ബസ് മാറിക്കയറിയ മകളെ തിരികെ ഏല്‍പ്പിച്ച് കണ്ടക്ടര്‍; നന്ദി പറഞ്ഞ് പിതാവിന്‍റെ കുറിപ്പ്

By Web Team  |  First Published Jun 13, 2019, 10:44 AM IST

നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു...'-സന്തോഷ് കുര്യന്‍ കുറിച്ചു.


കോഴഞ്ചേരി: ബസ്‌ മാറിക്കയറിയ ഏഴാം ക്ലാസുകാരിയെ പിതാവിന്റെ കയ്യില്‍ സുരക്ഷിതമായി ഏല്‍പ്പിച്ച്‌ മാതൃകയായ കണ്ടക്ടറെക്കുറിച്ചുള്ള കുറിപ്പാണ്‌ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളുടെ മനസ്സ്‌ തൊടുന്നത്‌. നഷ്ടപ്പെട്ടെന്ന്‌ കരുതിയ മകളെ തിരികെ ഏല്‍പ്പിച്ച കണ്ടക്ടറിന്‌ നന്ദി അറിയിച്ച്‌ കുട്ടിയുടെ പിതാവ്‌ ഫേസ്‌ബുക്കില്‍ കുറിപ്പ്‌ എഴുതിയതോടെയാണ് സംഭവം പുറത്തറിയുന്നത്. നല്ല വാര്‍ത്തകള്‍ക്ക്‌ എന്നും നിറകൈയ്യടി നല്‍കിയിട്ടുള്ള സോഷ്യല്‍ മീഡിയ ഉപയോക്താക്കളുടെ പ്രശംസ ഏറ്റുവാങ്ങുകയാണ്‌ ഈ മാത്യകാ കണ്ടക്ടര്‍.

ഇന്നെനിക്ക്‌ മറക്കാനാകാത്ത ദിനം...എന്ന്‌ തുടങ്ങുന്ന ഹൃദയസ്‌പര്‍ശിയായ കുറിപ്പ്‌ കുട്ടിയുടെ അച്ഛനായ സന്തോഷ്‌ കുര്യനാണ്‌  പങ്കുവെച്ചത്‌. 'പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു...'-സന്തോഷ് കുര്യന്‍ കുറിച്ചു.

ഫേസ്‌ബുക്ക്‌ കുറിപ്പിന്റെ പൂര്‍ണരൂപം...

ഇന്നെനിക്ക് മറക്കാത്ത ദിനം...
പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...

Latest Videos

undefined

കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, 7th ൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്....
സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്... എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല... പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്... പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു...
പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്...
എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി...

click me!