മദ്യലഹരിയിലായിരുന്ന ലോകേഷും ഒരു കച്ചവടക്കാരനും തമ്മില്‍ വാക്ക് തർക്കമുണ്ടായി. ഹേമന്ത് നോക്കിനിൽക്കെ ലോകേഷ് കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുകയായിരുന്നു
കാൺപുർ: വഴിയോര കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുന്ന വീഡിയോ വൈറലായതോടെ രണ്ട് പൊലീസുകാര്‍ക്ക് സസ്പെൻഷൻ. കാൺപുരിലാണ് സംഭവം. പൊലീസുകാര്‍ വണ്ടിയില്‍ മൂത്രമൊഴിക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയായിരുന്നു. ബുധനാഴ്ച കാൺപൂരിലെ സിവിൽ ലൈൻസ് ഏരിയയിൽ ഹേമന്ത് കുമാർ, ലോകേഷ് രാജ്പുത് എന്നങ്ങനെ രണ്ട് കോൺസ്റ്റബിൾമാർ സിവിൽ യൂണിഫോമിൽ ലഘുഭക്ഷണം കഴിക്കാൻ പോയതായിരുന്നു.
മദ്യലഹരിയിലായിരുന്ന ലോകേഷും ഒരു കച്ചവടക്കാരനും തമ്മില്‍ വാക്ക് തർക്കമുണ്ടായി. ഹേമന്ത് നോക്കിനിൽക്കെ ലോകേഷ് കച്ചവടക്കാരന്‍റെ വണ്ടിയിൽ മൂത്രമൊഴിക്കുകയായിരുന്നു. മൂത്രമൊഴിക്കുന്നത് തടയാൻ ശ്രമിച്ചപ്പോൾ നാട്ടുകാരുമായും ലോകേഷ് വാക്കേറ്റത്തിലേർപ്പെട്ടു. പിന്നീട് ജനങ്ങളോട് മാപ്പ് പറഞ്ഞ് ഇരുവരും ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും കോൺസ്റ്റബിൾമാർക്കെതിരെ നടപടിയെടുത്തില്ല.
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തത്. നിലവിൽ ഡയൽ 112 ഡിപ്പാർട്ട്‌മെന്റിലെ രണ്ട് കോൺസ്റ്റബിൾമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്ന് കാൺപുർ പൊലീസിലെ അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഡിസിപി) ലഖൻ യാദവ് പറഞ്ഞു. ഇവർക്കെതിരെ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്യ റിപ്പോർട്ടിലെ കണ്ടെത്തലുകൾക്ക് അനുസൃതമായി തുടർനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.