുവന്ന ചിത്രങ്ങളില്‍ വിമാനത്തിലെ ഓക്സിജന്‍ മാസ്കുകകള്‍ പുറത്തേക്ക് വന്നതും യാത്രക്കാര്‍ അത് ഉപയോഗിച്ച് ശ്വാസമെടുക്കുന്നതും കാണാം. പേടിപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നെങ്കിലും ധീരരായ ജീവനക്കാരും പൈലറ്റുമാരും മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവര്‍ത്തിച്ചുവെന്നും പ്രശ്നങ്ങള്‍ അവസാനിച്ച് സുരക്ഷിതമായി വിമാനം നിലത്തിറങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറച്ച് നേരത്തേക്ക് എല്ലാം അവസാനിച്ച പോലെ തോന്നിയെന്ന് ചില യാത്രക്കാര്‍ കുറിച്ചു.

Latest Videos

undefined

വിമാനം പുറപ്പെട്ട് 43 മിനിറ്റുകള്‍ക്ക് ശേഷമാണ് ഉയരം കുറച്ചത്. ഏതാണ്ട് 11 മിനിറ്റുകൊണ്ട് 20,000 അടി താഴേക്ക് എത്തിച്ചു. ഇതില്‍ തന്നെ 18,600 അടി താഴേക്ക് എത്തിയത് ആറ് മിനിറ്റില്‍ താഴെ മാത്രം സമയം എടുത്താണ്. 'വിമാനത്തിലെ ചില സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മര്‍ദ വ്യതിയാനം ഉണ്ടായെന്നും ഓക്സിജന്‍ സംവിധാനം പ്രവര്‍ത്തിച്ചതു കൊണ്ടാകാം എന്തോ കത്തിക്കരിഞ്ഞതു   പോലുള്ള ദുര്‍ഗന്ധമുണ്ടായതെന്നും മറ്റൊരു ട്വീറ്റില്‍ പറയുന്നു. മര്‍ദ വ്യതിയാനം സംഭവിച്ചതോടെ കൂടുതല്‍ ഓക്സിജന്‍ ലഭ്യമാവുന്നതിന് വേണ്ടി  വിമാനം വളരെ വേഗം താഴ്ന്ന ഉയരത്തിലേക്ക് എത്തിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

'വിമാനത്തില്‍ മര്‍ദവ്യതിയാന സാധ്യത കണ്ടെത്തിയതോടെ താഴ്ന്ന ഉയരത്തിലേക്ക് സുരക്ഷിതമായി വിമാനം എത്തിച്ചുവെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് പുറത്തിറക്കിയ ഔദ്യോഗിക അറിയിപ്പില്‍ പറയുന്നത്. യാത്രയ്ക്കിടെ വിമാനത്തില്‍ മുന്നറിയിപ്പ് ലഭിച്ചതോടെയാണ് ജീവനക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തതെന്നും യാത്രക്കാര്‍ക്ക് നേരിട്ട് ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും അറിയിച്ച കമ്പനി, ജീവനക്കാരുടെ പ്രൊഫഷണലിസത്തെ അഭിനന്ദിക്കുകയും ചെയ്തു. 

Read also: വമ്പൻ ഹിറ്റായി തിരുവോണം ബമ്പര്‍, വിൽപ്പനയിൽ വൻ കുതിപ്പ്, ഭാഗ്യാന്വേഷികളിലേറെയും ഈ ജില്ലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

tags
click me!