പ്രായം 30, അമ്മയ്ക്ക് മുന്നേ മരിക്കണം, വെടിയുതിര്‍ത്ത് ജീവനൊടുക്കി യുവാവ്

ഹിന്ദിയില്‍ എഴുതിയിരിക്കുന്ന ദീര്‍ഘമായ കുറിപ്പില്‍ യുവാവിന്‍റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് സൂചന. 2016ല്‍ സ്വയം രക്ഷയ്ക്കായി വാങ്ങിയ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ.


ഇന്‍ഡോര്‍: പ്രായം മുപ്പത് പിന്നിട്ടുവെന്ന കുറിപ്പ് അവശേഷിപ്പിച്ച് ജീവനൊടുക്കി ചെയ്ത് യുവാവ്. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം. ഏഴു വര്‍ഷം മുന്‍പ് എഴുതിയ ഏഴ് പേജുള്ള കുറിപ്പിലാണ് ജീവനൊടുക്കാനുള്ള വിചിത്ര കാരണം വിശദമായത്. ഇന്‍ഡോറിലെ ഹോട്ടലുടമയായ ആദിത്യ ശര്‍മയാണ് വെടിയുതിര്‍ത്ത് മരിച്ചത്. വ്യാഴാഴ്ച ഇന്‍ഡോറിലെ ഹിരാ നഗറിലെ വീട്ടില്‍ വച്ചായിരുന്നു ആത്മഹത്യ.

അവിവാഹിതനാണ് ആദിത്യ. ഹിന്ദിയില്‍ എഴുതിയിരിക്കുന്ന ദീര്‍ഘമായ കുറിപ്പില്‍ യുവാവിന്‍റെ മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നാണ് സൂചന. 2016ല്‍ സ്വയം രക്ഷയ്ക്കായി വാങ്ങിയ പിസ്റ്റള്‍ ഉപയോഗിച്ചായിരുന്നു ആത്മഹത്യ. കുറിപ്പിലെ പരാമര്‍ശങ്ങള്‍ വിലയിരുത്തിയ പൊലീസ് വിശദമാക്കുന്നത് യുവാവിന് മാനസിക വെല്ലുവിളി നേരിട്ടിരുന്നുവെന്നാണ്. മുപ്പതിനപ്പുറം ജീവിക്കേണ്ടെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുവെന്നാണ് കുറിപ്പ് വിശദമാക്കുന്നത്. രക്തത്തില്‍ കുതിര്‍ന്ന നിലയിലായിരുന്നു ഏഴ് പേജുള്ള കുറിപ്പ് ഉണ്ടായിരുന്നത്. കുറിപ്പിലെ തിയതിയുടെ അടിസ്ഥാനത്തില്‍ ഏഴ് വര്‍ഷത്തിന് മുന്‍പ് തന്നെ യുവാവ് ജീവനൊടുക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നതായാണ് സൂചന.

Latest Videos

ഇന്‍ഡോറില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവിന്‍റെ ഭക്ഷണ ശാലയില്‍ നിന്ന് നല്ല വരുമാനവും ലഭിക്കുന്നുണ്ടെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള ഘടകങ്ങള്‍ യുവാവിനെ അലട്ടിയിരുന്നില്ലെന്നാണ് വിവരം. എന്നാല്‍ അമ്മ മരിച്ചു പോകുന്നതിന് മുന്‍പായി മരിക്കണമെന്ന ആഗ്രഹമാണ് യുവാവിനെ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് കുറിപ്പ് നല്‍കുന്ന സൂചന. അമ്മ മരിച്ച് പോയാല്‍ തനിച്ചാവുമെന്ന ചിന്ത യുവാവിനെ അലട്ടിയിരുന്നതായും കുറിപ്പ് വിശദമാക്കുന്നുണ്ട്.

(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!